മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യയിൽ വൻ ട്വിസ്റ്റ്; ഒടുവിൽ ഡിഎംകെയും നിലപാട് മാറ്റി

ന്യൂഡൽഹി: പതിറ്റാണ്ടുകളുടെ എതിർപ്പിനൊടുവിൽ മണ്ഡല പുനർനിർണയത്തിൽ പുതിയ വഴിതേടി ദക്ഷിണേന്ത്യ, നിലപാട് മാറ്റി ഡി.എം.കെയും. ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തെ ദീർഘകാലമായി എതിർത്തിരുന്ന ദക്ഷിണേന്ത്യൻ പാർട്ടികൾ കേന്ദ്രത്തിന്റെ പുതുക്കിയ നിർദേശത്തെ എതിർക്കുന്നതിൽ ഇനി ഒറ്റക്കെട്ടല്ല.ജനസംഖ്യാ നിയന്ത്രണത്തിന് കേന്ദ്രം നൽകിയ ആഹ്വാനം ചെവിക്കൊണ്ട സംസ്ഥാനങ്ങൾ അതിന് വലിയ വില നൽകേണ്ടിവരുമോ എന്ന ലളിതമായ ചോദ്യമാണ് 1972ൽ സേലത്തുനിന്നുള്ള ഡി.എം.കെ ലോക്സഭാ എം.പി ഇ.ആർ. കൃഷ്ണൻ പാർലമെന്റ് സീറ്റുകൾ വർധിപ്പിക്കുന്നതിനുള്ള നിർദേശത്തിനെതിരെ സംസാരിക്കവെ ഉന്നയിച്ചത്.

1963ലെ മണ്ഡല പുനർനിർണയത്തിൽ തമിഴ്‌നാടിന് രണ്ട് ലോക്സഭാ സീറ്റുകൾ നഷ്ടപ്പെട്ട് പ്രാതിനിധ്യം 41ൽ നിന്ന് 39 ആയി കുറഞ്ഞിരുന്നു. കുടുംബാസൂത്രണ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ മറ്റൊരു പുനർനിർണയം വീണ്ടും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. നിയന്ത്രണമില്ലാത്ത ജനസംഖ്യാ വളർച്ച വികസനത്തെ തകർക്കുമെന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആ നിർദേശം പാലിച്ച് ജനനനിരക്ക് കുറച്ച സംസ്ഥാനത്തിന് പാർലമെന്റിലെ പ്രാതിനിധ്യ വിഹിതം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ, ‘കുടുംബാസൂത്രണ പദ്ധതികൾ നടപ്പിലാക്കിയതിനുള്ള പ്രതിഫലം ഇതാണെങ്കിൽ... ചില സംസ്ഥാനങ്ങൾ ആ പദ്ധതികൾ തന്നെ ഉപേക്ഷിച്ചേക്കാം’ എന്ന് 1973ൽ കൃഷ്ണൻ മുന്നറിയിപ്പ് നൽകി.

2026ലേക്ക് വരുമ്പോൾ, ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനർനിർണയത്തെ ദീർഘകാലമായി എതിർത്തിരുന്ന ദക്ഷിണേന്ത്യൻ കക്ഷികൾക്കിടയിൽ ഭിന്നത രൂപപ്പെട്ടിരിക്കുന്നു. എതിർപ്പിന് ചരിത്രപരമായി നേതൃത്വം നൽകിയിരുന്ന ഡിഎംകെ, നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതുക്കിയ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

ഡി.എം.കെ, ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്), വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി), തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി), ജനസേന പാർട്ടി, ജനതാദൾ (സെക്കുലർ) എന്നിവ കേന്ദ്ര നിർദേശത്തെ പിന്തുണക്കുന്നതോടെ കർണാടക, തമിഴ്‌നാട്, തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ 129 എം.പിമാരിൽ 75 പേരും ഇപ്പോൾ കേന്ദ്രത്തിനൊപ്പമാണ്.

അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളുടെ ഏകദേശം 60 ശതമാനത്തോളം വരുമിത്.

സംസ്ഥാനങ്ങൾക്കിടയിലെ നിലവിലുള്ള ആനുപാതിക സീറ്റ് വിതരണം നിലനിർത്തിക്കൊണ്ട് പാർലമെന്റിന്റെ അംഗബലം 50 ശതമാനം വർധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നിർദേശം. ഈ ക്രമീകരണം 2051 വരെ തുടരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന ഏക ഫോർമുല ഇതാണെന്നാണ് അനുകൂലിക്കുന്നവർ വാദിക്കുന്നത്.

ഒരു പാർലമെന്ററി ജനാധിപത്യത്തിൽ ‘ഒരാൾക്ക് ഒരു വോട്ട്’ എന്ന തത്വം ഉയർത്തിപ്പിടിച്ച് മണ്ഡലങ്ങൾ ഏകദേശം സമാനമായ എണ്ണം ജനങ്ങളെ പ്രതിനിധീകരിക്കേണ്ടതാണ്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യ എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിരക്കിലല്ല വളർന്നത്. ദശകങ്ങളോളം ലോക്സഭാ സീറ്റ് വിഹിതം മരവിപ്പിക്കാൻ എടുത്ത തീരുമാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എം.പിമാർ പ്രതിനിധീകരിക്കുന്ന ജനസംഖ്യയിൽ വലിയ അന്തരമുണ്ടാക്കി.

