ന്യൂഡൽഹി: രാജ്യത്തെ ആറ് ദേശീയ പാർട്ടികളുടെ വരുമാനത്തിൽ ഭരണകക്ഷിയായ ബി.ജെ.പി ബഹുദൂരം മുന്നിൽ. 2023-2024 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് ലഭിച്ചത് 4,340. 47 കോടി രൂപയാണ്. ഇക്കാലയളവിൽ ആറു ദേശീയ പാർട്ടികൾക്ക് ലഭിച്ച വരുമാനത്തിന്റെ 74.57 ശതമാനവും ബി.ജെ.പിക്ക് മാത്രം കിട്ടിയെന്ന് തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) വെളിപ്പെടുത്തി. എ.ഡി.ആർ നൽകിയ വിവരാവകാശ അപേക്ഷയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) ആണ് മറുപടി നൽകിയത്.
ചെലവഴിക്കാൻ മടി
ബി.ജെ.പിക്ക് ലഭിച്ച 4,340.473 കോടിയിൽ 2,211.69 കോടി മാത്രമേ (50.96 ശതമാനം) ചെലവഴിച്ചുള്ളൂ. ഇക്കാലയളവിൽ കോൺഗ്രസിന്റെ വരുമാനം 1,225.12 കോടിയാണ്. 1,025.25 കോടി (83.69 ശതമാനം) ചെലവഴിച്ചു.
പണം കൊയ്ത ഇലക്ടറൽ ബോണ്ട്
ഇലക്ടറൽ ബോണ്ടുകളിലൂടെയുള്ള സംഭാവനയായിരുന്നു ദേശീയ പാർട്ടികളുടെ പ്രധാന വരുമാന മാർഗം. ഇതുവഴി ഏറ്റവും കൂടുതൽ ലഭിച്ചതും ബി.ജെ.പിക്കാണ്. 1,685.63 കോടി. കോൺഗ്രസിന് 828.36 കോടിയും ആം ആദ്മി പാർട്ടിക്ക് 10.15 കോടിയും കിട്ടി. ഈ മൂന്നു പാർട്ടികളുടെയും ആകെ വരുമാനത്തിന്റെ 2,524.1361 കോടിയും (43.36 ശതമാനം) ഇലക്ടറൽ ബോണ്ടുകളിലൂടെയാണ്. എന്നാൽ, കഴിഞ്ഞ വർഷം ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയ രണ്ടേ രണ്ട് ദേശീയ പാർട്ടികൾ കോൺഗ്രസും സി.പി.എമ്മുമാണ്.
കൂപ്പൺ സംഭാവന വെളിപ്പെടുത്തിയത് കോൺഗ്രസും സി.പി.എമ്മും
കോൺഗ്രസിന്റെ വരുമാനത്തിൽ 619.67 കോടിയും തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കാണ് ചെലവഴിച്ചത്. സി.പി.എം 56.29 കോടി ചെലവഴിച്ചു. ആറു ദേശീയ പാർട്ടികൾക്ക് സംഭാവനയായി 2,669.87 കോടി ലഭിച്ചു. കൂപ്പണുകളിലൂടെ കോൺഗ്രസിന് 58.56 കോടിയും സി.പി.എമ്മിന് 11.32 കോടിയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.