ദേശീയ സംസഥാന പാതകളിലെ മദ്യശാലകൾ അടച്ചുപൂട്ടണം –സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന ഹൈവേകളിലെ മുഴുവന്‍ മദ്യഷാപ്പുകളും അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഈ പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ ഒരു മദ്യഷാപ്പും പ്രവര്‍ത്തിക്കരുതെന്നും ഈ ദൂരപരിധിക്കപ്പുറത്തുള്ള ഷാപ്പുകളും റോഡുകളില്‍നിന്ന് കാണുന്ന തരത്തിലാകരുതെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനും റോഡ്സുരക്ഷ ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് ബെഞ്ച് വിധിയില്‍ വ്യക്തമാക്കി. പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളിലും അവയുടെ 500 മീറ്റര്‍ ദൂരപരിധിയിലും പുതിയ മദ്യഷാപ്പുകള്‍ തുടങ്ങാന്‍ കഴിയില്ല. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന  മദ്യഷാപ്പുകള്‍ക്ക് അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ ലൈസന്‍സ് പുതുക്കിനല്‍കാനും അനുവാദമില്ല. ഷാപ്പുകള്‍ക്കുള്ള നിരോധനം നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ പൊലീസ്, എക്സൈസ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് കര്‍മപദ്ധതി ആവിഷ്കരിക്കണം.

ദേശീയപാതകളിലും സംസ്ഥാന പാതകളിലും മദ്യഷാപ്പുകളുടെ ലഭ്യത കാണിക്കുന്ന പരസ്യബോര്‍ഡുകളുണ്ടാകരുതെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ ഹൈവേ അതോറിറ്റികള്‍ക്ക് നിര്‍ദേശം നല്‍കും. മദ്യഷാപ്പുകള്‍ പാതകളില്‍ കാണുന്ന തരത്തിലാകാന്‍ പറ്റില്ല. ഇത്തരം നിര്‍ദേശങ്ങള്‍ പ്രയാസമുണ്ടാക്കുമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാറിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ഡോര്‍ ഡെലിവറി തുടങ്ങാമെന്ന് സുപ്രീംകോടതി പരിഹസിച്ചു.

മദ്യലോബിയുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചതിന് പഞ്ചാബ് സര്‍ക്കാറും സുപ്രീംകോടതിയുടെ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. എന്തുമാത്രം മദ്യഷാപ്പ് ലൈസന്‍സുകളാണ് പഞ്ചാബ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് ചോദിച്ച സുപ്രീംകോടതി മദ്യലോബി ശക്തമായതിനാല്‍ എല്ലാവരും സന്തുഷ്ടരാണെന്ന് കുറ്റപ്പെടുത്തി. പണമുണ്ടാക്കുന്നതിനാല്‍  എക്സൈസ് വകുപ്പും മന്ത്രിയും സംസ്ഥാന സര്‍ക്കാറും സന്തുഷ്ടരാണ്. ആരെങ്കിലും ഇതുമൂലം മരിച്ചാല്‍ ഒന്നോ ഒന്നരയോ ലക്ഷം രൂപ നല്‍കും. എന്നാല്‍, സമൂഹത്തിന് സഹായകമായ നിലപാടാണ് ഇക്കാര്യത്തിലെടുക്കേണ്ടതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ഓരോ വര്‍ഷവും ഒന്നര ലക്ഷം പേര്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊതുജനത്തിനുവേണ്ടി വല്ലതും ചെയ്യണമെന്നും മദ്യവില്‍പന നിരോധിക്കാനുള്ള ഭരണഘടനാപരമായ ചുമതല സര്‍ക്കാറുകള്‍ നിറവേറ്റണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍  നീക്കംചെയ്യാന്‍ പല സംസ്ഥാനങ്ങളും വിമുഖത കാണിക്കുന്നതില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.  ഇതുകൊണ്ടാണ് മദ്യപിച്ച് വാഹനമോടിക്കലും അതുവഴിയുള്ള റോഡപകടങ്ങളും വര്‍ധിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും റവന്യൂ വരുമാനം ലഭിക്കുമെന്നത് പാതയോരങ്ങളില്‍ മദ്യഷാപ്പ് അനുവദിക്കുന്നതിനുള്ള മതിയായ കാരണമല്ളെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Liquor Shops On Highways From April, Supreme Court Orders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.