ഈ പതിമൂന്നുകാരി ഇനി പാവങ്ങളുടെ'ഗുഡ് വിൽ അംബാസിഡർ'

മധുരൈ: പാവങ്ങളെ സഹായിക്കാൻ ഉപയോഗിച്ചില്ലെങ്കിൽ പിന്നെ പണം കൊണ്ടെന്തു കാര്യമെന്ന് ചോദിക്കും എം. നേത്ര എന്ന പതിമൂന്നുകാരി. അവളെ അക്കാര്യം പഠിപ്പിച്ചത് മറ്റാരുമല്ല, സലൂൺ ഉടമയായ പിതാവാണ്. കോവിഡ് കാലത്തെ ലോക് ഡൗണിൽ ആശ്രയമറ്റു നിന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് തന്‍റെ ആകെയുള്ള സമ്പാദ്യമായ അഞ്ച് ലക്ഷം രൂപ നൽകി സഹായിച്ച സി.മോഹന്‍റെ മകളാണ് നേത്ര. 

പിതാവ് പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ട മകളെ തേടിയെത്തിയത് അന്താരാഷ്ട പുരസ്ക്കാരങ്ങൾ. ഐക്യരാഷ്ട്രസഭയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അസോസിയേഷൻ (യു.എൻ.എ.ഡി.എ.പി) നേത്രയെ 'പാവങ്ങളുടെ ഗുഡ് വിൽ അംബാസിഡറാ'യി തെരഞ്ഞെടുത്തു. ഇതിന് പുറമെ ഒരു ലക്ഷം രൂപയുടെ ഡിക്സൺ സ്കോളർഷിപ്പും നേത്രക്ക് ലഭിച്ചു.

ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോർക്കിലും ജനീവയിലും നടക്കുന്ന കോൺഫ്രൻസുകളിൽ നിർധനർക്കുവേണ്ടി നേത്ര സംസാരിക്കും. ലോകത്തിലെ പ്രമുഖ  നേതാക്കളുമായും പണ്ഡിതന്മാരുമായും രാഷ്ട്രീയക്കാരുമായും സംവദിക്കാനുള്ള അവസരമാണ് അംബാസഡർ പദവിയിലൂടെ നേത്രക്ക് ലഭിക്കുക.

'പാവങ്ങളെ സഹായിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നതല്ല.' നേത്ര പറഞ്ഞു. 

2013ൽ പിതാവ് സ്വരുക്കൂട്ടിയ പണം മുഴുവൻ മോഷണം പോയ കാര്യവും നേത്ര ഓർത്തെടുത്തു. 'അന്ന് വെള്ളം പോലും വാങ്ങിക്കാൻ പണമില്ലാതെ വിഷമിച്ചിട്ടുണ്ട്. പിന്നീട് ഏഴ് വർഷത്തെ അധ്വാനം കൊണ്ടാണ് നിവർന്നുനിൽക്കാൻ കഴിഞ്ഞത്. ഈ കാലയളവിലാണ് എന്‍റെ ഉപരിപഠനത്തിനുവേണ്ടി പിതാവ് അഞ്ച് ലക്ഷം രൂപ സമ്പാദിച്ചതും. അതാണ് അന്തർ സംസ്ഥാന തൊഴിലാളികൾക്കുവേണ്ടി ചെലവഴിച്ചത്.' പാവങ്ങൾക്കുവേണ്ടിയുള്ള തന്‍റെ പ്രവർത്തനം തുടരുമെന്നും ഐ.എ.എസ് സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്ന നേത്ര അറിയിച്ചു. 

നേത്രയുടെ പിതാവ് സി. മോഹന്‍റെ പ്രവർത്തനങ്ങളെ മൻ കീ ബാത്തിലൂടെ നരേന്ദ്രമോദി പ്രശംസിച്ചിരുന്നു. 

Tags:    
News Summary - Madurai girl declared 'Goodwill Ambassador for the Poor'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.