എല്ലാവരും ഇന്‍റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായത്തിലേക്ക് വരൂ –മോദി

ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്ന നോട്ട് പ്രതിസന്ധിയെ മറികടക്കാന്‍ മുഴുവന്‍പേരും ഇന്‍റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായത്തിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തെയും അഴിമതിയെയും തടയാന്‍ ജനങ്ങള്‍ അവരുടെ മൊബൈല്‍ഫോണുകള്‍ ബാങ്കുകളുടെ ശാഖകളായി ഉപയോഗിക്കട്ടെയെന്നും ഒരു ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തില്‍ നാല് മൊബൈല്‍ഫോണുകളെങ്കിലും ഉപയോഗിക്കുന്ന ഈ കാലത്ത് ആളുകള്‍ അതിലെ ഇന്‍റര്‍നെറ്റ് സൗകര്യം ബാങ്കിങ് ഇടപാടുകള്‍ക്ക് പ്രയോജനപ്പെടുത്തണം. ബാങ്കുകള്‍ നല്‍കുന്ന മൊബൈല്‍ അപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. രാജ്യത്തെ രാഷ്ട്രീയ നേതാക്കളോടും അധ്യാപകരോടും യുവാക്കളോടും താന്‍ ഇക്കാര്യം ഊന്നിപ്പറയുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

നോട്ട് അസാധുവാക്കാനുള്ള തീരുമാനം ദരിദ്രവിഭാഗം ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. കള്ളപ്പണത്തിലൂടെയും അഴിമതിയിലൂടെയും മധ്യവര്‍ഗ സമൂഹം പാവങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി രാജ്യത്തെ മുഴുവന്‍ ആളുകളും പണരഹിത സാമ്പത്തിക ഇടപാടുകളിലേക്ക് മാറണമെന്ന് മോദി ആവശ്യപ്പെട്ടു.  അതിനിടെ, സര്‍ക്കാര്‍ തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും കറന്‍സി രഹിത സമ്പ്രദായത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ കേന്ദ്രം ഊര്‍ജിതമാക്കി. ഇതിന്‍െറ ഭാഗമായി, ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയം മറ്റു മന്ത്രാലയങ്ങളോടും ഇതരവകുപ്പുകളോടും നിര്‍ദേശിച്ചു. കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗ തീരുമാനത്തിന്‍െറ ഭാഗമായാണ് ഈ നിര്‍ദേശമെന്നറിയുന്നു. 
 
Tags:    
News Summary - internet bank plan modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.