ഉദാഹരണത്തിന്, സംസ്ഥാനങ്ങൾക്കിടയിൽ പാർലമെന്ററി മണ്ഡലങ്ങൾ പുനർനിർണയിക്കാൻ അവസാനമായി ഉപയോഗിച്ച 1971ലെ സെൻസസ് കാലത്ത് ബീഹാറിനും തമിഴ്‌നാടിനും ഏകദേശം സമാനമായ ജനസംഖ്യയായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ ജനസംഖ്യാനുപാതികമായി ഇരു സംസ്ഥാനങ്ങൾക്കും ലോക്സഭയിൽ ഏതാണ്ട് തുല്യമായ പ്രാതിനിധ്യം ലഭിച്ചു.

എന്നാൽ തുടർന്നുള്ള അഞ്ച് പതിറ്റാണ്ടുകളിൽ തമിഴ്‌നാടിനേക്കാൾ വളരെ വേഗത്തിൽ ബീഹാറിലെ ജനസംഖ്യ വർധിച്ചു. അതേസമയം ഇരു സംസ്ഥാനങ്ങൾക്കും അനുവദിച്ച പാർലമെന്ററി മണ്ഡലങ്ങളിൽ മാറ്റമൊന്നുമുണ്ടായില്ല. ശരാശരി കണക്കിൽ, തമിഴ്‌നാട്ടിലെ ഒരു എംപിയെക്കാൾ കൂടുതൽ ജനസംഖ്യയെ ബീഹാറിലെ ഒരു എം.പി പ്രതിനിധീകരിക്കുന്നു.

ജനസംഖ്യാ വളർച്ച വിജയകരമായി നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്ററി പ്രാതിനിധ്യം നഷ്ടമായേക്കുമെന്ന ആശങ്ക തുടർന്നുള്ള സർക്കാരുകൾക്കുണ്ടായി. രാജ്യത്തിന്റെ ജനസംഖ്യാ ഘടന മാറിക്കൊണ്ടിരുന്നപ്പോഴും സംസ്ഥാനങ്ങൾക്കിടയിലെ സീറ്റ് പുനർനിർണയം സർക്കാർ മരവിപ്പിച്ചു.

1971ന് ശേഷം ഇന്ത്യയുടെ ജനസംഖ്യയിൽ 150 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ടെങ്കിലും അത് സംസ്ഥാനങ്ങൾക്കിടയിൽ അസമമായാണ് നടന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ജനസംഖ്യയുള്ള പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ജനസംഖ്യാ വളർച്ച വേഗത്തിലായിരുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രത്യുൽപ്പാദന നിരക്ക് നേരത്തെയും വേഗത്തിലും കുറച്ചുകൊണ്ടുവന്നു. 1971ൽ ഏകദേശം 43 ശതമാനമായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ വിഹിതം ഇപ്പോൾ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 50 ശതമാനത്തോളമാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ നാല് പ്രധാന മണ്ഡല പുനർനിർണയങ്ങൾ നടത്തിയിട്ടുണ്ട് - 1952, 1963, 1973, 2002 എന്നീ വർഷങ്ങളിൽ. എന്നാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം അവസാനമായി വർധിപ്പിച്ചത് 1973ലെ പുനർനിർണയത്തിലായതിനാൽ അത് അതീവ പ്രാധാന്യമർഹിക്കുന്നു.

1952ലെ ആദ്യ മണ്ഡല പുനർനിർണയത്തിലൂടെ പാർലമെന്ററി പ്രാതിനിധ്യത്തിന്റെ പ്രാഥമിക ഘടന രൂപീകരിക്കുകയും ലോക്സഭയുടെ പരമാവധി അംഗബലം 500 ആയി നിജപ്പെടുത്തുകയും ചെയ്തു.ഒരു പതിറ്റാണ്ടിന് ശേഷം, 1963-ൽ, ഓരോ മണ്ഡലവും പ്രതിനിധീകരിക്കുന്ന വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് പരമാവധി അംഗബലം 525 ആയി ഉയർത്തി.

ജനസംഖ്യാ വളർച്ചയും പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണവും ഉൾക്കൊള്ളുന്നതിനായി 1973ലാണ് അടുത്ത പ്രധാന പുനർനിർണയം നടന്നത്. അന്ന് ലോക്സഭയുടെ പരമാവധി അംഗബലം 545 ആയി ഉയർത്തി. ഇതിൽ 525 സീറ്റുകൾ സംസ്ഥാനങ്ങൾക്കും 20 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അനുവദിച്ചു.

