വെല്ലുവിളി നേരിടാൻ തയാർ, കരുത്ത് കാട്ടി നാവികസേന; കപ്പലുകളെ തകർക്കുന്ന മിസൈൽ പരീക്ഷിച്ചു

ന്യൂഡൽഹി: 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ വെല്ലുവിളികളെ നേരിടാൻ സർവസജ്ജരെന്ന് വ്യക്തമാക്കി ഇന്ത്യൻ നാവികസേന. കരുത്ത് കാട്ടി അറബിക്കടലില്‍ ശക്തിപ്രകടനം നടത്തി. ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകൾ നാവികസേന പരീക്ഷിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചു.

വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായ വിശാഖപട്ടണം, കൊല്‍ക്കത്ത തുടങ്ങി ഡിസ്‌ട്രോയര്‍ ക്ലാസ് യുദ്ധക്കപ്പലുകളും നീല്‍ഗിരി ക്ലാസ് അടക്കമുള്ള ഫ്രിഗേറ്റ് യുദ്ധക്കപ്പലുകളും അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തു. ആയുധങ്ങളും കപ്പലുകളും തയാറാക്കി യുദ്ധസജ്ജമാക്കി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനം നടന്നത്.


നേരത്തെ, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽവേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് സൂറത്തിൽ നിന്ന് മിസൈൽ വിക്ഷേപിച്ചിരുന്നു. കടലിനു മുകളില്‍ ശത്രുവിമാനത്തെയോ മിസൈലിനേയോ ആക്രമിച്ച് തകർക്കുന്ന ‘സീ സ്കിമ്മിങ്’ പരീക്ഷണമാണ് നടത്തിയത്.

കറാച്ചിയിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തുമെന്ന് പാകിസ്താൻ പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യയും മിസൈലുകൾ സജീവമാക്കി നിർത്തുന്നത്. ഏപ്രില്‍ 24, 25 തിയതികളില്‍ കറാച്ചി തീരത്ത് നിന്ന് മിസൈല്‍ പരീക്ഷണം നടത്തുമെന്നായിരുന്നു പാകിസ്താന്‍റെ നിലപാട്. ഇന്ത്യ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇതിനാണ് ഇന്ത്യൻ നേവി മറുപടി നൽകിയിരിക്കുന്നത്.

Tags:    
News Summary - Indian Navy Conducts Successful Anti-Ship Missile Firings To Showcase Combat Readiness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.