ട്രെയിനിൽ വനിതാ യാത്രക്കാരിയെ മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ; തലക്ക് ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ

ലഖ്നോ: ഉത്തർപ്രദേശിലെ നജിബാബാദിൽ ജനനായക് എക്സ്പ്രസ് ട്രെയിനിനുള്ളിൽ വനിതാ യാത്രക്കാരിക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ മർദ്ദനം. തലയിൽ നിന്ന് രക്തം വരുന്ന നിലയിലുള്ള യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

ഛഠ് പൂജ ആഘോഷങ്ങൾക്ക് ശേഷം ബീഹാറിൽ നിന്ന് ലുധിയാനയിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതിയും മകളും. സംഭവത്തെക്കുറിച്ച് യുവതിയുടെ മകൾ നൽകുന്ന വിവരമനുസരിച്ച് യാത്രക്കിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ട്രെയിനിൽ കയറുകയും അവർക്കൊപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് സീറ്റ് ഒപ്പിച്ചുകൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. സീറ്റുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തതോടെ സീറ്റിലിരുന്ന അമ്മയെയും തന്നെയും പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ ആക്രമിക്കുകയായിരുന്നുവെന്നാണ് മകൾ ആരോപിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഗവൺമെന്റ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കെതിരെ ബലപ്രയോഗം നടത്തുന്നതായി കാണാം. തലക്ക് പരിക്കേറ്റ് രക്തം ഒലിക്കുന്ന നിലയിലുള്ള സ്ത്രീയുടെ ദൃശ്യങ്ങൾ കണ്ടവരിൽ വലിയ വേദനയും രോഷവുമാണ് ഉണ്ടാക്കിയത്. എങ്കിലും ഈ വാക്കേറ്റത്തിനും സംഘർഷത്തിനും പിന്നിലെ കൃത്യമായ സംഭവക്രമങ്ങൾ എന്തൊക്കെയാണെന്നത് ഇപ്പോഴും പൂർണമായി വ്യക്തമായിട്ടില്ല.

ഈ സംഭവത്തെ മുൻനിർത്തി ആം ആദ്മി പാർട്ടി കേന്ദ്ര സർക്കാരിനും റെയിൽവേ മന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ആം ആദ്മി പാർട്ടി ദൃശ്യങ്ങൾ എക്സിൽ പങ്കുവെക്കുകയും സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ലക്ഷ്യം വെച്ചുകൊണ്ട് പ്രചാരണങ്ങൾക്കും പബ്ലിസിറ്റിക്കും നൽകുന്ന പ്രാധാന്യം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കാണിക്കുന്നില്ലെന്നും പാർട്ടി കുറ്റപ്പെടുത്തി.

റിപ്പോർട്ടുകളിൽ ലളിത് സാഗർ, അജയ് കുമാർ എന്ന് തിരിച്ചറിഞ്ഞിട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെ നിഷ്പക്ഷമായ അന്വേഷണവും കർശന നടപടിയും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ടിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കമാണോ സംഭവത്തിന് പിന്നിലെന്നും ചില സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്വതന്ത്രമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും, സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും വ്യക്തമാകുന്നു.

Tags:    
News Summary - Police officer assaults female passenger on train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.