ശ്രീനഗർ: ഈ വർഷത്തെ ആദ്യ ഏഴ് മാസത്തിനിടെ ജമ്മു കശ്മീരിൽ സുരക്ഷാ സേന കൊലപ്പെടുത്തിയത് 150 തീവ്രവാദികളെ. ഇതിൽ 17 പേർ മാത്രമാണ് പാകിസ്താനിൽനിന്നുള്ളവർ. 2019ൽ 157 തീവ്രവാദികളെയാണ് കശ്മീരിൽ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന പാക് തീവ്രവാദികളുടെ എണ്ണത്തിൽ ഈ വർഷം 50 ശതമാനം കുറവുണ്ടായി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം പ്രാദേശികമായി തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നത് കുറഞ്ഞുവെന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാദത്തിന് വിരുദ്ധമാണ് കണക്കുകൾ.

ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം കൊല്ലപ്പെട്ട തീവ്രവാദികളിൽ 88 ശതമാനവും പ്രാദേശികമായുള്ളവരാണ്. 2019ൽ 79 ശതമാനമായിരുന്നു ഇത്. 2019ൽ അതിർത്തി കടന്നെത്തിയ 32 ഭീകരരെയാണ് സൈന്യവും പൊലീസും വധിച്ചത്. ഇവരിൽ 19 പേരും ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങളായിരുന്നു.

ഈ വർഷം കൊല്ലപ്പെട്ട 17 വിദേശ ഭീകരരിൽ ഏഴ് പേർ ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങളും മൂന്ന് പേർ ലഷ്കർ ഇ ത്വയ്ബ അംഗങ്ങളും ഒരാൾ ഹിസ്ബുൾ മുജാഹിദ്ദീൻ അംഗവുമാണ്. ആറ് പേരുടെ സംഘടനയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

അതിർത്തി കടന്നുള്ള ഭീകരരിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറയുന്നതിന് നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. തങ്ങൾക്കായി പ്രവർത്തിക്കുന്നവരോട് ജൂൺ മാസം വരെ ഒതുങ്ങിക്കഴിയാനുള്ള നിർദേശം പാകിസ്താൻ നൽകിയിട്ടുണ്ടെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. എഫ്.എ.ടി.എഫിന്‍റെ കരിമ്പട്ടിക ഭീഷണിയുള്ളത് കൊണ്ടാണ് ഇത്തരമൊരു നിർദേശം. വിദേശ ഭീകരർ സുരക്ഷാ സേനക്ക് നേരെ ഇടപെടുന്നില്ലെന്ന് വ്യക്തമാണ്. ഈ വർഷം സുരക്ഷാ സേനക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.

തെക്കൻ കശ്മീരിലെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണം കാര്യക്ഷമമാണെന്നും അതിനാൽ ആ പ്രദേശത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ഹിസ്ബുൽ മുജാഹിദ്ദീൻ പോലുള്ള സംഘടനകളിലേക്ക് തെക്കൻ കശ്മീർ പരമാവധി പ്രാദേശിക തീവ്രവാദികളെ അയയ്ക്കുന്നു.

ഇത് കണക്കുകളിലും പ്രതിഫലിക്കുന്നു. 2020ൽ 150ഓളം തീവ്രവാദികൾ കൊല്ലപ്പെട്ടപ്പോൾ 15 പേർ മാത്രമാണ് വടക്കൻ കശ്മീരിൽ കൊല്ലപ്പെട്ടത്. ശ്രീനഗറിൽ 10 പേർ കൊല്ലപ്പെട്ടപ്പോൾ ബാക്കിയുള്ളവരെല്ലാം തെക്കൻ കശ്മീരിൽ നിന്നുള്ളവരാണ്. 2019ൽ കൊല്ലപ്പെട്ട 157 തീവ്രവാദികളിൽ 41 പേർ വടക്കൻ കശ്മീരിലും നാല് പേർ ശ്രീനഗറിലും ബാക്കിയുള്ളവരെല്ലാം തെക്കൻ കശ്മീരിലായിരുന്നു.

വടക്കൻ കശ്മീരിലാണ് വിദേശ തീവ്രവാദികളുടെ ആക്രമണം നേരിടാൻ ഏറ്റവും സാധ്യതയുള്ളത്. അവർ അതിർത്തികൾ കടന്ന് നേരെ ആക്രമണം നടത്തുകയോ നിർദ്ദേശങ്ങൾ കാത്ത് ഒളിച്ചിരിക്കുകയോ ചെയ്യുന്നു. ഈ വർഷം വിദേശ തീവ്രവാദികൾ കാടുകൾ ഉപേക്ഷിക്കുകയോ വിദൂര ഗ്രാമങ്ങളിൽ ഒളിച്ചിരിക്കുകയോ ചെയ്യുന്നതായാണ് കാണുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ -ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ പാകിസ്താൻ പുതിയൊരു പ്രതിരോധ ഗ്രൂപ്പിനെ അതിർത്തിയിലേക്ക് അയക്കുന്നുവെന്ന വിവരത്തെ ഈ കണക്കുകൾ സാധൂകരിക്കുന്നുണ്ട്. വടക്കൻ കശ്മീരിൽ ആക്രമണങ്ങൾ നടത്തിയും സമൂഹമാധ്യമങ്ങളിലൂടെ വിമതശബ്ദമുയർത്തിയുമാണ് ഇവരുടെ പ്രവർത്തനം. ആക്രമണങ്ങളിൽ കൊല്ലപ്പെടുമ്പോഴാണ് ഇവർ പാകിസ്താനിൽ നിന്നുള്ളവരാണോ മറ്റ് ഭീകരസംഘടനകളിൽ അംഗമാണോ എന്നെല്ലാം തിരിച്ചറിയാൻ കഴിയുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.