റായ്പൂർ: ഛത്തിസ്ഗഢിലെ കാംഗർ വാലി ദേശീയോദ്യാനത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. അംഗീകാരത്തിൽ സന്തോഷം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി ടൂറിസം, പ്രാദേശിക ഗോത്ര സംസ്കാര സംരക്ഷണം എന്നിവയിൽ കാംഗർ വാലി ദേശീയോദ്യാനം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞു.
ഈ നാഴികക്കല്ല് ബസ്തർ മേഖലക്ക് അന്താരാഷ്ട്ര അംഗീകാരം നൽകുമെന്നും ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും പാരിസ്ഥിതിക കേന്ദ്രമെന്ന നിലയിൽ ഛത്തിസ്ഗഢിന്റെ പ്രശസ്തി വർധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രകൃതി സൗന്ദര്യം, ഭൂമിശാസ്ത്രപരമായ പ്രാധാന്യം, സമ്പന്നമായ ജൈവവൈവിധ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് കാംഗർ വാലി ദേശീയോദ്യാനത്തെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആഴമേറിയ താഴ്‌വരകളും 150 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന അതിമനോഹരമായ തിരാത്ഗഡ് വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള മനോഹര ദൃശ്യങ്ങൾ ഈ പാർക്കിൽ കാണാം. കാർസ്റ്റ് ഘടനകൾ, ചുണ്ണാമ്പുകല്ല് ഗുഹകൾ, പാറ രൂപങ്ങൾ തുടങ്ങിയ സവിശേഷമായ ഭൂമിശാസ്ത്ര രൂപങ്ങൾ ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.
30 അപൂർവ ഓർക്കിഡ് ഇനങ്ങൾ ഉൾപ്പെടെ 963 ഇനം സസ്യജാലങ്ങൾ ഈ പാർക്കിലെ ആവാസവ്യവസ്ഥയിൽ വളരുന്നു. 49 ഇനം സസ്തനികൾ, 210 ഇനം പക്ഷികൾ, 37 ഇനം ഉരഗങ്ങൾ, 16 ഉഭയജീവികൾ, 57 ഇനം മത്സ്യങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വന്യജീവികളുടെയും ആവാസ കേന്ദ്രമാണിത്. ഛത്തിസ്ഗഢിലെ സംസ്ഥാന പക്ഷിയായ ബസ്തർ ഹിൽ മൈന, തിരുവിതാംകൂർ വുൾഫ് സ്നേക്ക്, ഗ്രീൻ പിറ്റ് വൈപ്പർ, മൊണ്ടെയ്ൻ ട്രിങ്കറ്റ് സ്നേക്ക് എന്നിവ ഇവിടത്തെ പ്രധാന ജീവിവർഗങ്ങളാണ്.
കാംഗർ വാലി ദേശീയോദ്യാനം യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയത് ബസ്തർ മേഖലയിലെ വിനോദസഞ്ചാരത്തെ ഗണ്യമായി ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാരിസ്ഥിതിക പ്രാധാന്യത്തിനപ്പുറം, കാംഗർ വാലി ദേശീയോദ്യാനം തലമുറകളായി പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഗോണ്ട്, ധ്രുവ ഗോത്രങ്ങളുടെ സംസ്കാരവുമായും ആഴത്തിൽ ഇഴചേർന്നിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.