മിന്നലായി രാഹുൽ; വട്ടം കറങ്ങി ഡൽഹി പൊലീസ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണി നേതാക്കളെയും നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടക്കമിട്ട തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസ് മാർച്ചിനെ മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ കഴിയാതെ ഡൽഹി പൊലീസ് നാണം കെട്ടു നിന്ന കാഴ്ചകൾക്കാണ് തലസ്ഥാനനഗരി ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. അസാധാരണമായ ഊർജത്തോടെ പ്രതിപക്ഷ പ്രക്ഷോഭകരെ നയിച്ചെത്തിയ രാഹുലിന്റെ പോരാട്ടവീര്യം ഡൽഹിയുടെ ഭരണസിരാകേന്ദ്രങ്ങളെ ഒരിക്കൽകൂടി പിടിച്ചു കുലുക്കി.
തലസ്ഥാനനഗരിയിൽ ഇന്നലെയുണ്ടായ സംഭവവികാസങ്ങൾ ഇങ്ങനെ:
രാവിലെ 10.45: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ ഇൻഡ്യ മുന്നണി നേതാക്കളുടെ നേതൃത്വത്തിൽ പാർലമെന്റിനകത്തു നിന്ന് മുദ്രാവാക്യം വിളികളുമായി മാർച്ച് പുറത്തേക്ക്. സൻസദ് മാർഗിലൂടെ ഒരു കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ള തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനമായിരുന്നു ലക്ഷ്യം. തെരഞ്ഞെടുപ്പ് കമീഷൻ കീഴടങ്ങി, ഗ്യാനേഷ് കുമാർ പുറത്തേക്ക് എന്ന ബാനറിന് പുറകിൽ അണിനിരന്ന എം.പിമാർ, ഗ്യാനേഷിനെ ആർ.എസ്.എസ് വേഷത്തിൽ ചിത്രീകരിക്കുന്ന കട്ടൗട്ടുകളേന്തിയാണ് മാർച്ചിൽ പങ്കെടുത്തത്.
11.00: കമീഷൻ ആസ്ഥാനത്തിന് 300 മീറ്റർ അകലെ നിതി ആയോഗും ആകാശവാണി ഭവനുമുള്ള കെട്ടിടത്തിന് മുമ്പിൽ മൂന്നുനിര ബാരിക്കേഡ് വെച്ച് വൻ പൊലീസ് സന്നാഹവും അർധസേനാ വിഭാഗവും മാർച്ച് തടയുന്നു. ഇതോടെ നേതാക്കളും അണികളും കടുത്ത ചൂട് അവഗണിച്ച് ഒരു മണിക്കൂറിലധികം റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനിടെ കോൺഗ്രസ്, സമാജ്‌വാദി പ്രവർത്തകർ പൊലീസിനെ വെട്ടിച്ച് ഇവിടേക്കെത്തി.
11.30: അവശത അനുഭവപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പതുക്കെ പ്രതിഷേധ സ്ഥലത്തു നിന്ന് മാറ്റിയതിന് പിന്നാലെ, പൊലീസിനെ വകഞ്ഞു മാറ്റി രാഹുൽ ബാരിക്കേഡിന് മുകളിലേക്ക് ചാടിക്കയറി സമരക്കാരെ നോക്കി കൈവീശി ആവേശം പകർന്നു. പിറകെ പ്രിയങ്ക ഗാന്ധിയും രാഹുലിനടുത്തേക്ക് എത്തി. മറ്റൊരു വശത്തിലൂടെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും കോൺഗ്രസിന്റെ ജെബി മേത്തറും സി.പി.എം എം.പി എ.എ. റഹീമും വി. ശിവദാസനും അടക്കമുള്ളവർ ബാരിക്കേഡിന് മുകളിലെത്തി. സമരക്കാർക്കിടയിൽ ഉണ്ടായിരുന്ന ത്രിവർണ പതാക വാങ്ങിച്ച് വീശി സമരത്തിന് കൂടുതൽ ആവേശം പകർന്നു.
12.00: എം.പിമാരെ അറസ്റ്റ് ചെയ്തു നീക്കാൻ സജ്ജമാക്കിയ ബസ് പൊലീസ് സമരക്കാർക്കടുത്തേക്ക് എത്തിച്ചു. അസുഖമുള്ളവരും പ്രായമുള്ളവരുമായ എം.പിമാർ പൊലീസിന്റെ നടപടിയോട് സഹകരിച്ച് ആദ്യം ബസിൽ കയറി. പിറകെ റഹീം അടക്കമുള്ളവരെ ബസിൽ കയറ്റാൻ ശ്രമിച്ചതോടെ പ്രതിരോധിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ ബസിൽ കയറ്റി.
