യു.പിയിൽ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിൽ ആശങ്ക; തിരുത്തലിന് ആറംഗ സംഘത്തെ നിയോഗിച്ച് ബി.ജെ.പി

ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിക്കിടെ ബി.ജെ.പിയുടെ സ്വന്തം വോട്ടർമാരുടെ പേരുകളും ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന് തിരുത്തൽ നടപടികൾ ഊർജിതമാക്കി പാർട്ടി നേതൃത്വം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ബി.ജെ.പി ആറംഗ സംഘത്തെ നിയോഗിച്ചത്.

സംസ്ഥാനത്തെ ആറ് മേഖലകളുടെ ചുമതലയാണ് മുതിർന്ന സംഘടനാ സെക്രട്ടറിമാർക്ക് നൽകിയിരിക്കുന്നത്. ഛത്തീസ്ഗഢിൽ നിന്നുള്ള കരംവീർ, മധ്യപ്രദേശിൽ നിന്നുള്ള ചന്ദ്രശേഖർ, രാജസ്ഥാനിൽ നിന്നുള്ള അജയ് കുമാർ, ആന്ധ്രപ്രദേശ്, തെലങ്കാന മേഖലകളുടെ ചുമതലയുള്ള എൻ. മധുകർ, ജാർഖണ്ഡിൽ നിന്നുള്ള പവൻ സായ്, മഹാരാഷ്ട്രയിൽ നിന്നുള്ള സതീഷ് ധോണ്ട് എന്നിവരെയാണ് നിയോഗിച്ചത്.

ലഖ്‌നൗവിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സാന്നിധ്യത്തിൽ നടന്ന നിർണായക യോഗത്തിൽ, ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച പല നിയമസഭാ മണ്ഡലങ്ങളിലും പാർട്ടിയുടെ ആയിരക്കണക്കിന് ഹിന്ദു വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വീടുകൾതോറും കയറിയിറങ്ങി പ്രചാരണം നടത്താൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. കഴിഞ്ഞയാഴ്ച ജില്ലാ പാർട്ടി അധ്യക്ഷന്മാരുമായി നടത്തിയ യോഗത്തിലും വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ സഹായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഉടൻ ഫോം 6 വിതരണം ചെയ്യുമെന്നും യോഗി അറിയിച്ചു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനായി സംസ്ഥാനത്തെ 402 നിയമസഭാ മണ്ഡലങ്ങളിലും 10,000 മുതൽ 15,000 വരെ പേരുകൾ വീതം ഉൾപ്പെടുത്തുകയാണ് ജില്ലാ അധ്യക്ഷന്മാരുടെ ലക്ഷ്യം.

വെളളിയാഴ്ച നടന്ന യോഗത്തിൽ എസ്‌.ഐ.ആർ നടപടിയെ വിമർശിച്ച യോഗി ആദിത്യനാഥ്, സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടിയിലധികം പേരുകൾ നഷ്ടപ്പെട്ടതായും ആരോപിച്ചിരുന്നു.

ബി.ജെ.പിയുടെ ജനപിന്തുണയിൽ ഇടിവുണ്ടാകുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് പാർട്ടിക്ക് നിർണായക രാഷ്ട്രീയ പോരാട്ടഭൂമിയാണ്. ലോക്‌സഭയിലേക്ക് 80 അംഗങ്ങളെ അയക്കുന്ന സംസ്ഥാനത്ത് 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 37 സീറ്റുകൾ മാത്രമാണ് നേടാനായത്. 2019ൽ ലഭിച്ച 62 സീറ്റുകളിൽ നിന്നുള്ള വലിയ ഇടിവായിരുന്നു ഇത്.

Tags:    
News Summary - Concern over deletion of names from voter list in UP; BJP appoints six-member panel for rectification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.