ഡി.കെ ശിവകുമാറിന്റെ സന്ദർശനത്തിനിടെ ക്ഷേത്രത്തിൽ സ്ക്രീനിന് നേരെ ചെരിപ്പേറ്
ഹാസൻ: ക്ഷേത്രത്തിൽ പൂജക്കായി എത്തിയ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നേരെ ഭക്തരുടെ രോഷപ്രകടനം. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ദർശനം നടത്താനാകാത്തതിൽ രോഷാകുലരായ വിശ്വാസികളിൽ ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പൂജ നടത്തുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ച എൽഇഡി സ്ക്രീനിലേക്ക് ചെരിപ്പേറുമുണ്ടായി. ഹാസനിലെ പ്രശസ്തമായ ഹസനാംബ ക്ഷേത്രത്തിലായിരുന്നു സംഭവം.
ഞായറാഴ്ച ഉച്ചയോടെയാണ് ഡി.കെ. ശിവകുമാർ കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക പൂജകൾക്കായി സാധാരണക്കാരുടെ ദർശനം താൽക്കാലികമായി നിർത്തിവെച്ചതോടെ, മണിക്കൂറുകളായി ക്യൂവിൽ കാത്തുനിന്ന ആയിരക്കണക്കിന് വിശ്വാസികൾ ദുരിതത്തിലായി. ഏറെ നേരം കാത്തുനിന്നിട്ടും പ്രവേശനം അനുവദിക്കാത്തതിൽ ക്ഷുഭിതരായ ചില ഭക്തർ, ക്ഷേത്രപരിസരത്തെ സ്ക്രീനിൽ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ കണ്ടതോടെ ചെരിപ്പൂരി എറിയുകയായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ടവരുടെ സന്ദർശനം തന്നെ വിശ്വാസികൾക്ക് തടസ്സമാകുന്നതെന്തിനെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ക്ഷേത്രമായതിനാൽ, ഉത്സവകാലത്ത് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. ഈ തിരക്കിനിടയിൽ വിഐപി സന്ദർശനങ്ങൾക്കായി സാധാരണക്കാരുടെ ദർശനം മുടക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. വർഷത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ദർശനത്തിനായി മണിക്കൂറുകളോളം കാത്തുനിൽക്കുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ, വിഐപി സന്ദർശനങ്ങൾക്ക് പ്രത്യേക സമയക്രമമോ കൃത്യമായ നിയന്ത്രണങ്ങളോ ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ഭക്തർക്കിടയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ശക്തമാകുന്നത്.
നേരത്തെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ടും സമാനമായ പ്രോട്ടോക്കോൾ വിവാദങ്ങൾ ഉയർന്നിരുന്നു. പുതിയ സംഭവം ക്ഷേത്രങ്ങളിലെ വിഐപി ദർശനക്രമവും സാധാരണ വിശ്വാസികൾക്കുള്ള സൗകര്യങ്ങളും വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസോ ജില്ലാ ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.