12.10: താഴെ ഇറങ്ങിയ രാഹുൽ അറസ്റ്റ് വരിക്കാനെന്ന് തോന്നിക്കുന്ന രീതിയിൽ ബസിനടുത്തേക്ക് നടന്നു. ഈ സമയം ബസിനകത്ത് കയറുകയായിരുന്ന പ്രിയങ്കയോടും കെ.സി. വേണുഗോപാലിനോടും രാഹുൽ സ്വകാര്യമായി സംസാരിക്കുകയും പിറകെ പൊലീസിനെ വെട്ടിച്ച് സമീപത്തെ ആകാശവാണി ഭവന്റെ ജീവനക്കാർ കയറുന്ന മൂന്നാം ഗേറ്റിലൂടെ അകത്ത് കയറാൻ ശ്രമിക്കുകയും ചെയ്തു. പ്രിയങ്കയും ഇവിടേക്ക് ഓടിയെത്തി. ആകാശവാണിയുടെ സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും തള്ളിമാറ്റി ഇരുവരും അകത്തേക്ക് കടന്നു. ബസിനകത്ത് കയറിയതിനാൽ ഈ സമയം കെ.സി. വേണുഗോപാലിന് എത്താനായില്ല. ആകാശവാണിയുടെ പിൻഗേറ്റിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് എത്താനായിരുന്നു രാഹുലിന്റെ ശ്രമം. ഉടൻ തന്നെ പൊലീസ് എല്ലാ ഗേറ്റുകളും അടച്ച് രാഹുലിനെ തടഞ്ഞു.
12:15 ഈ സമയം അഖിലേഷ് യാദവ് അടക്കം ബാക്കിയുള്ള എം.പിമാരെ ബസിൽ കയറ്റി മുന്നോട്ട് പോകുന്നതിനിടെ സമാജ്‌വാദി പ്രവർത്തകർ ബസിന് മുകളിൽ കയറിയും മുമ്പിൽ ഇരുന്നും പ്രതിഷേധിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് ബസ് അവിടെ നിന്നും തൊട്ടടുത്തുള്ള മന്ദിർമാർഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
12.30 രാഹുലും പ്രിയങ്കയും ആകാശവാണി ഭവൻ വളപ്പിൽ ഇരിക്കുന്നത് അറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുറത്ത് തടിച്ചുകൂടി. രാഹുലിന് പോകാൻ എന്ന പ്രതീതി സൃഷ്ടിച്ച് അദ്ദേഹത്തിന്റെ വാഹനം അകത്തേക്ക് കയറ്റിയ സമയം കെ.സി. വേണുഗോപാൽ, പവൻ ഖേര തുടങ്ങിയവരും ഇടിച്ചു കയറി. പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവും ആരംഭിച്ചു.
1.00: പൊലീസ് പിടിച്ചുകൊണ്ടുപോയ ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് എം.പിമാർ ഇവിടേക്ക് തിരിച്ചെത്തി. നിരവധി കോൺഗ്രസ് പ്രവർത്തകരും എത്തി. പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ കൂടുതൽ പ്രവർത്തകർ എത്തി പ്രതിരോധിച്ചു. പ്രവർത്തകരെ കയറ്റിയ ബസുകളുടെ കാറ്റ് അഴിച്ചുവിട്ടു. നിരവധി തവണ പൊലീസുമായി എം.പിമാരടക്കം കൊമ്പുകോർത്തു.
ആകാശവാണി ഭവൻ വളപ്പിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയ രാഹുലിനും കൂടെയുള്ളവർക്കും ഉച്ചഭക്ഷണവും വെള്ളവും എത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തി രാഹുലുമായി സംസാരിച്ചെങ്കിലും കമീഷണറെ കാണാതെ പോകില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. മതിലിനടുത്തേക്ക് വന്ന് മാധ്യമങ്ങളുമായി സംസാരിച്ച് നിലപാട് വ്യക്തമാക്കി. വൈകിട്ടോടെ നിലത്ത് വിരിക്കാൻ പായകൾ എത്തിച്ച് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
ഇൻഡ്യ സഖ്യ മാർച്ചിനെതിരെ ബി.ജെ.പി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം നടത്തിയ മാർച്ചിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. അരാജകത്വം സൃഷ്ടിക്കാനും രാഹുൽ ഗാന്ധിയെ വീണ്ടും രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാനുമുള്ള കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ശ്രമമാണിതെന്ന് പാർട്ടി ആരോപിച്ചു.
സുപ്രീംകോടതിയുടെ പരാമർശങ്ങൾ തെറ്റായി ഉദ്ധരിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനും സ്വന്തം രാഷ്ട്രീയം മെച്ചപ്പെടുത്താനും രാഹുൽ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര എം.പി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഫോം ആറ് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതി നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത്. വാദം കേട്ടിട്ടുമില്ല. എന്നിട്ടും രാജ്യത്ത് അരാജകത്വം, നുണകൾ, വഞ്ചന, ആശയക്കുഴപ്പം എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയാണ്. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാനും അർഹതയില്ലാതെ രാഹുൽ ഗാന്ധിയെ നേതൃസ്ഥാനത്ത് എത്തിക്കാനും ആസൂത്രിത ശ്രമം നടത്തുകയാണെന്നും പത്ര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.