സുവേന്ദു അധികാരി
ബംഗാളിൽ വ്യാജ ഡോക്ടർമാരെ പിടികൂടാൻ പരിശോധന; 1.10 ലക്ഷം പേരുടെ രേഖകൾ പരിശോധിക്കും
കൊൽക്കത്ത: വ്യാജ ഡോക്ടർമാരെ കണ്ടെത്താൻ സംസ്ഥാനത്തെ മുഴുവൻ ഡോക്ടർമാരുടെയും രേഖകൾ പരിശോധിക്കാൻ ബംഗാൾ ആരോഗ്യ വകുപ്പിന്റെ തീരുമാനം. വെസ്റ്റ് ബംഗാൾ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത 1.10 ലക്ഷം ഡോക്ടർമാരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ആരോഗ്യ മന്ത്രി ശരദ്വത് മുഖർജിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് രജിസ്ട്രേഷനില്ലാതെ ചികിത്സ നടത്തുന്നവരുടെ എണ്ണം വർധിക്കുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം. വ്യാജ ബിരുദങ്ങളും തിരുത്തിയ സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ചിലർ പ്രാക്ടീസ് ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് സമഗ്ര പരിശോധന അനിവാര്യമായത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ആരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം നിലനിർത്താനും ഇത് സഹായിക്കുമെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
സ്റ്റേറ്റ് ഇൻസ്പെക്ഷൻ ആൻഡ് റീവാലിഡേഷൻ (എസ്.ഐ.ആർ) മാതൃകയിലാകും പരിശോധന. ഡോക്ടർമാരുടെ ബിരുദങ്ങളും സർവകലാശാലകൾ നൽകിയ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ രേഖകളും വിശദമായി പുനഃപരിശോധിക്കും. ഇതോടൊപ്പം 'നോ യുവർ ഡോക്ടർ' (കെ.വൈ.ഡി) പരിശോധനയും നടക്കും. 1996 മുതൽ രജിസ്റ്റർ ചെയ്ത എല്ലാവരും പരിശോധനയുടെ പരിധിയിൽ വരും. യഥാർത്ഥ രേഖകളുള്ള ഡോക്ടർമാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഡോക്ടർമാർക്ക് രണ്ട് രീതിയിൽ രേഖകൾ പരിശോധിപ്പിക്കാം. നേരിട്ട് ഹാജരായി രേഖകൾ കാണിക്കാം, അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗ് വഴി വെർച്വൽ സെഷനിൽ പങ്കെടുക്കാം. പ്രായമായവർക്കും രോഗികൾക്കും ദൂരെയുള്ളവർക്കും വിദേശത്ത് കഴിയുന്നവർക്കും വേണ്ടിയാണ് വെർച്വൽ സൗകര്യം ഒരുക്കുന്നത്. പരിശോധന കൃത്യമായും സുതാര്യമായും നടത്താൻ സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
പരിശോധനയിൽ രേഖകളിൽ പൊരുത്തക്കേട് കണ്ടെത്തിയാൽ കൂടുതൽ അന്വേഷണം നടത്തും. വ്യാജരേഖ നൽകിയതായി തെളിഞ്ഞാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടിയെടുക്കും. അതേസമയം ചെറിയ സാങ്കേതിക തെറ്റുകളുള്ളവർക്ക് രേഖകൾ തിരുത്താൻ അവസരം നൽകുമെന്നും അധികൃതർ അറിയിച്ചു. ഇത് യഥാർത്ഥ ഡോക്ടർമാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് വ്യാജന്മാരെ ഒഴിവാക്കാനാണെന്നും മന്ത്രി പറഞ്ഞു.
പരിശോധനയുടെ ഭാഗമായി കൗൺസിലിന്റെ പട്ടികയും പുനക്രമീകരിക്കും. മരിച്ചവർ, വിദേശത്ത് സ്ഥിരതാമസമാക്കിയവർ, ഇപ്പോൾ പ്രാക്ടീസ് ചെയ്യാത്തവർ എന്നിവരുടെ പേരുകൾ പട്ടികയിൽ നിന്ന് സ്ഥിരമായി നീക്കും. പഴയ സർട്ടിഫിക്കറ്റുകളിലെ കാലാവധി സംബന്ധിച്ച സംശയത്തിനും മന്ത്രി മറുപടി നൽകി. പുതിയ മാർഗനിർദേശം വരുന്നതുവരെ നിലവിലുള്ള എല്ലാ രജിസ്ട്രേഷനുകളും സാധുവായിരിക്കും.
ആരോഗ്യ മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും രജിസ്റ്റർ ചെയ്യാത്തവർ ചികിത്സിക്കുന്നത് പൂർണമായും തടയാനുമാണ് ഈ നടപടിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധന പൂർത്തിയാകുന്നതോടെ ബംഗാളിലെ യഥാർത്ഥ ഡോക്ടർമാരുടെ കൃത്യമായ കണക്ക് ലഭിക്കും. ഭാവിയിൽ രോഗികൾക്ക് തങ്ങളുടെ ഡോക്ടറെക്കുറിച്ച് എളുപ്പത്തിൽ അറിയാനും ഈ പുതിയ സംവിധാനം വലിയ രീതിയിൽ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.