ഛത്തീസ്ഗഢിൽനിന്ന് 1,000 സി.ആർ.പി.എഫ് സൈനികരെ പിൻവലിച്ചു; മണിപ്പൂരിൽ വിന്യസിക്കും

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ നക്സൽ വിരുദ്ധ പ്രവർത്തന മേഖലയിൽനിന്ന് ആയിരത്തിലധികം സൈനികരടങ്ങുന്ന ബറ്റാലിയനെ പിൻവലിച്ച് മണിപ്പൂരിലേക്ക് അയച്ച് കേന്ദ്ര റിസർവ് പൊലീസ് സേന (സിആർപിഎഫ്). മൂന്ന് വർഷത്തിലേറെയായി തുടരുന്ന വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യത്ത് സായുധ മാവോയിസം അവസാനിച്ചതായി കേന്ദ്ര സർക്കാർ മാർച്ചിൽ പ്രഖ്യാപിച്ചതിനുശേഷം നക്സൽ വിരുദ്ധ പ്രവർത്തന മേഖലയിൽനിന്ന് ഒരു കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) മുഴുവൻ ബറ്റാലിയനെയും പിൻവലിക്കുന്നത് ആദ്യമായാണ്. മധ്യ ഇന്ത്യയിലെ ഛത്തീസ്ഗഢിന്റെ തെക്കൻ ബസ്തർ മേഖലയിലെ മുൻ മാവോയിസ്റ്റ് ശക്തികേന്ദ്രമായ സുക്മയിലായിരുന്നു ഈ ബറ്റാലിയൻ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇടതുപക്ഷ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൈനികർ മാർച്ചിനുശേഷം കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതുൾപ്പെടെയുള്ള ജോലികളാണ് ചെയ്തിരുന്നത്.

ഛത്തീസ്ഗഢിൽനിന്ന് ഒരു ജനറൽ ഡ്യൂട്ടി ബറ്റാലിയനെ പിൻവലിച്ച് മണിപ്പൂരിലേക്ക് മാറ്റാൻ സി.ആർ.പി.എഫ് ആസ്ഥാനത്തുനിന്ന് ഉത്തരവിട്ടതായി ഡൽഹി ആസ്ഥാനമായുള്ള മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. സംസ്ഥാനത്ത് തുടരുന്ന വംശീയ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനും സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാനും മാസങ്ങൾക്കുമുമ്പ് സി.ആർ.പി.എഫിന്റെ പ്രത്യേക ജംഗിൾ വാർഫെയർ വിഭാഗമായ കോബ്രയുടെ (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) രണ്ട് ബറ്റാലിയനുകളെയും മണിപ്പൂരിൽ വിന്യസിച്ചിരുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉൾപ്പെടെയുള്ള മറ്റ് സേനാവിഭാഗങ്ങളും നേരത്തേ സംസ്ഥാനത്ത് എത്തിയിരുന്നു.

അതേസമയം, മണിപ്പൂരിൽ സുരക്ഷാ സേനകൾക്ക് താമസസൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച പ്രശ്നങ്ങളുണ്ട്. പുതിയതായി എത്തുന്ന ബറ്റാലിയനും ഇത്തരം വെല്ലുവിളികൾ നേരിടാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സേനയാണ് സി.ആർ.പി.എഫ്. ഒരു ലക്ഷത്തിലധികം സൈനികരാണ് ഈ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നത്. ഒരുകാലത്ത് നക്സൽ ആക്രമണങ്ങൾ ഏറ്റവും രൂക്ഷമായിരുന്ന ഛത്തീസ്ഗഢിൽ 25-ലധികം സാധാരണ, കോബ്ര ബറ്റാലിയനുകളും വിന്യസിച്ചിരുന്നു.

പുതിയ ബറ്റാലിയൻ എത്തുന്നതോടെ ഛത്തീസ്ഗഢിൽ ഇവർ നിർവഹിച്ചിരുന്ന ചുമതലകൾ സമീപ പ്രദേശങ്ങളിലെ സിആർപിഎഫ് യൂണിറ്റുകളും സംസ്ഥാന പൊലീസും ഏറ്റെടുക്കും. എന്നാൽ സേനയെ പിൻവലിക്കുന്നത് നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ സുരക്ഷാ സംവിധാനത്തിൽ വിടവുണ്ടാക്കുമെന്ന് ഛത്തീസ്ഗഢ് പൊലീസ് ഉദ്യോഗസ്ഥൻ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, ഛത്തീസ്ഗഢിലെയും ഒഡിഷയിലെയും നക്സൽ വിരുദ്ധ പ്രവർത്തന മേഖലകളിൽനിന്ന് മൂന്ന് ബറ്റാലിയനുകളെക്കൂടി പിൻവലിക്കാൻ ആലോചനയുണ്ട്. ഇവരെ മണിപ്പൂരിൽ വിന്യസിക്കുന്നതിനും പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് നീക്കം.

നക്സൽ ബാധിത മേഖലകളിലെ സാഹചര്യം മെച്ചപ്പെട്ടതിനാൽ സുരക്ഷാ ചുമതലകൾ പ്രാദേശിക പൊലീസിന് കൈമാറാൻ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സേനാ പിന്മാറ്റമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    
News Summary - 1,000 CRPF personnel withdrawn from Chhattisgarh; new battalion to be deployed in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.