ദീപാവലിയെ ‘ഈദ്’ എന്ന് വിശേഷിപ്പിച്ചു; പ്രസ്താവനക്കെതിരെ വിമർശനവുമായി എഐഎംഐഎമ്മും

ന്യൂഡൽഹി: ദീപാവലി ആഘോഷത്തെ ‘ഖുഷിയോക ഏക് ഈദ്’ (സന്തോഷങ്ങളുടെ ഈദ്) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. സാംസ്കാരിക ഐക്യത്തിനായുള്ള ഒരു രൂപകമായിട്ടാണ് ‘ഈദ്’ എന്ന പദം ഉപയോഗിച്ചതെന്നും വിശാലമായ അർഥത്തിലുള്ള സന്തോഷാഘോഷത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോൺഗ്രസ് വിശദീകരിച്ചെങ്കിലും, സംഭവത്തിൽ ബി.ജെപിയും എ.ഐ.എം.ഐ.എമ്മും കടുത്ത വിമർശനവുമായി രംഗത്തെത്തി.

മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ഖാർഗെ ദീപാവലി ആശംസകൾ നേർന്നുകൊണ്ട് ‘ഈദ്’ പരാമർശം നടത്തിയത്. ‘എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഇന്ത്യയിലുടനീളമുള്ള എല്ലാ ജനങ്ങളും ആഘോഷിക്കുന്ന വലിയൊരു ഉത്സവമാണിത്. സന്തോഷങ്ങളുടെ ഒരു ഈദ് ആണ് ഇത്, വളരെ നീണ്ട കാലം നീണ്ടുനിൽക്കുന്ന ഒരു ആഘോഷം കൂടിയാണിത്’- ഖാർഗെ പറഞ്ഞു. ദീപാവലി ആഘോഷങ്ങൾക്കിടയിൽ സാമൂഹിക ഭിന്നതകൾ ഒഴിവാക്കി ഐക്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എന്നാൽ, ഹിന്ദു ഉത്സവത്തെ ഈദുമായി താരതമ്യം ചെയ്തത് ബിജെപിയെ പ്രകോപിപ്പിച്ചു. കോൺഗ്രസിന്റേത് വിഷലിതമായ പ്രീണന രാഷ്ട്രീയമാണെന്നും കോൺഗ്രസ് നേതൃത്വത്തിന് ഹിന്ദു വിരുദ്ധ മാനസികാവസ്ഥയാണെന്നും ബിജെപി വക്താവ് സി.ആർ. കേശവൻ ആരോപിച്ചു. ഖാർഗെ നേരത്തെ മഹാകുംഭമേളയെ അവഹേളിച്ചിട്ടുണ്ടെന്നും, രാഹുൽ ഗാന്ധി ഛത്ത് പൂജയെ നാടകമെന്ന് വിശേഷിപ്പിച്ചു വ്രണപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തുന്നത് ദാരിദ്ര്യം ഇല്ലാതാക്കുമോ എന്ന് ചോദിച്ചും, ക്യാമറക്ക് മുന്നിൽ മാത്രം നടത്തുന്ന പ്രഹസനമാണിതെന്ന് വിമർശിച്ചും ഖാർഗെ രംഗത്തുവന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യമുനാ നദിയിലെ ഛത്ത് പൂജ സ്നാനത്തെ രാഹുൽ ഗാന്ധി ‘നാടകം’ എന്ന് വിശേഷിപ്പിച്ചതിനെയും ബി.ജെപി ചർച്ചയാക്കുന്നുണ്ട്. വോട്ടുകൾക്കായി മോദി എന്തു ചെയ്യുമെന്നും നൃത്തം ചെയ്യുമെന്നുമാണ് രാഹുൽ ഗാന്ധി ഇതിന് മുൻപ് പരിഹസിച്ചിരുന്നത്.

സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബി.ജെപി വക്താവ് പ്രദീപ് ഭണ്ഡാരിയും പ്രതികരിച്ചത്. ഇത് വെളിച്ചം വീശുന്നത് കോൺഗ്രസിന്റെ സനാതന വിരുദ്ധ ഡിഎൻഎയിലേക്കാണെന്നും, സോണിയ ഗാന്ധി ബാബരി മസ്ജിദ് തകർച്ചയിൽ സന്തോഷിച്ചിരുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങൾ ബി.ജെപി നേതാക്കൾ ആവർത്തിക്കുകയും ചെയ്തു

അതേസമയം, കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനക്കെതിരെ എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താനും രംഗത്തെത്തി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കേവലം ഒരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണ് ഈ പ്രസ്താവനയെന്ന് അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - Kharge calls Diwali 'Eid', BJP and AIMIM criticize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.