മുറിവില്ലെന്ന കാരണത്താൽ പോക്സോ അതിജീവിതയ്ക്ക് നഷ്ടപരിഹാരം നിഷേധിക്കാനാവില്ല: അലഹബാദ് ഹൈകോടതി

ലഖ്നോ: പോക്സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമ കേസുകളിൽ മെഡിക്കൽ റിപ്പോർട്ടിൽ ശാരീരിക മുറിവുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നതിനാൽ അതിജീവിതക്ക് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. ജസ്റ്റിസ് ശേഖർ ബി സറഫ്, ജസ്റ്റിസ് അമിതാഭ് കുമാർ റായ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2022 ഡിസംബർ ഏഴിന് ലഖ്‌നൗവിലെ സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ വിധി. ഉത്തർപ്രദേശ് റാണി ലക്ഷ്മി ബായ് മഹിളാ സമ്മാൻ കോഷ് പദ്ധതി പ്രകാരം പോക്സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമ ഇരകൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഇതിൽ ഒരു ലക്ഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനകവും ബാക്കി രണ്ട് ലക്ഷം കുറ്റപത്രം സമർപ്പിച്ച് ഒരു മാസത്തിനകവും നൽകണം.

എന്നാൽ, കേസിൽ 2023 ജനുവരി 13 ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്ന മെഡിക്കൽ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി നഷ്ടപരിഹാരം തടഞ്ഞു വെക്കുകയായിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് അലഹബാദ് ഹൈകോടതിയുടെ വിധി.

നഷ്ടപരിഹാരം തടഞ്ഞുവെച്ച ജില്ലാ സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം നിയമത്തിനും പദ്ധതി വ്യവസ്ഥകൾക്കും വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പദ്ധതി പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് 3 ലക്ഷം രൂപ നൽകാൻ കോടതി നിർദ്ദേശിച്ചു. വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ച് 10 ദിവസത്തിനകം തുക നൽകണം.

മെഡിക്കൽ റിപ്പോർട്ടിൽ മുറിവുകളില്ലെന്ന് സർക്കാർ അഭിഭാഷകനും പറഞ്ഞെങ്കിലും കോടതി ഈ വാദം തള്ളിക്കളഞ്ഞു. പോക്സോ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ലൈംഗികാതിക്രമം തെളിയിക്കാൻ ശാരീരിക മുറിവ് ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. മുറിവിന്റെ അഭാവം മാത്രം ലൈംഗികാതിക്രമ ആരോപണം ഇല്ലാതാക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

എഫ്.ഐ.ആറും കുറ്റപത്രവും നിയമത്തിലെ സെക്ഷൻ നാല് പ്രകാരമുള്ള കുറ്റകൃത്യം സൂചിപ്പിക്കുന്നുണ്ടെങ്കിൽ മെഡിക്കൽ റിപ്പോർട്ടിൽ മുറിവില്ലെന്ന കാരണം പറഞ്ഞ് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിജീവിതകളുടെ ആഘാതവും ദുരിതവും ലഘൂകരിക്കാൻ ഉദ്ദേശിച്ചുള്ള ക്ഷേമ പദ്ധതിയാണിതെന്നും വ്യവസ്ഥകൾ ഉദാരമായി വ്യാഖ്യാനിക്കണമെന്നും കോടതി പറഞ്ഞു.

Tags:    
News Summary - POCSO compensation cannot be denied over no injury marks: Allahabad High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.