ഒരേ റാങ്ക് ഒരേ പെന്‍ഷന്‍: മോദി മാപ്പു പറയണമെന്ന് രാഹുല്‍; ബാങ്കിന്‍െറ പിഴവെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയിലെ പിഴവുതീര്‍ക്കാത്ത സര്‍ക്കാര്‍ മനോഭാവത്തില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന്‍ ജീവനൊടുക്കിയ സംഭവത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വാക്കേറ്റം. പദ്ധതി യഥാര്‍ഥത്തില്‍ നടപ്പാക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ സൈനികരോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

പദ്ധതി നടപ്പാക്കിയെങ്കില്‍ വിമുക്ത ഭടന്മാര്‍ സമരം തുടരുകയില്ല. ചില ആനുകൂല്യങ്ങള്‍ അനുവദിക്കുക മാത്രമാണ് ഉണ്ടായത്. കൂടുതല്‍ തുക കിട്ടുന്നതിന്‍െറയല്ല, വിമുക്തഭടന്മാരോടുള്ള ആദരവിന്‍െറ പ്രശ്നമാണിത്.

എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുകൂട്ടിയ വിമുക്ത ഭടന്മാരുടെ പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. ജന്തര്‍മന്ദറിലെ സമരപ്പന്തലിലേക്ക് പോകാന്‍ പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു യോഗം. മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണി അടക്കം മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

വിമുക്ത ഭടന്മാരുടെ സമരത്തെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച തെരുവില്‍ ഇറങ്ങി. സംഘടന ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയവരെ പൊലീസ് തടഞ്ഞു. അഖിലേന്ത്യ പ്രസിഡന്‍റ് അമരീന്ദര്‍സിങ് രാജാ ബ്രാര്‍ അടക്കമുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വിട്ടയച്ചു.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ വിമുക്തഭടന്മാരുടെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. അതിന്‍െറ വിതരണകാര്യത്തില്‍ ബാങ്കു തലത്തിലാണ് പ്രശ്നം. അത് പഠിച്ച് പരിഹരിക്കാന്‍ ജസ്റ്റിസ് റെഡ്ഡി കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ഇത്രയും വലിയ സംഖ്യ വിതരണം ചെയ്യുമ്പോള്‍ കണക്കുകൂട്ടുന്നതില്‍ തെറ്റുപറ്റുന്നത് സ്വാഭാവികമാണ്. പക്ഷേ, വിഷയം മുതലാക്കാന്‍ ദേശീയ നേതാക്കള്‍തന്നെ ഇറങ്ങിയിരിക്കുകയാണ്. പദ്ധതി നിര്‍ദേശത്തിനുമേല്‍ 10 വര്‍ഷം അടയിരുന്നവരാണ് ഇപ്പോള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത്. അവര്‍ക്ക് വിമുക്ത ഭടന്മാരോട് സഹാനുഭൂതിയൊന്നുമില്ളെന്ന് അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.