സ്റ്റാലിനെ തോൽപ്പിച്ച ടി.വി.കെ എം.എൽ.എ വി.എസ് ബാബു അന്തരിച്ചു
ചെന്നൈ: 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ തമിഴക വെട്രി കഴകം (ടിവികെ) എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 9ന് ചെന്നൈ അമിൻജിക്കരയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിച്ചുവരികയായിരുന്നു. ആരോഗ്യനില തുടർച്ചയായി വഷളായതിനെ തുടർന്ന് ഹൃദയാഘാതമുണ്ടാവുകയും ഉച്ചക്ക് 2.24ന് മരണം സംഭവിക്കുകയുമായിരുന്നു. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡി.എം.കെയിൽ ഏരിയ സെക്രട്ടറിയായാണ് ബാബു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് പാർട്ടിയുടെ നോർത്ത് ചെന്നൈ ജില്ലാ സെക്രട്ടറിയായി. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥിയായി പുരസൈവാക്കം മണ്ഡലത്തിൽനിന്ന് ആദ്യമായി തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2008ലെ മണ്ഡല പുനർനിർണയത്തിന് പിന്നാലെ പുരസൈവാക്കം മണ്ഡലം ഇല്ലാതാവുകയും അതിന്റെ ഭാഗമായിരുന്ന പല പ്രദേശങ്ങളും പുതുതായി രൂപീകരിച്ച കൊളത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുകയും ചെയ്തു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂരിൽ എം.കെ. സ്റ്റാലിന്റെ വിജയത്തിന് ബാബു വലിയ പങ്കുവഹിച്ചതായി റിപ്പോർട്ടുകളുണ്ട്.
പിന്നീട് 2011ന് ശേഷം കുറച്ചുകാലം രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്ന അദ്ദേഹം 2016ൽ അണ്ണാ ഡി.എം.കെയിൽ ചേർന്നു. ഈ വർഷം ആദ്യം ടി.വി.കെ അധ്യക്ഷനും നിലവിലെ മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയിയുടെ സാന്നിധ്യത്തിൽ തമിഴക വെട്രി കഴകത്തിൽ ചേർന്നു.
ബാബുവിന്റെ മരണത്തിൽ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെകർ, മുൻ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വി.എസ്. ബാബുവിന്റെ വിയോഗത്തോടെ തമിഴ്നാട് നിയമസഭയിലെ ഒഴിവുകളുടെ എണ്ണം ആറായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.