2.50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അനുവദിച്ച 50 ദിവസത്തിനുള്ളില്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കുന്ന സേവിങ് അക്കൗണ്ടുകളും 12.50 ലക്ഷം രൂപ നിക്ഷേപിക്കുന്ന കറന്‍റ് അക്കൗണ്ടുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്രം. ഇത്തരം അക്കൗണ്ടുകളെക്കുറിച്ച് ബാങ്കുകളും പോസ്റ്റ് ഓഫിസുകളും ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ബുധനാഴ്ച ഇറക്കിയ ഉത്തരവില്‍ ആവശ്യപ്പെട്ടത്.

നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ മുപ്പത് വരെയുള്ള ദിവസങ്ങളില്‍ ഒറ്റ ദിവസം 50,000ത്തില്‍ കൂടുതല്‍ തുക നിക്ഷേപിച്ചവരെക്കുറിച്ചും വിവരം നല്‍കണം. 2017 ജനുവരി 31ന് മുമ്പ് ഇത്തരം സാമ്പത്തിക ഇടപാടുകളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കമെന്നാണ് ധനമന്ത്രാലയത്തിന്‍െറ നിര്‍ദേശം. ഒരാളുടെ ഒന്നോ അതിലധികമോ കറന്‍റ് അക്കൗണ്ടുകളിലാണ് 12.50 ലക്ഷം നിക്ഷേപിക്കുന്നതെങ്കില്‍ അത് സംബന്ധിച്ചും റിപ്പോര്‍ട്ട് ചെയ്യണം.

നിക്ഷേപങ്ങള്‍ സംബന്ധിച്ച് ബാങ്കുകള്‍ നല്‍കുന്ന ആനുവല്‍ ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍ സംബന്ധിച്ച റൂള്‍ ഭേദഗതി വരുത്തിയതായി മന്ത്രാലയം അറിയിച്ചു. നേരത്തേ വര്‍ഷത്തില്‍ 10 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളാണ് ബാങ്കുകള്‍ ആദായനികുതി വകുപ്പിന് നല്‍കിയിരുന്നത്.

മുന്തിയ നോട്ടുകള്‍ അസാധുവാക്കി നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 30 വരെ അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാനും ബാങ്കുകളില്‍ നിക്ഷേപിക്കാനും സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കണക്കില്ലാത്ത പണം നിക്ഷേപിക്കുന്നവരുടെ മേല്‍ ആദായനികുതി നിയമപ്രകാരം 30 ശതമാനം നികുതി, 12 ശതമാനം പലിശ, 200 ശതമാനം പിഴ എന്നിവ ചുമത്തും.

Tags:    
News Summary - CENTRAL GOVT WANT INVESMENT DEATILS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.