വി.ഡി സവർക്കറുടെ ചിത്രം കോളജ് ക്ലാസ് മുറിയിൽ സ്ഥാപിച്ചു; വിദ്യാർഥികൾ ഏറ്റുമുട്ടി

ബംഗളൂരു: ആർ.എസ്.എസ് സൈദ്ധാന്തികൻ വി.ഡി സവർക്കറുടെ ചിത്രം ക്ലാസ് മുറിയിൽ തൂക്കിയതിനെച്ചൊല്ലി ബംഗളൂരുവിലെ കോളജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി. ബംഗളൂരു സർവകലാശാലക്ക് കീഴിലുള്ള യൂണിവേഴ്‌സിറ്റി കോളജിൽ വെള്ളിയാഴ്ചയാണ് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായത്.

എ.ബി.വി.പി, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്‌.ഐ) പ്രവർത്തകരാണ് ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഒരു കൂട്ടം വിദ്യാർഥികൾ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോർഡിന് മുകളിൽ സവർക്കറുടെ ഛായാചിത്രം തൂക്കിയിരുന്നു. ഇതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചഭക്ഷണ ഇടവേളക്കിടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. കാമ്പസ് ഫ്രണ്ട് പ്രവർത്തകരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷയം പരിശോധിച്ച് വരികയാണെന്നും അന്വേഷണം നടത്തുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിന് പിന്നിലുള്ള വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കണമെന്ന് ദക്ഷിണ കന്നഡ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ബി. ഇസ്മാഈൽ പറഞ്ഞു. മഹാത്മ ഗാന്ധിയാണ് നമ്മുടെ മാതൃകയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരുടെ ഛായാചിത്രങ്ങൾ സ്ഥാപിക്കാമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സംഭവം വിവാദം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ബി. ഇസ്മാഈൽ ആരോപിച്ചു.

അനുമതിയില്ലാതെ സ്ഥാപിച്ചതിനാൽ സവർക്കറുടെ ഛായാചിത്രം നീക്കം ചെയ്തതായി കോളജ് പ്രിൻസിപ്പൽ അനസൂയ റായി അറിയിച്ചു. ചിത്രം സ്ഥാപിച്ച വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. അച്ചടക്കം ലംഘിച്ചതിന് ഇവർ രേഖാമൂലം മാപ്പ് പറഞ്ഞെന്നും പ്രിൻസിപ്പൽ അറിയിച്ചു.

അതേസമയം, ഹിജാബ് നിരോധനത്തെക്കുറിച്ച് വാർത്താസമ്മേളനം നടത്തിയ മൂന്ന് മുസ്ലിം പെൺകുട്ടികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചെങ്കിലും ഇവർ മറുപടി നൽകിയില്ലെന്ന് റായ് പറഞ്ഞു. നോട്ടീസ് മറുപടി നൽക്കാത്തതിലും കോളജിൽ ഹാജരാകാത്തതിലും വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുമെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ പെൺകുട്ടികളെ കോളജിൽ നിന്ന് പുറത്താക്കുമെന്ന് മംഗലാപുരം സർവകലാശാല വൈസ് ചാൻസലർ പി.എസ്. യദപടിത്തായ അറിയിച്ചു.

Tags:    
News Summary - Mangaluru college students clash over Savarkar portrait in classroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.