രാജ്യത്തുടനീളം പാർലമെന്ററി പ്രാതിനിധ്യം പുനർവിതരണം ചെയ്യുന്നതായിരുന്നു ഈ നടപടി, എന്നാൽ ഒരു സംസ്ഥാനത്തിനും സീറ്റുകൾ നഷ്ടപ്പെട്ടില്ല. 13 സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം വർധിച്ചപ്പോൾ, ശേഷിക്കുന്ന 18 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിലവിലെ എണ്ണം നിലനിർത്താനായി.

മധ്യപ്രദേശും മഹാരാഷ്ട്രയുമായിരുന്നു ഏറ്റവും വലിയ ഗുണഭോക്താക്കൾ. ഇരുവർക്കും മൂന്ന് വീതം അധിക സീറ്റുകൾ ലഭിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവക്ക് രണ്ട് സീറ്റുകൾ വീതം ലഭിച്ചു. ആന്ധ്രാപ്രദേശ്, ബീഹാർ, ഹരിയാന, കർണാടക, കേരളം, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവയ്ക്ക് ഓരോ അധിക സീറ്റ് വീതം ലഭിച്ചു.

എന്നാൽ തമിഴ്‌നാടിന്റെ പ്രാതിനിധ്യം 39ൽ തന്നെ മാറ്റമില്ലാതെ തുടർന്നു. അന്ന് ഉത്തരാഖണ്ഡ് കൂടി ഉൾപ്പെട്ടിരുന്ന ഉത്തർപ്രദേശും നിലവിലെ 85 സീറ്റുകൾ നിലനിർത്തി.

ഡി.എം.കെ നിലപാട് മാറ്റിയതിന്റെ കാരണങ്ങൾ

ഒരു തത്വമെന്ന നിലയിൽ മണ്ഡല പുനർനിർണയത്തെ തങ്ങൾ ഒരിക്കലും എതിർത്തിട്ടില്ലെന്നും, ജനസംഖ്യാ വളർച്ച വിജയകരമായി നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ ആപേക്ഷിക പ്രാതിനിധ്യം നഷ്ടപ്പെടുന്ന സംവിധാനത്തെയാണ് എക്കാലവും എതിർത്തിട്ടുള്ളതെന്നുമാണ് ഡി.എം.കെയുടെ വാദം.

നിലവിൽ ലോക്സഭാ സീറ്റുകളിൽ 39 സീറ്റുകളാണ് തമിഴ്‌നാടിനുള്ളത്. അതായത് സഭയുടെ ഏകദേശം 7.18 ശതമാനം. പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ പുനർവിതരണം നടത്തിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം അതിവേഗം കൂടുകയും തമിഴ്‌നാടിന്റെ ആപേക്ഷിക വിഹിതം കുറയുകയും ചെയ്യുമെന്ന് പാർട്ടി ഭയപ്പെട്ടിരുന്നു. പുതുക്കിയ നിർദേശപ്രകാരം സംസ്ഥാനങ്ങളിലുടനീളം മൊത്തം സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുകയും നിലവിലുള്ള ആനുപാതിക വിതരണം നിലനിർത്തുകയും ചെയ്യും. ഇത് സീറ്റുകളുടെ എണ്ണം 39ൽ നിന്ന് 59 ആയി ഉയർത്തും.തമിഴ്‌നാടിന് ഒരു നഷ്ടവുമില്ല, 7.18 ശതമാനം വിഹിതം 7.21 ശതമാനമായി ഉയരും.

പുതുക്കിയ നിർദേശം തള്ളിക്കളയുന്നത് തമിഴ്‌നാടിനെ കൂടുതൽ മോശമായ അവസ്ഥയിലാക്കിയേക്കാമെന്ന് പാർട്ടി കരുതുന്നു. ഇപ്പോഴത്തെ അവസരം നഷ്ടപ്പെടുത്തിയാൽ, സീറ്റ് വിതരണത്തിൽ ജനസംഖ്യാ വളർച്ച നിർണായക ഘടകമാകുന്ന ഭാവിയിലെ മണ്ഡല പുനർനിർണയത്തിലേക്ക് കേന്ദ്രം നീങ്ങിയേക്കാമെന്ന് സ്റ്റാലിൻ വാദിച്ചിട്ടുണ്ട്.

മണ്ഡല പുനർനിർണയത്തെ എതിർക്കുന്നതും നീതിയുക്തമായ പുനർനിർണയം ആവശ്യപ്പെടുന്നതും തമ്മിൽ വേർതിരിച്ചു കാണിക്കാനാണ് ഡി.എം.കെ ആഗ്രഹിക്കുന്നത്. ഏറ്റവും പുതിയ തീരുമാനം മുൻ നിലപാടിൽ നിന്നുള്ള പിന്മാറ്റമല്ലെന്ന് സ്ഥാപിക്കാൻ പാർട്ടി നേതൃത്വം പ്രത്യേക താൽപ്പര്യം കാണിക്കുന്നു.

Tags:    
News Summary - Big twist in delimitation in South India; DMK finally changes stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.