FAQ: രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ എങ്ങനെ? വോട്ടെണ്ണൽ രീതി? വിവിധ സംസ്ഥാനങ്ങളിലെ നിലയെന്ത്?

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂൺ 10ന് നടക്കുകയാണ്. 15 സംസ്ഥാനങ്ങളിൽ നിന്നായി 57 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതിൽ 41 സീറ്റുകളിലേക്കുമുള്ള പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. മത്സരം നടക്കുന്ന സീറ്റുകളെ ചൊല്ലിയാണ് രാഷ്ട്രീയ പോരാട്ടം മുറുകുന്നത്. കുതിരക്കച്ചവടം തടയുന്നതിനായി പല കക്ഷികളും തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിനെ കുറിച്ച് ഉയരുന്ന പ്രധാന ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാം.

Q. രാജ്യസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം എത്ര?

A. പാർലമെന്‍റിന്‍റെ ഉപരിസഭയെന്ന് വിശേഷിപ്പിക്കുന്ന രാജ്യസഭയിൽ പരമാവധി 250 അംഗങ്ങളെയാണ് ഭരണഘടന അനുവദിക്കുന്നത്. ഇതിൽ 238 അംഗങ്ങളെ തെരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുന്നത്. ബാക്കിയുള്ള 12 അംഗങ്ങളെ രാഷ്ട്രപതി നാമനിർദേശം ചെയ്യും. കല, സാഹിത്യം, സാംസ്കാരികം, കായികം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രഗത്ഭരെയാണ് ഇത്തരത്തിൽ നാമനിർദേശം ചെയ്യുക.

Q. സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം

A. ജനസംഖ്യാനുപാതികമായാണ് ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്. ഇത് ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍- 31. കേരളത്തിന് ഒമ്പത് അംഗങ്ങളുണ്ട്.

Q. രാജ്യസഭയിലേക്ക് ആർക്കാണ് മത്സരിക്കാനാവുക

A. 30 വയസ്സ് തികഞ്ഞ ഒരു ഇന്ത്യന്‍ പൗരന് രാജ്യസഭയിലേക്ക് മത്സരിക്കാം. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാന്‍ 25 വയസ്സ് തികഞ്ഞാല്‍മതി. ഏത് സംസ്ഥാനത്തു നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനാകും.

Q. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആർക്കൊക്കെ വോട്ട് ചെയ്യാം?

A. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ അംഗങ്ങൾക്ക് മാത്രമേ രാജ്യസഭയിലേക്ക് മത്സരിക്കുന്നവർക്ക് വോട്ട് ചെയ്യാൻ കഴിയൂ.

Q. എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്?

A. പരോക്ഷ തെരഞ്ഞെടുപ്പിലൂടെ എം.എൽ.എമാരാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ച് ഒറ്റ കൈമാറ്റ വോട്ട് വഴിയാണ് വോട്ടെടുപ്പ് നടത്തുന്നത്. ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഒരേസമയം വോട്ട്ചെയ്യാന്‍ അവസരം നല്‍കുന്ന തെരഞ്ഞെടുപ്പുരീതിയാണിത്. ഒരാള്‍ക്ക് 1, 2, 3 തുടങ്ങിയ മുന്‍ഗണനാക്രമം നല്‍കി ആകെയുള്ള സ്ഥാനാര്‍ഥികള്‍ക്കെല്ലാം വോട്ട്ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരില്‍ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവര്‍ ആദ്യറൗണ്ടില്‍ത്തന്നെ വിജയിക്കും. പിന്നീട് രണ്ടാംവോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിര്‍ണയിക്കും. ആദ്യം വിജയിച്ചയാള്‍ക്ക് വിജയിക്കാനാവശ്യമായ വോട്ടില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ആ അധികവോട്ട് അയാള്‍ക്ക് വോട്ട്ചെയ്തവര്‍ രണ്ടാംവോട്ട് ആര്‍ക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും.

Q. വോട്ട് എണ്ണുന്നത് എങ്ങനെ?

A. ജയിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വോട്ടിന്റെ എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക സൂത്രവാക്യമുണ്ട്. ഇതിന് ഡ്രൂപ് ക്വാട്ട (Droop quota) എന്നുപറയും. ഉദാഹരണത്തിനായി വിജയിക്കാനായി വേണ്ടത് 35 വോട്ടാണെങ്കിൽ വോട്ടെണ്ണുമ്പോള്‍ 35 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കില്‍ വോട്ടെണ്ണല്‍ തുടരും. വിജയിച്ചയാള്‍ക്ക് 35 വോട്ടില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ആ അധികവോട്ട് അയാള്‍ക്ക് വോട്ട്ചെയ്തവര്‍ രണ്ടാംവോട്ട് ആര്‍ക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയില്‍ അവരുടെ മൂന്നാം വോട്ട് രണ്ടാംവോട്ടുമാകും). ഈ വോട്ടുകള്‍ ലഭിക്കുമ്പോള്‍ 35 വോട്ട് തികയുന്ന സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കില്‍ വോട്ടെണ്ണല്‍ തുടരും. ആരും 35 വോട്ട് നേടാത്ത സ്ഥിതിവന്നാല്‍ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു മാറ്റും.

Q. ഇത്തവണത്തെ നിലയെന്ത്?

A. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ജൂൺ 10ന് നടക്കുന്നത്. ഉത്തർപ്രദേശിൽ നിന്ന് 11 സീറ്റുകൾ, മഹാരാഷ്ട്രയിൽ നിന്ന് ഏഴ് സീറ്റുകൾ, തമിഴ്‌നാട്ടിൽ ആറ് സീറ്റുകൾ, ബിഹാറിൽ നിന്ന് അഞ്ച് സീറ്റുകൾ, രാജസ്ഥാൻ, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നാല് സീറ്റുകൾ, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ മൂന്ന് സീറ്റുകൾ, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, തെലങ്കാന എന്നിവിടങ്ങളിൽ രണ്ട് സീറ്റുകൾ, ഉത്തരാഖണ്ഡിൽ നിന്ന് ഒരൊറ്റ സീറ്റ് എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ്.

Q. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവർ

A. നിയമസഭയിലെ കക്ഷികൾ തങ്ങളുടെ അംഗങ്ങൾക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കാവുന്ന സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ നിർത്താറ്. അതിനാൽ പലപ്പോഴും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ബലാബലമുള്ള സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാറ്. ഇത്തവണ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
Tags:    
News Summary - How Are Rajya Sabha Elections Conducted? What Are the Stakes This Time?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.