കശ്മീരില്‍ ഭീകരന്‍ കൊല്ലപ്പെട്ടു,  ഉരുള്‍പൊട്ടലില്‍ ജവാന്‍ മരിച്ചു

ജമ്മു: ജമ്മു-കശ്മീരില്‍ പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയില്‍  നിയന്ത്രണ രേഖയോട് ചേര്‍ന്ന് പാകിസ്താന്‍െറ ഭാഗത്തുനിന്ന് മോര്‍ട്ടാര്‍ ഷെല്ലാക്രമണം. പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കും സിവിലിയന്മാര്‍ക്കും നേരെ  പാക് ഭാഗത്ത് നിന്ന് ആക്രമണം തുടര്‍ന്നതായി സൈനിക വക്താവ് പറഞ്ഞു. ഓട്ടോമാറ്റിക് തോക്കുകളും 120 എം.എം, 82 എം.എം മോര്‍ട്ടാറുകളും  ഉപയോഗിച്ചുള്ള  പാക് ആക്രമണത്തിന് മറുപടിയായി സുരക്ഷാസേന  തിരിച്ചടിച്ചു. 
പാക് അധീന കശ്മീരിലെ ഭീകരരുടെ ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം 100ലേറെ തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായി സൈനിക കേന്ദ്രങ്ങള്‍  അറിയിച്ചു. അതിര്‍ത്തിയിലെ വെടിവെപ്പിനെ തുടര്‍ന്ന് ജമ്മു മേഖലയിലെ അന്താരാഷ്ട്ര അതിര്‍ത്തി, നിയന്ത്രണരേഖ എന്നിവയോട് ചേര്‍ന്ന 400ലേറെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മേഖലയിലേക്ക്  പാകിസ്താന്‍െറ ഭാഗത്തുനിന്നുള്ള ഷെല്ലാക്രമണത്തിലും വെടിവെപ്പിലും ഇതിനകം 12 സിവിലിയന്മാരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. 83 പേര്‍ക്ക് പരിക്കേറ്റു. 

അതിനിടെ, തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ വാങ്കാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍െറ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് തീവ്രവാദികള്‍ക്കായി സുരക്ഷാസേനയും പൊലീസും  നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്രിപോറയിലെ സദ്ദാം ഹുസൈന്‍ മിര്‍ ആണ് കൊല്ലപ്പെട്ട ഭീകരനെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. എ.കെ. 47 തോക്കുകളും വെടിയുണ്ടകളും ഗ്രനേഡും സുരക്ഷാസേന കണ്ടെടുത്തു. 

ഡോദ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജവാന്‍ മരിച്ചു. സൈനിക പോസ്റ്റില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ജവാന്‍ മന്‍ജിത് സിങ് 70 അടിയോളം താഴ്ചയില്‍ മലയിടുക്കിലേക്ക് വീണു. ഗുരുതര പരിക്കേറ്റ്  ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. 32കാരനായ ഇദ്ദേഹം ഡോദ ജില്ലയിലെ ഭടൂണ ഗ്രാമവാസിയാണ്. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. 
ശ്രീനഗര്‍ നഗരത്തില്‍  ജനജീവിതം സാധാരണനിലയിലേക്ക് നീങ്ങുന്നു. ജനങ്ങള്‍ പുറത്തിറങ്ങി തുടങ്ങി. വാഹനയോട്ടം സാധാരണ നിലയിലായി. ലാല്‍ ചൗക്കിലും മറ്റും തിങ്കഴാഴ്ച തിരക്കനുഭവപ്പെട്ടു. 

ഓട്ടോകളും ടാക്സികളും സ്വകാര്യ കാറുകളും  നിരത്തിലിറങ്ങി. ബാങ്കുകളില്‍ ഇടപാടുകാരുടെ  വലിയ തിരക്കായിരുന്നു. എന്നാല്‍, കശ്മീര്‍ താഴ്വരയില്‍ ജനജീവിതം സാധാരണ നില കൈവരിച്ചിട്ടില്ല. വിഘടനവാദികള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് കടകമ്പോളങ്ങളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. അടുത്തകാലത്തായി  തീവ്രവാദികള്‍ റിക്രൂട്ട് ചെയ്ത യുവാക്കളെ അക്രമപാതയില്‍നിന്ന് പിന്തിരിപ്പിച്ച് കശ്മീരിലെ അവരുടെ വീടുകളില്‍ തിരിച്ചത്തെിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി  പറഞ്ഞു. 

പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളെ അവര്‍ ശക്തമായി വിമര്‍ശിച്ചു. പുതുതായി തീവ്രവാദ ഗ്രൂപ്പുകളില്‍ എത്തിപ്പെട്ടവര്‍ ഒരുതരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്ന് അഭ്യര്‍ഥിച്ച മുഖ്യമന്ത്രി അവരെ മടക്കിക്കൊണ്ടുവരിക എന്ന ദൗത്യത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് വ്യക്തമാക്കി. ജന്മു-കശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ സുരക്ഷാസേന എല്ലായിടത്തും സജ്ജമാണെന്നും അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. 
ബാരാമുല്ലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിടപറഞ്ഞ് സുരക്ഷാസേനക്കു മുന്നില്‍ കീഴടങ്ങിയ ഉമര്‍ ഖാലിദ് മിര്‍ എന്ന യുവാവ് മൂന്നുമാസം മുമ്പാണ് തീവ്രവാദി ഗ്രൂപ്പില്‍ എത്തിപ്പെട്ടതെന്നും ഇതിനിടെ  അക്രമപ്രവര്‍ത്തനങ്ങളിലൊന്നും അയാള്‍ ഉള്‍പ്പെട്ടിട്ടില്ളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ താഴ്വരയില്‍ തുടങ്ങിയ കാലത്ത് ആയിരക്കണക്കിനാളുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ വിദേശത്തുനിന്ന് നുഴഞ്ഞു കയറിയവരടക്കം 200-300 പേരാണ് തീവ്രവാദ ഗ്രൂപ്പുകളിലുള്ളത് -മഹ്ബൂബ പറഞ്ഞു. 
 

Tags:    
News Summary - kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.