വൈദ്യുതി ബില്ല് പൂജ്യം, സൗജന്യ ബയോഗ്യാസും; സ്വയംപര്യാപ്തതയുടെ മാതൃകയായി കോലാപ്പൂരിലെ പിങ്ക് ഗ്രാമം

നഗരങ്ങൾ വർദ്ധിച്ചുവരുന്ന ഊർജ്ജച്ചെലവുകളോടും മാലിന്യപ്രശ്നങ്ങളോടും പൊരുതുമ്പോൾ, മഹാരാഷ്ട്രയിലെ കൊങ്കൺ-ഡക്കാൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം സ്വയംപര്യാപ്തതയുടെ പുതിയ ചരിത്രം കുറിക്കുകയാണ്. കോലാപ്പൂർ ജില്ലയിലെ കർവീർ താലൂക്കിലുള്ള ഷെൽക്കേവാഡി എന്ന ഗ്രാമത്തിലാണ് പൂജ്യം വൈദ്യുതി ബില്ലും, സൗജന്യ ബയോഗ്യാസ് പാചകവാതകവും, വീടുകളിൽ സ്ത്രീകൾക്ക് ഉടമസ്ഥാവകാശവുമുള്ളത്. ഏകദേശം 80 മുതൽ 100-ഓളം കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഈ ഗ്രാമം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഗ്രാമത്തിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകളിലൂടെയാണ് വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നത്. പരമ്പരാഗത വൈദ്യുതിയെ ആശ്രയിക്കുന്നത് കുറച്ചതിലൂടെ ഗ്രാമവാസികൾക്ക് മാസാന്ത വൈദ്യുതി ബില്ലുകൾ ഒഴിവാക്കാൻ സാധിച്ചു.

പാചകത്തിനായി എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്നതിന് പകരം ജൈവമാലിന്യങ്ങളിൽ നിന്നും കന്നുകാലി വിസർജ്ജ്യങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസാണ് ഇവിടെ ഉപയോഗിക്കുന്നത്. രാജ്യത്തേക്ക് വൻതോതിൽ എൽപിജി ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ, ഗ്രാമതലത്തിൽ ഊർജ്ജ സ്വാതന്ത്ര്യം എങ്ങനെ സാധ്യമാക്കാമെന്ന് ഷെൽക്കേവാഡി തെളിയിക്കുന്നു.

ചുവരുകൾക്ക് പിങ്ക് നിറം നൽകിയതിനാലാണ് ഷെൽക്കേവാഡി അധവാ പിങ്ക് ഗ്രാമം എന്നറിയപ്പെടുന്നത്. എന്നാൽ ഇത് വെറുമൊരു നിറക്കാഴ്ച മാത്രമല്ല. ഐക്യത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകം കൂടിയാണിത്. ഗ്രാമത്തിലെ വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്കാണ് എന്നതും വീടുകൾക്ക് പുറത്തെ നെയിംപ്ലേറ്റുകളിൽ സ്ത്രീകളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതമായി സ്വത്തവകാശങ്ങളിൽ പിന്നാക്കം നിന്നിരുന്ന സ്ത്രീകൾക്ക് ഇത് വലിയ ആത്മവിശ്വാസവും സാമൂഹിക അംഗീകാരവും നൽകി.

2004-ഓടെ ആരംഭിച്ച ഗ്രാമീണ വികസന മുന്നേറ്റം ഊർജ്ജത്തിലും സ്ത്രീ ശാക്തീകരണത്തിലും മാത്രം ഒതുങ്ങിയില്ല. കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങളും ജലസംരക്ഷണ പ്രവർത്തനങ്ങളും ഗ്രാമത്തിൽ നടപ്പിലാക്കി. ജലസംരക്ഷണ നടപടികൾ കാർഷിക വിളകളുടെ നാശം കുറക്കാനും സഹായിച്ചു.

വലിയ ബജറ്റുകളേക്കാൾ ജനകീയ പങ്കാളിത്തവും കൂട്ടായ ഉത്തരവാദിത്തവുമാണ് മാറ്റത്തിന് അടിസ്ഥാനമെന്ന് ഷെൽക്കേവാഡി കാണിച്ചുതരുന്നു. നിർമ്മൽ ഗ്രാം പുരസ്കാരം, യശ്വന്ത് ഗ്രാമപഞ്ചായത്ത് അവാർഡ്, നാനാജി ദേശ്മുഖ് നാഷണൽ പ്രൈഡ് ഗ്രാമസഭ അംഗീകാരം, സന്ത് ഗാഡ്ഗെ ബാബ ഗ്രാമ സ്വച്ഛതാ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ ഗ്രാമം നേടിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസ്, സ്കൂൾ, അംഗൻവാടി എന്നിവയ്ക്ക് ഐഎസ്ഒ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - pink village in maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.