മന്ത്രാലയങ്ങള്‍ ഓണ്‍ലൈന്‍, ചെക്ക് പണമിടപാടിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും നല്‍കുന്നതടക്കം, സര്‍ക്കാറിന്‍െറ പണമിടപാട് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയോ ചെക്കായോ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മന്ത്രാലയങ്ങളോടും കേന്ദ്രസര്‍ക്കാര്‍ വിഭാഗങ്ങളോടും നിര്‍ദേശിച്ചു. വ്യാഴാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു. മുന്തിയ നോട്ടുകള്‍ അസാധുവാക്കിയശേഷം ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയ കണക്കില്‍പെടാത്ത നിക്ഷേപങ്ങള്‍ക്ക് 60 ശതമാനം ആദായനികുതി ചുമത്താനും തീരുമാനമുണ്ട്. 

ബാക്കിയുള്ള തുകയില്‍ പകുതി നാലുവര്‍ഷം കഴിഞ്ഞല്ലാതെ തിരിച്ചെടുക്കാന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച നിയമഭേദഗതി വൈകാതെ പാര്‍ലമെന്‍റില്‍ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്. ‘കാഷ്ലെസ്’ സംവിധാനത്തിലേക്ക്  മാറുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫിസിനെ വിവിധ മന്ത്രാലയങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കണമെന്നും നിര്‍ദേശിച്ചു.  അഴിമതി കുറക്കാനും ബിസിനസ് നടത്തിപ്പിലെ പ്രയാസം കുറക്കാനുമെന്ന പേരിലാണ് സര്‍ക്കാര്‍ ഇടപാടുകളില്‍ രൊക്കം പണം നേരിട്ടുനല്‍കുന്ന രീതി ഒഴിവാക്കുന്നത്. കഴിയുന്നത്ര ഇടപാടുകള്‍ ഓണ്‍ലൈനായും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും നടത്താന്‍ ഇതിനകം കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിവതും വേഗം പണമിടപാടുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഭക്ഷ്യ, കൃഷി മന്ത്രാലയങ്ങള്‍ പ്രത്യേക യോഗം നടത്തി. പരമാവധി ഇടപാടുകള്‍ ഓണ്‍ലൈനിലേക്കും ചെക്കിലേക്കും മാറ്റാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി രാംവിലാസ് പാസ്വാന്‍ യോഗത്തിനുശേഷം പറഞ്ഞു. ഫുഡ് കോര്‍പറേഷന്‍, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ തുടങ്ങി ഭക്ഷ്യമന്ത്രാലയത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങള്‍ ഇതിനകം നേരിട്ടുള്ള പണമിടപാട് ഒഴിവാക്കിയിട്ടുണ്ട്. 

ചലച്ചിത്ര മേളയും മങ്ങി 
പനാജി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെയും നോട്ട് നിരോധനം പിടിച്ചുലച്ചു. രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളില്‍ പകുതി മാത്രമാണ് മേളക്കത്തെിയതെന്നും നോട്ട് നിരോധനമാണ് ഇതിനു കാരണമെന്നും സംഘാടകര്‍ തന്നെ സമ്മതിക്കുന്നു. ഇക്കുറി 7500 പ്രതിനിധികളാണ് മേളയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, 4000ത്തോളം മാത്രമാണ് മേളക്കത്തെിയതെന്നും ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അമേയ അഭയങ്കാര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യുന്ന പ്രതിനിധികളില്‍ ആയിരം മുതല്‍ 1500 വരെയുള്ളവര്‍ മേളക്കത്തൊതിരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഇത്രയും ഉയര്‍ന്ന തോതില്‍ പ്രതിനിധികള്‍ വിട്ടുനില്‍ക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

റിസര്‍വ് ബാങ്ക് കൗണ്ടറില്‍നിന്ന് പഴയ നോട്ട് മാറ്റാം
അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ ബാങ്ക് കൗണ്ടറില്‍ ഇനി മാറ്റാന്‍ കഴിയില്ളെന്ന തീരുമാനത്തിന് നേരിയ തിരുത്തുമായി റിസര്‍വ് ബാങ്ക്. രാജ്യത്തെ 19 റിസര്‍വ് ബാങ്ക് എക്സ്ചേഞ്ച് കൗണ്ടറുകളില്‍ പഴയ കറന്‍സി മാറ്റാമെന്നാണ് ഇളവ്. പരമാവധി 2000 രൂപയാണ് ഒരാള്‍ക്ക് മാറ്റിയെടുക്കാന്‍ കഴിയുക. നവംബര്‍ 10 മുതല്‍ ഈ എക്സ്ചേഞ്ചുകളില്‍ അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നുണ്ട്.

Tags:    
News Summary - cashless transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.