വരുന്നു, ഇന്ത്യയുടെ സ്വന്തം വിമാനം...
രണ്ടുവർഷത്തിനകം ഇന്ത്യ സ്വന്തമായി യാത്രാവിമാനം രൂപകൽപന ചെയ്ത് വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഇന്ത്യയെ പ്രധാന എയ്റോസ്പേസ് നിർമാണ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് വിശാഖപട്ടണത്ത് സി.ഐ.ഐ പങ്കാളിത്ത ഉച്ചകോടിയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. വിദേശ വിമാന നിർമാതാക്കളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. യാത്രാവിമാനങ്ങളുടെ നിർമാണത്തിൽ ബോയിങ്, എയർബസ് എന്നീ കമ്പനികൾക്കാണ് കുത്തക. ആഗോള വ്യോമയാന വിപണിയുടെ 95 ശതമാനത്തിലധികവും ഈ രണ്ട് കമ്പനികളുടെ കൈപ്പിടിയിലാണ്. ബോയിങ്ങിനും എയർബസിനും വെല്ലുവിളി ഉയർത്താൻ ചൈന വികസിപ്പിച്ചെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള കൊമാക് എന്ന കമ്പനിയുടെ സി919 വിമാനങ്ങൾ സർവിസ് ആരംഭിച്ചിട്ടുണ്ടെങ്കിലും വാണിജ്യതലത്തിൽ സജീവമായിട്ടില്ല. യുദ്ധവിമാനങ്ങൾ നിരവധി രാജ്യങ്ങൾ നിർമിക്കുന്നു. ചെറിയ ദൂരങ്ങളിലേക്കുള്ള വിമാനങ്ങൾ നിർമിക്കുന്ന ബ്രസീലിയൻ കമ്പനി എംബ്രയറും സ്വകാര്യ ബിസിനസ് ജെറ്റുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കനേഡിയൻ കമ്പനിയായ ബൊംബാർഡിയറും നിലവിലുണ്ട്. എ.ടി.ആർ (ഫ്രാൻസ്/ ഇറ്റലി), ഗൾഫ് സ്ട്രീം (അമേരിക്ക), ഡസ്സോൾട്ട് ഏവിയേഷൻ (ഫ്രാൻസ്), സെസ്ന-ടെക്സ്ട്രോൺ ഏവിയേഷൻ (യു.എസ്) എന്നിവയാണ് ചെറുവിമാനങ്ങൾ നിർമിക്കുന്ന മറ്റു കമ്പനികൾ.
എന്തുകൊണ്ട് രണ്ട് കമ്പനികൾ മാത്രം?
അതിസൂക്ഷ്മമായ എൻജിനീയറിങ് വൈദഗ്ധ്യവും ഭീമമായ മുതൽമുടക്കും ഗവേഷണച്ചെലവുമാണ് വിമാന നിർമാണ രംഗത്തേക്ക് പുതിയ കമ്പനികൾ വരാതിരിക്കുന്നതിന് കാരണം. ഒരു പുതിയ മോഡൽ യാത്രാ വിമാനം രൂപകൽപന ചെയ്ത് വിപണിയിലെത്തിക്കാൻ 20 മുതൽ 30 ബില്യൺ ഡോളർ വരെ (ഏകദേശം ഒന്നര ലക്ഷം കോടിയിലധികം രൂപ) ചെലവുവരും. ബോയിങ്ങിന് അമേരിക്കൻ ഭരണകൂടത്തിന്റെയും എയർ ബസിന് യൂറോപ്യൻ യൂനിയന്റെയും പിന്തുണയുണ്ട്. വിമാനം രൂപകൽപന ചെയ്ത് സുരക്ഷാ അനുമതികൾ നേടി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാൻ വർഷങ്ങളെടുക്കും. അതുവരെ വലിയ മുതൽമുടക്കി പിടിച്ചുനിൽക്കുക എളുപ്പമല്ല. അമേരിക്കൻ കമ്പനികളോട് മത്സരിക്കാനായി യൂറോപ്യൻ രാജ്യങ്ങൾ ഒത്തുചേർന്ന് രൂപവത്കരിച്ച കമ്പനിയാണ് എയർബസ്. 1970കൾക്കുമുമ്പ് മക്ഡൊണൽ ഡഗ്ലസ്, ലോക്ക്ഹീഡ്, കൺവെയർ തുടങ്ങി നിരവധി കമ്പനികൾ വലിയ യാത്രാവിമാനങ്ങൾ നിർമിച്ചിരുന്നു. എന്നാൽ, കടുത്ത മത്സരവും സാമ്പത്തിക പ്രതിസന്ധികളും കാരണം പല കമ്പനികളും പൂട്ടിപ്പോവുകയോ ബോയിങ്ങിൽ ലയിക്കുകയോ ചെയ്തു.
വാൽക്കഷണം:
ഇന്ത്യയിൽ വിമാനങ്ങൾ നിർമിക്കാൻ എംബ്രയറുമായി അദാനി ഗ്രൂപ് ധാരണയിലെത്തിയ വാർത്ത ഈ വർഷം തുടക്കത്തിൽ പുറത്തുവന്നിരുന്നു. 70 മുതൽ 146 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന, ആഭ്യന്തര യാത്രകൾക്ക് വേണ്ടിയുള്ള ചെറിയ ജെറ്റുകൾ നിർമിക്കാനാണ് ധാരണ. ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഇന്ത്യയിൽ കൂട്ടിച്ചേർത്ത് വിമാനം നിർമിക്കാനാണ് ധാരണ. ഇനി അതായിരിക്കുമോ മന്ത്രി പറഞ്ഞത്? യാത്രാവിമാനങ്ങൾ രൂപകൽപന ചെയ്ത് നിർമിക്കുമെന്ന് വ്യക്തമായി പറഞ്ഞ സ്ഥിതിക്ക് അതല്ലെന്ന് കരുതാം.
100 പുതിയ വിമാനത്താവളങ്ങൾ
പത്തുവർഷത്തിനകം 100 പുതിയ വിമാനത്താവളങ്ങൾ നിർമിക്കാർ സർക്കാർ പദ്ധതിയിടുന്നതായും വ്യോമയാന മന്ത്രി പറഞ്ഞു. ഇന്ത്യയെ പ്രധാന എയ്റോസ്പേസ് നിർമാണ കേന്ദ്രമാക്കി മാറ്റാനുള്ള ബൃഹത് പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. 2027 സാമ്പത്തിക വർഷം മുതൽ 2036 വരെ കാലയളവിലേക്ക് 28,840 കോടി രൂപ വകയിരുത്തി 2026 മാർച്ചിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പരിഷ്കരിച്ച ഉഡാൻ പദ്ധതിയുടെ ഭാഗമാണ് ഈ വിപുലീകരണം. ചെറിയ നഗരങ്ങളിലേക്കും വേണ്ടത്ര സേവനം ലഭിക്കാത്ത പ്രദേശങ്ങളിലേക്കും വ്യോമയാന കണക്ടിവിറ്റി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നൂറുകണക്കിന് പുതിയ ആധുനിക ഹെലിപാഡുകളും നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.