തെരഞ്ഞെടുപ്പ് ബോണ്ട് കൈക്കൂലിയെ നിയമവിധേയമാക്കുന്നു: സുപ്രീംകോടതി, ഭരണകക്ഷിക്ക് മാത്രം കൂടുതൽ സംഭാവന എന്തുകൊണ്ട്?

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കൈക്കൂലിയെ നിയമവിധേയമാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കുറ്റപ്പെടുത്തി. കൈക്കൂലിയാണെങ്കിൽ പോലും തെരഞ്ഞെടുപ്പ് ബോണ്ട് ഔദ്യോഗിക സംവിധാനത്തിലൂടെ വെള്ളപ്പണമായി വരുമല്ലോ എന്ന് കേന്ദ്ര സർക്കാർ ബോധിപ്പിച്ചപ്പോഴാണ് ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിമർശനം. കള്ളപ്പണം അവസാനിച്ചാൽ മാത്രം പോരെന്നും പദ്ധതി സുതാര്യമാകണമെന്നും തുല്യാവസരം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട അഞ്ചംഗ ബെഞ്ച് ഭരണകക്ഷിക്ക് മാത്രം കൂടുതൽ സംഭാവന കിട്ടുന്നതെന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരായ കേസിൽ രണ്ടാം ദിവസത്തെ വാദം ഉപസംഹരിച്ച് ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് ഈ വിമർശനം നടത്തിയത്. ഇത് കൈക്കൂലിയെ നിയമപരമാക്കുന്നതെങ്ങിനെയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിശദീകരിച്ചു. കൈക്കൂലിയായി നൽകാനുദ്ദേശിക്കുന്ന പണം പാർട്ടികളിലെ വ്യക്തികൾക്ക് പകരം പാർട്ടികൾക്ക് നൽകുകയാ​ണ്. നേരത്തെ കാര്യസാധ്യത്തിനായി വ്യക്തികൾക്ക് നൽകിയിരുന്ന കൈക്കൂലി പാർട്ടികൾക്ക് നൽകുകയല്ലേ തെരഞ്ഞെടുപ്പിലൂടെ ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. നേരത്തെ ഒരു കമ്പനി 50 കോടി കൈക്കൂലിയായി നൽകാൻ വിചാരിച്ചാൽ അത് ഒന്നാകെ പാർട്ടി ഫണ്ടിലിടുകയല്ല വ്യക്തികൾക്ക് നൽകുകയാണ് ചെയ്തിരുന്നത്.

അഥവാ പാർട്ടിക്ക് നൽകിയാലും വ്യക്തികൾക്ക് അതിന്റെ വിഹിതം വ്യക്തിക്ക് കിട്ടുമായിരുന്നു. എന്നാൽ ഇപ്പോൾ ആ കൈക്കൂലി നേരെ പാർട്ടിയിലേക്ക് പോകും. യഥാർഥത്തിൽ തെരഞ്ഞെടുപ്പിലേക്ക് പണമിറക്കുന്നവരുടെ ഉദ്ദേശ്യങ്ങൾ എന്തു തന്നെയായാലും അതിന് നിയമപരമായ പരിരക്ഷ നൽകുകയാണ് തെരഞ്ഞെടുപ്പ് ബോണ്ട് ചെയ്യുന്നത്. നിങ്ങളിഷ്ടപ്പെട്ടാലുമില്ലെങ്കിലും ഇതാണ് നമ്മുടെ രാഷ്ട്രീയ സംവിധാനം എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. നേരത്തെയും ഇതായിരുന്നു രാഷ്​ട്രീയ സംവിധാനം എന്നാണ് പറയുന്നത്. നമ്മുടെ രാഷ്ട്രീയ സംവിധാനത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ബോണ്ടിൽ കള്ളപ്പണം അവസാനിച്ചാൽ മാത്രം പോരെന്നും പദ്ധതി സുതാര്യമാകണമെന്നും തുല്യാവസരം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജനാധിപത്യസമൂഹത്തിൽ കള്ളപ്പണം നേരിടണം. എന്നാൽ വിവിധ രാഷ്​ട്രീയ പാർട്ടികൾക്ക് നീതിപൂർവകമായി തുല്യാവസരം ഉറപ്പുവരുത്തുകയു​ം വേണം. വെള്ളപ്പണം തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കൊണ്ടുവരുമ്പോൾ എല്ലാ വിവരങ്ങളും എല്ലാവർക്കും ലഭ്യമാക്കണം. അതാണ് പ്രശ്നം. പഴയ രീതി പരാജയമാകാം. എന്നാലും ഒരു കമ്പനിയുടെ ലാഭവിഹിതത്തിന്റെ 7.5 ശതമാനം വരെ മാത്രമേ പാർട്ടികൾക്ക് സംഭാവന ചെയ്യാവൂ എ​ന്നൊരു പരിധി അതിനുണ്ടായിരുന്നു. ആ കമ്പനി രാഷ്​ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവന എത്രയാണെന്ന് അതി​ന്റെ ഓഹരി ഉടമകൾക്ക് അറിയാനുള്ള അവകാശമുവുണ്ടായിരുന്നു. ബോണ്ടിൽ സർക്കാറിന്റെ ലക്ഷ്യം പ്രശംസനീയമാകാം. എന്നാൽ സംഭാവന വിവിധ പാർട്ടികൾക്കിടയിൽ ആനുപാതികമാക്കി തുല്യാവസരമൊരുക്കാൻ കൈകൊള്ളുന്ന നടപടികളാണ് പ്രധാനം. കേസ് അവസാനം തീർപ്പാക്കുന്നത് വരെ കോടതിയുടെ കാഴ്ചപ്പാട് അന്തിമമല്ലെന്നും വിധി പറയുമ്പോൾ മാത്രമാണ് ഞങ്ങളുടെ വാക്ക് അവസാന വാക്കാകുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഭരണകക്ഷിക്ക് മാത്രം കൂടുതൽ സംഭാവന കിട്ടുന്നതെന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ ഏറ്റവും ശക്തനായ നേതാവ്, കൂടുതൽ കേഡറുകളുള്ള പാർട്ടി, കൂടുതൽ ജയസാധ്യത, സുഖകരമായ ബിസിനസ് തുടങ്ങിയ ഘടകങ്ങ​​ളൊക്കെ നോക്കിയാണ് അവർ സംഭാവന ചെയ്യുന്നത് എന്നായിരുന്നു കേന്ദ്രത്തി​ന്റെ മറുപടി. തുകയിൽ വ്യത്യാസമുണ്ടാകാമെങ്കിലും വലിയ സംഭാവനക്കാർ പ്രസക്തിയുള്ള എല്ലാ പാർട്ടികൾക്കും സംഭാവന ചെയ്യും. കൂടുതൽ സംഭാവന ഭരണകക്ഷിക്ക് ലഭിക്കുന്നതാണ് തെരഞ്ഞെടുപ്പ് ബോണ്ടിന് മുമ്പും രീതിയെന്ന് 2004-05 മുതൽ 2014-15 വരെയുള്ള സംഭാവനകളുടെ കണക്ക് വെച്ച് എസ്.ജി വാദിച്ചു.

Tags:    
News Summary - Electoral Bonds Case: Supreme Court says electoral bonds provides for selective anonymity, selective confidentiality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.