ട്രെയിൻ 2 മണിക്കൂർ മുമ്പേ പുറപ്പെട്ടു: യാത്ര മുടങ്ങിയ കുടുംബത്തിന് റെയിൽവേയും ഐ.ആർ.സി.ടി.സിയും 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മുൻകൂട്ടി അറിയിപ്പുകളൊന്നും നൽകാതെ ട്രെയിൻ നിശ്ചിത സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് പുറപ്പെട്ടതിനെ തുടർന്ന് ഗോവയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്ര മുടങ്ങിയ കുടുംബത്തിന് ടിക്കറ്റ് റീഫണ്ടും നഷ്ടപരിഹാരവും നൽകാൻ ഫിറോസ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.  നോർത്തേൺ റെയിൽവേ, കൊങ്കൺ റെയിൽവേ, ഐ.ആർ.സി.ടി.സി എന്നിവർ ചേർന്ന് ആകെ 15,620 രൂപ പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്. ടിക്കറ്റ് തുകയായ 10,620 രൂപയുടെ റീഫണ്ടും, മാനസിക ബുദ്ധിമുട്ടുകൾക്കും ഉപദ്രവത്തിനും വ്യവഹാരച്ചെലവുകൾക്കുമായി 5,000 രൂപ നഷ്ടപരിഹാരവുമാണ് ഇതിൽ ഉൾപ്പെടുന്നത്.

പുറപ്പെടുന്ന സമയത്തിലുണ്ടായ പ്രധാന മാറ്റത്തെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിൽ പരാജയപ്പെടുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കമ്മീഷൻ വിലയിരുത്തി. സ്റ്റേഷനിൽ എത്തിയ ശേഷം മാത്രം ഇത്തരം വലിയ സമയമാറ്റങ്ങൾ യാത്രക്കാർ അറിയേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. പരാതി പ്രകാരം, 2024 ജൂൺ 10ന് ഗോവയിലെ മഡ്ഗാവിൽ നിന്ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് തനിക്കും ഭാര്യക്കും മകൾക്കുമായി പരാതിക്കാരൻ മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. 10,620 രൂപയായിരുന്നു ആകെ ടിക്കറ്റ് നിരക്ക്.

ബുക്കിങ് സമയത്ത് നൽകിയ സമയത്തിനും വളരെ മുമ്പുതന്നെ കുടുംബം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ സ്റ്റേഷനിലെത്തിയപ്പോഴാണ് സമയപ്പട്ടികയിലെ മാറ്റം കാരണം ട്രെയിൻ നിശ്ചിത സമയത്തിനും രണ്ട് മണിക്കൂർ മുമ്പ് പുറപ്പെട്ടുപോയതായി അവർ അറിഞ്ഞത്. മാറ്റിയ സമയം റെയിൽവേ അധികൃതരോ ഐ.ആർ.സി.ടി.സിയോ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. വിശദീകരണത്തിനായി കുടുംബം സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചപ്പോൾ, സമയമാറ്റങ്ങളെക്കുറിച്ച് യാത്രക്കാരെ അറിയിക്കേണ്ടത് ഐ.ആർ.സി.ടി.സിയുടെ ഉത്തരവാദിത്തമാണെന്നാണ് മറുപടി ലഭിച്ചത്. വഴിയിലായ കുടുംബത്തിന് ഡൽഹിയിലെത്താൻ മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെ മൂന്ന് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടി വന്നു. ഇത് അവരുടെ യാത്രാച്ചെലവ് ഗണ്യമായി വർധിപ്പിച്ചു.

റെയിൽവേയുടെ വാദം

മൺസൂൺ, നോൺ-മൺസൂൺ എന്നിങ്ങനെ രണ്ട് വ്യത്യസ്ത സമയപ്പട്ടികകളിലാണ് ട്രെയിൻ സർവിസ് നടത്തുന്നതെന്ന് റെയിൽവേ വ്യക്തമാക്കി. എല്ലാ വർഷവും ജൂൺ 10 മുതൽ ഒക്ടോബർ 30 വരെയാണ് മൺസൂൺ സമയപ്പട്ടിക പ്രാബല്യത്തിൽ വരുന്നത്. മൺസൂൺ കാലയളവിൽ യാത്രക്കാർ തന്നെ ട്രെയിൻ സമയങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് റെയിൽവേ വാദിച്ചത്. പുതുക്കിയ സമയപ്പട്ടിക സ്റ്റേഷൻ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും, പബ്ലിക് അഡ്രസ് സിസ്റ്റം വഴി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, കൊങ്കൺ റെയിൽവേ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും റെയിൽവേ പറഞ്ഞു.

പരാതിക്കാരൻ പുതുക്കിയ സമയം പരിശോധിക്കാത്ത സ്വന്തം അശ്രദ്ധ മൂലമാണ് ട്രെയിൻ നഷ്ടപ്പെടുത്തിയതെന്നായിരുന്നു റെയിൽവേയുടെ വാദം. എന്നാൽ, തങ്ങളുടെ പങ്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്ന് ഐ.ആർ.സി.ടി.സി കമ്മീഷനെ അറിയിച്ചു. ട്രെയിൻ സർവീസുകളിലോ സമയ മാറ്റങ്ങളിലോ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് അവർ വ്യക്തമാക്കി.

കമ്മീഷന്‍റെ കണ്ടെത്തൽ

വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷം, സീസണൽ സമയപ്പട്ടിക പ്രദർശിപ്പിച്ചത് കൊണ്ടുമാത്രം കാര്യമായില്ലെന്ന റെയിൽവേയുടെ വാദം ഫിറോസ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ തള്ളി. സമയത്തിലുണ്ടാകുന്ന മാറ്റങ്ങൾ ബാധിക്കപ്പെടുന്ന യാത്രക്കാരെ വ്യക്തമായി അറിയിക്കാൻ അധികൃതർക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു.

മുൻകൂട്ടി പുറപ്പെടുന്ന വിവരം യാത്രക്കാരനെ അറിയിക്കുന്നതിൽ വന്ന വീഴ്ച സേവനത്തിലെ കുറവായി കമ്മീഷൻ കണ്ടെത്തി. അതിനാൽ നോർത്തേൺ റെയിൽവേ, കൊങ്കൺ റെയിൽവേ, ഐ.ആർ.സി.ടി.സി എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു. കെ 15,620 രൂപ പരാതിക്കാരന് നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്.

Tags:    
News Summary - compensation order for train travallers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.