പ്രതീകാത്മക ചിത്രം
ബിസ്കറ്റ് എടുത്തതിന് ഒഡിഷയിൽ 13 കാരനെ കടയുടമ തല്ലിക്കൊന്നു
ബുവനേശ്വർ: ഒഡിഷയിൽ ബിസ്കറ്റ് മോഷ്ടിച്ചെന്ന പേരിൽ 13 വയസുകാരനെ കടയുടമ തല്ലിക്കൊന്നു. ബലേശ്വർ ജില്ലയിലെ നിലഗിരി മേഖലയിലാണ് സംഭവം. കടയുടമ സന്തോഷ് ബെഹ്റയെയും ഇയാളുടെ മകൻ മനസ് ബെഹ്റയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ടെന്റുലിയ ഗ്രാമവാസിയായ ദിനെഷ് ബാഗ്സിങ് എന്ന ഏഴാം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കടയിൽനിന്ന് പലഹാരം വാങ്ങാനായി പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ കടക്ക് പിന്നിലുള്ള നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അനുവാദമില്ലാതെ കടയിൽനിന്ന് ബിസ്കറ്റ് എടുത്ത് കഴിച്ചെന്ന് ആരോപിച്ച് കുട്ടിയെ കടക്കുള്ളിൽ തടഞ്ഞുവെച്ച് മർദിച്ചെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. മർദനത്തിൽ പരിക്കേറ്റതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ ബന്ധു നൽകിയ പരാതിയെ തുടർന്ന് പൊലീസ് കടയിലെത്തി പൂട്ടു പൊളിച്ച് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. കുട്ടിയെ മർദിച്ചതായി കടയുടമ സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കടക്ക് പിന്നിലെ കെട്ടിടത്തിൽ ഉപേക്ഷിച്ചതിൽ കടയുടമക്കും മകനും പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
സംഭവമറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിക്കാതെ ഏകദേശം 12 മണിക്കൂറോളം നാട്ടുകാർ സമരം തുടർന്നു. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നായിരുന്നു ആവശ്യം. ജില്ലാ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.