ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ഭാര്യക്കെതിരെ ജാമ്യമില്ലാ വാറന്‍റ്

ലക്നോ: ഉത്തർപ്രദേശിലെ ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ഭാര്യക്കും ഭാര്യാ സഹോദരന്മാർക്കും എതിരെ ജാമ്യമില്ലാ വാറന്‍റ്. അൻസാരിയുടെ ഭാര്യ അഫ്സ അൻസാരി, സഹോദരന്മാരായ ഷർജീൽ റാസ, അൻവർ ഷഹസാദ് എന്നിവർക്കെതിരെയാണ് വാറന്‍റ് പുറപ്പെടുവിച്ചത്.

നിയമവിരുദ്ധമെന്ന് കണ്ടെത്തി പ്രവേശവിലക്ക് ഏർപ്പെടുത്തിയ ഭൂമിയിൽ കടന്നുകയറിയ കേസിലാണ് ഉത്തർപ്രദേശ് പൊലീസിന്‍റെ നടപടി. ഗുണ്ടാ നിയമ പ്രകാരമാണ് നടപടിയെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.

ഗാസിപുർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നു പേർക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മദ്യ ഷാപ്പ് കച്ചവടവുമായി ബന്ധപ്പെട്ട് കൃത്രിമ രേഖ ചമച്ച കേസിൽ ഷർജീൽ റാസ, അൻവർ ഷഹസാദ് എന്നിവർക്കെതിരെ മറ്റൊരു കുറ്റപത്രവും പൊലീസ് സമർപ്പിച്ചിട്ടുണ്ട്.

കൊലപാതകം, തട്ടിക്കൊണ്ടു പോകൽ അടക്കം 40ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാ‍യ മുഖ്താർ അൻസാരി ക്വാമി ഏകതാ ദൾ സ്ഥാപകനാണ്. മാവു നിയോജക മണ്ഡലത്തിൽ നിന്ന് നാലു തവണ എം.എൽ.എയായി വിജയിച്ച മുഖ്താർ അൻസാരി ബി.എസ്.പി നേതാവായ അഫ്സൽ അൻസാരിയുടെ സഹോദരനാണ്.

1996ൽ ബി.എസ്.പി ടിക്കറ്റിലാണ് മുഖ്താർ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2002ലും 2007ലും സ്വതന്ത്ര സ്ഥാനാർഥിയായി ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2007ൽ ബി.എസ്.പിയിൽ തിരിച്ചെത്തി 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് 2010ൽ ബി.എസ്.പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് ക്വാമി ഏകതാ ദൾ എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവു മണ്ഡലത്തിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2017ൽ അദ്ദേഹം ബി.എസ്.പിയിൽ മടങ്ങിയെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.