‘ഡ്രസ്സ് കോഡല്ല ഞങ്ങളുടെ പ്രശ്നം, കുട്ടികളുടെ വിദ്യാഭ്യാസമാണ്’; ദമോഹിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഹിന്ദു വിദ്യാർഥികളുടെ രക്ഷിതാക്കളും

ഭോപ്പാൽ: ഹിജാബ് വിവാദം ആളിക്കത്തിച്ച് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ അടച്ചുപൂട്ടിയ ദമോഹിലെ ഗംഗ യമുന എച്ച്.എസ് സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത്. 12ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് സ്കൂളിൽ വിവാദം ഉടലെടുത്തത്. വിജയിച്ച ഹിന്ദു കുട്ടികളുടെ ഹിജാബ് അണിഞ്ഞുള്ള ചിത്രങ്ങളും പോസ്റ്ററിൽ ഇടംപിടിച്ചിരുന്നു. അമുസ്‍ലിം വിദ്യാർഥികളെ ഹിജാബ് ധരിക്കാൻ മാനേജ്മെന്റ് നിർബന്ധിക്കുന്നെന്നും മതപരിവർത്തനത്തിന് ശ്രമി​ക്കുന്നെന്നുമുള്ള ആരോപണവുമായി ബി.ജെ.പി അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതോടെ സ്കൂൾതന്നെ അടച്ചുപൂട്ടുകയായിരുന്നു.

നിലവിൽ സ്കൂളിന്റെ അംഗീകാരം സംസ്ഥാന വിദ്യാഭ്യാസ ബോർഡ് താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. മുഖ്യ​മന്ത്രി ശിവരാജ് സിങ് ചൗഹാൻ സംഭവത്തിൽ ഇടപെടുകയും സ്കൂളുമായി ബന്ധപ്പെട്ട് മതപരിവർത്തനം, ഭൂമി കൈയേറ്റം, ജി.എസ്.ടി വെട്ടിപ്പ് എന്നിവയിൽ അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിർദേശം നൽകുകയും ചെയ്തു. സ്കൂൾ തുടർച്ചയായ നിയമക്കുരുക്കിൽ കുടുങ്ങിയതോടെ ഇവിടെ പഠിക്കുന്ന 1000 വിദ്യാർഥികളുടെ ഭാവിയാണ് തുലാസിലായത്. പ്രദേശത്ത് ഇത്രയും വിദ്യാർഥികളെ ഉൾക്കൊള്ളാൻ പറ്റുന്ന മറ്റ് സ്കൂളുകളൊന്നും ഇല്ലാത്തതും ഉള്ള സ്കൂളുകൾ ഇവിടത്തെ കുട്ടികളെ ചേർക്കാൻ വിസമ്മതിക്കുന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നതായി ‘ദ ക്വിന്റ്’ പോലുള്ള ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ഒരു ചെറിയ പ്രശ്നം ഇത്രമാത്രം വലുതാക്കിയത് മനപ്പൂർവ്വമാണ്. കുട്ടികൾ അവിടെ പഠിക്കാൻ തുടങ്ങിയിട്ട് 12 വർഷമായി. ഇവിടെയാരും മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നില്ല. എന്തെങ്കിലും വസ്ത്രധാരണത്തിന്റെ ആരും അവഹേളിക്കപ്പെടുന്നില്ല’-ഒരു രക്ഷിതാവ് പറഞ്ഞു. ദാമോഹയിലെ ഫുതേര വാർഡിലെ ഏക ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ഗംഗ യമുന.

‘എന്റെ ക്ലാസ്സിൽ ആരെയും നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുകയോ, ഏതെങ്കിലും ഹിന്ദു വിദ്യാർഥിയെ തിലകം ഇട്ടുവന്നതിന് ശകാരിക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല’- പത്താം ക്ലാസ് വിദ്യാർഥിയായ തരുൺ ‘ദി ക്വിന്റി’നോട് പറഞ്ഞു. സ്കൂളിൽ നഴ്‌സറി മുതൽ പഠിക്കുന്ന വിദ്യാർഥിയാണ് തരുൺ.

‘ശിരോവസ്ത്രം സംബന്ധിച്ച് സ്‌കൂളിൽ നിന്നുള്ള സമ്മർദ്ദത്തെക്കുറിച്ച് ഞങ്ങളുടെ മകൾ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. അത് അവരുടെ ഡ്രസ് കോഡിന്റെ ഭാഗമാണ്. അതിൽ തെറ്റൊന്നുമില്ല. ഡ്രസ് കോഡ് എന്താണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ കുട്ടിയെ അവിടെ ചേർക്കുകയായിരുന്നു. ഗംഗാ യമുനയിൽ വളരെ മികച്ച വിദ്യാഭ്യാസമാണ് ലഭിച്ചത്. ഞങ്ങൾക്കും അതുത​െന്നയാണ് പ്രധാനം’-വിവാദ പോസ്റ്ററിൽ ഫോട്ടോ പ്രസിദ്ധീകരിച്ച വിദ്യാർഥിനികളിൽ ഒരാളുടെ രക്ഷിതാവായ രാജ് കുമാർ സാഹു പറഞ്ഞു.

പോസ്റ്റർ പുറത്തുവന്നതിനുപിന്നാലെ ചില ഹിന്ദുത്വ ഗ്രൂപ്പുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും എന്നാൽ വാസ്തവത്തിൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് എതിർപ്പൊന്നും ഉണ്ടായിട്ടില്ലെന്നും സാഹു പറയുന്നു.

Tags:    
News Summary - Ganga Jamna School Row: Hindu Parents in Damoh Say 'Dress Code Doesn't Matter, Education Does'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.