ബി.ജെ.പി അനുകൂല എക്സിറ്റ് പോള്‍: പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: യു.പി ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലം പ്രമുഖ ഹിന്ദി പത്രമായ ദൈനിക് ജാഗരണില്‍ പ്രസിദ്ധീകരിച്ചതിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ട്. ദ വയര്‍ ഡോട്ട് ഇന്‍ എന്ന വെബ്പോര്‍ട്ടലാണ് വിവരം പുറത്തുവിട്ടത്.
നിയമവിരുദ്ധമായി എക്സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിച്ചതിന് തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് പത്രം അത് പിന്‍വലിക്കുകയായിരുന്നു. പരസ്യത്തിന്‍െറ ഭാഗമായാണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് വിശദീകരണം നല്‍കിയെങ്കിലും പത്രത്തിന്‍െറ ഓണ്‍ലൈന്‍ എഡിറ്ററായ ശേഖര്‍ ത്രിപാഠി അറസ്റ്റിലായി.

എന്നാല്‍, അപ്പോഴേക്കും വാട്സ്ആപ് വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ദൈനിക് ജാഗരണിന്‍െറ ഓണ്‍ലൈന്‍ പതിപ്പുകളുടെ മാര്‍ക്കറ്റിങ് മേധാവിയായിരുന്ന തന്‍മയ് ശങ്കറാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് വെബ്പോര്‍ട്ടല്‍ അന്വേഷണത്തില്‍ കണ്ടത്തെിയത്.

ആദ്യഘട്ട വോട്ടെടുപ്പില്‍ ജാട്ട് മേഖലകളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന് മുമ്പായി ഹിന്ദി മേഖലയില്‍ ഏറ്റവും പ്രചാരമുള്ള പത്രത്തില്‍ എക്സിറ്റ് പോള്‍ ഫലം നല്‍കിയതെന്നത് ശ്രദ്ധേയമാണ്. സുനില്‍ എന്നൊരാളില്‍നിന്നാണ് ഇത് ലഭിച്ചതെന്നും ആരാണിയാളെന്ന് അറിയില്ളെന്നുമായിരുന്നു ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തന്മയ് ശങ്കര്‍ മറുപടി നല്‍കിയത്. സുനിലിന്‍െറതായി നല്‍കിയ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.

ഫേസ്ബുക്ക് പ്രൊഫൈലില്‍നിന്നാണ് തന്മയ് ശങ്കറിന്‍െറ ആര്‍.എസ്.എസ് ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചത്. എക്സിറ്റ് പോള്‍ വിവാദമായതോടെ ആര്‍.എസ്.എസുമായുള്ള ബന്ധത്തെക്കുറിച്ച പോസ്റ്റുകള്‍ പലതും അദ്ദേഹം നീക്കം ചെയ്തെങ്കിലും നേരത്തേയുള്ള പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ വയറിന് ലഭിച്ചു. ഫെബ്രുവരി 19ന് തന്മയിന്‍െറ പേജില്‍ ആര്‍.എസ്.എസ് ആചാര്യനായ എം.എസ്. ഗോള്‍വാള്‍ക്കറുടെ ജന്മദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    
News Summary - exitpoll rsss bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.