നാല് പുതിയ മന്ത്രിമാർ; ഉമർ അബ്ദുല്ലയുടെ മന്ത്രിസഭ വികസിപ്പിച്ചു, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടുവർഷത്തിനു ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. 2024 ഒക്ടോബറിൽ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ വികസനത്തിൽ നാല് നാഷണൽ കോൺഫറൻസ് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, മന്ത്രിസഭാ വികസനത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ അമർഷവും അതൃപ്തിയും പരസ്യമാക്കി.

ശ്രീനഗറിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പുതിയ മന്ത്രിമാരായ അലി മുഹമ്മദ് സാഗർ, അൽതാഫ് അഹമ്മദ് കലു, ശമീമ ഫിർദൗസ്, മിർ സൈഫുല്ല എന്നിവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്ന സ്വതന്ത്ര എം.എൽ.എ സതീഷ് ശർമയെ ഒഴിവാക്കി. പുതിയ കൂട്ടിച്ചേർക്കലോടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭയുടെ അംഗസംഖ്യ പരമാവധി പരിധിയായ ഒമ്പതായി ഉയർന്നു.

മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ മുതിർന്ന നേതാവും മുൻ സ്പീക്കറുമായ മുബാറക് ഗുൽ പരസ്യമായി നിരാശ പ്രകടിപ്പിച്ചു. ഇതുവരെ താൻ 30 സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഓരോ തവണയും ഒഴിവാക്കപ്പെടുകയായിരുന്നുവെന്നും സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലയുമായി ആലോചിച്ചാണ് അന്തിമ പട്ടിക തയാറാക്കിയതെന്ന് ഉമർ അബ്ദുല്ലയുടെ വാദം. ഫോൺ കോളുകളിലൂടെയും വാട്സ് ആപ് സന്ദേശങ്ങളിലൂടെയും മന്ത്രിസ്ഥാനത്തിനായി ലോബിയിങ് നടത്തരുതെന്നും അദ്ദേഹം എം.എൽ.എമാരോട് അഭ്യർഥിച്ചിരുന്നതാണ്. അതേസമയം, മന്ത്രിമാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളായി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

പുതിയ മന്ത്രിസഭയിൽ കശ്മീരിൽ നിന്നുള്ള ഏഴ് പേരും ജമ്മുവിൽ നിന്നുള്ള രണ്ട് പേരുമാണുള്ളത്. ജമ്മു കശ്മീർ പുനഃസംഘടനാ നിയമം 2019 അനുസരിച്ച് നിയമസഭാ അംഗബലത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ മന്ത്രിമാർ ഉണ്ടാകാൻ പാടില്ല.

ആകെ 90 സീറ്റുകളുള്ള ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പരമാവധി എണ്ണം ഒമ്പതാണ്. അതേസമയം, എൻ.സിയുടെ സഖ്യകക്ഷിയായ കോൺഗ്രസ് തൽക്കാലം മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി തിരികെ ലഭിക്കുന്നത് വരെ സർക്കാറിൽ പങ്കാളികളാകില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. 2024 ഒക്ടോബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.സി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിനെ തുടർന്നാണ് ഉമർ അബ്ദുല്ല മുഖ്യമന്ത്രിയായി അധികാരമേറ്റത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.