റേസ് കോഴ്‌സ് മസ്ജിദിനെതിരെ വ്യാഴാഴ്ച വരെ കടുത്ത നടപടികൾ സ്വീകരിക്കില്ല; കോടതിയിൽ കേന്ദ്രത്തിന്റെ ഉറപ്പ്, വിശ്വാസികൾക്ക് താൽക്കാലിക ആശ്വാസം

ന്യൂഡൽഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ റേസ് കോഴ്‌സ് മസ്ജിദിനെതിരെ വ്യാഴാഴ്ച വരെ യാതൊരു വിധ കടുത്ത നടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയിൽ വാക്കാൽ ഉറപ്പ് നൽകി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിലുള്ള പള്ളി ഉടൻ പൊളിച്ചുനീക്കുമെന്ന് അധികൃതരുടെ ഭീഷണിക്കിടെ ഇത് വിശ്വാസികൾക്ക് താൽക്കാലിക ആശ്വാസമായി.

പള്ളിയിൽ എത്തുന്ന വിശ്വാസികൾക്ക് തടസ്സമില്ലാത്ത പ്രവേശനം ഉറപ്പാക്കണമെന്നും പൊളിച്ചുനീക്കലിൽ നിന്ന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് സയ്യിദ് അഹമ്മദ് സൗദ് നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ വാക്കാൽ ഉറപ്പ് നൽകിയത്.

ഡൽഹി റേസ് ക്ലബ്ബിന് സമീപവും ഡൽഹി ഗോൾഫ് ക്ലബ്ബിനോട് ചേർന്നുമുള്ള പള്ളി പരിസരം അനധികൃതമാണെന്ന് പ്രഖ്യാപിച്ച് ഒഴിപ്പിക്കാൻ ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് നോട്ടീസ് അയച്ചതോടെയാണ് തർക്കം ഉടലെടുത്തത്. എന്നാൽ, ഈ പള്ളി ഒരു വഖഫ് സ്വത്താണെന്നും അംഗീകൃത പൈതൃക നിർമ്മിതിയാണെന്നും വ്യക്തമാക്കി പ്രമുഖ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഒക്ടോബർ 7 മുതൽ പള്ളിയിലേക്കുള്ള വൈദ്യുതി, കുടിവെള്ള ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവിനോട് വിഷയത്തിൽ ഇടപെടണമെന്നും വൈദ്യുതി, കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും വിശ്വാസികൾക്ക് പ്രവേശനം നൽകണമെന്നും പൊളിക്കൽ നടപടികളിൽ നിന്ന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

എൻ.ഡി.എം.സി യുടെ പൈതൃക രജിസ്റ്ററിൽ ഗ്രേഡ്-II പൈതൃക നിർമ്മിതിയായി രേഖപ്പെടുത്തിയിട്ടുള്ളതാണ് റേസ് കോഴ്‌സ് മസ്ജിദ്. 1977-ലെ ഡൽഹി ഗസറ്റിൽ ഇത് വഖഫ് സ്വത്തായി അംഗീകരിച്ചിട്ടുണ്ടെന്ന് പള്ളിയുടെ പ്രതിനിധികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് പള്ളി ഉടൻ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പള്ളിയിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയും, സുരക്ഷാ സേനയെ വിന്യസിച്ച് പ്രവേശനം തടയുകയും ചെയ്തിരുന്നു. പ്രദേശത്ത് സമീപകാലയളവിൽ നടന്ന മറ്റ് ഒഴിപ്പിക്കൽ നടപടികളിൽ നിന്നായി ഏകദേശം 700-ലധികം കുടുംബങ്ങൾ ഭവനരഹിതരായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പള്ളി അനധികൃത കയ്യേറ്റമല്ലെന്നും, 2021-ലെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണെന്നും ഇമാം മുഹമ്മദ് ഹാറൂൺ പറഞ്ഞു.

Tags:    
News Summary - No coercive action till October 29, Centre tells Delhi HC on Race Course Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.