സഹോദരാ, നമുക്ക് ഒരുമിച്ച് പരാജയപ്പെടുത്താം; അഭിനന്ദവും അഭ്യർഥനയുമായി രാഹുൽ ഗാന്ധി: നന്ദി പറഞ്ഞ് സ്റ്റാലിൻ, നിലപാടിൽ വിട്ടുവീഴ്ചയില്ല

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മണ്ഡല പുനർനിർണയ ബില്ലിനെ പരാജയപ്പെടുത്താനുള്ള നീക്കത്തിനിടെ, ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ ഡി.എം.കെ മേധാവി എം.കെ. സ്റ്റാലിനോട് അഭ്യർഥിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സ് പോസ്റ്റിൽ സ്റ്റാലിനെ സഹോദരൻ എന്ന് അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഡി.എം.കെ വഹിക്കുന്ന പങ്കിനെ പ്രശംസിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ പ്രശംസയ്ക്ക് നന്ദി പറഞ്ഞ എം.കെ. സ്റ്റാലിൻ നിലപാട് മാറ്റാൻ തയ്യാറല്ലെന്നും വ്യക്തമാക്കി. എക്സിലാണ് ഇരുവരുടെയും പ്രതികരണം.

"മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലുകളെ എതിർക്കണമെന്ന് അഭ്യർഥിക്കാൻ ഞാനും ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കളും എം.കെ. സ്റ്റാലിനെയും ഡി.എം.കെയെയും കാണാൻ ചെന്നൈയിലേക്ക് പോകുകയാണ്. സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതാക്കും. ഇത് ഇന്ത്യയുടെ മുഴുവൻ തിരഞ്ഞെടുപ്പ് ഭൂപടവും തങ്ങൾക്ക് അനുകൂലമായി മാറ്റി വരയ്ക്കാൻ ബി.ജെ.പി-ആർ.എസ്.എസ് സഖ്യത്തിന് പരിധിയില്ലാത്ത അവസരം നൽകും. സഹോദരൻ സ്റ്റാലിൻ എപ്പോഴും തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ പാറപോലെ ഉറച്ചുനിന്നിട്ടുണ്ട്. ദേശീയ താൽപ്പര്യാർഥവും തമിഴ്‌നാടിന്റെ താൽപ്പര്യാർഥവും ഭരണഘടന സംരക്ഷിക്കുന്നതിനും നാം ഒരുമിച്ച് ഈ ബില്ലിനെ പരാജയപ്പെടുത്തണം" - രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

രാഹുൽ ഗാന്ധിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നും തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾക്ക് ഡി.എം.കെ തുടർന്നും മുൻഗണന നൽകുമെന്നും നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നുമായിരുന്നു സ്റ്റാലിന്റെ മറുപടി. "ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഡി.എം.കെ വഹിച്ച ചരിത്രപരമായ പങ്കിനെ അംഗീകരിച്ച സഹോദരൻ രാഹുൽ ഗാന്ധിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. തമിഴ്‌നാടിന്റെയും നമ്മുടെ തമിഴ് ജനതയുടെയും താൽപ്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടാണ് ഞങ്ങൾ എല്ലായ്‌പ്പോഴും ഓരോ തീരുമാനവും എടുത്തിട്ടുള്ളത്. ഈ പാതയിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല; ചരിത്രം ഞങ്ങളെ എട്ടപ്പന്മാരായല്ല, മറിച്ച് കട്ടബൊമ്മന്മാരായാണ് വിലയിരുത്തുകയെന്ന് എനിക്ക് ഉറപ്പുണ്ട്" - സ്റ്റാലിൻ എക്സിൽ എഴുതി.

ബില്ലിനെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും ഖാർഗെയ്ക്കുമൊപ്പം ചെന്നൈയിലേക്ക് പുറപ്പെടുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ അഭ്യർഥന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഇന്ന് (ഞായർ) ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായും എൻ.സി.പി (ശരദ് പവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെന്നൈയിൽ വെച്ചാണ് എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച. തുടർന്ന് രാത്രി എട്ട് മണിക്ക് മുംബൈയിൽ വെച്ച് ശരദ് പവാറുമായും നേതാക്കൾ ചർച്ച നടത്തും. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച ഡി.എം.കെയുടെയും എൻ.സി.പി (എസ്.പി)യുടെയും നിലപാടുകളിൽ പുനഃപരിശോധന ആവശ്യപ്പെടാനാണ് കോൺഗ്രസ് നേതാക്കൾ എത്തുന്നത്. കോൺഗ്രസ് മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ, എ. രേവന്ത് റെഡ്ഡി എന്നിവരും ചെന്നൈയിലേക്ക് തിരിച്ചു.

Tags:    
News Summary - Delimitation Bill- Rahul Gandhi - MK Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.