ഡെറാഡൂൺ: ക്രിമിനൽ കേസ് പ്രതിയെ പിടികൂടാൻ നടത്തിയ വെടിവെപ്പിൽ ബി.ജെ.പി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് പൊലിസ് നേരിടേണ്ടത് കൊലപാതക കേസ്. ഖനി മാഫിയയുമായി ബന്ധമുള്ള തലക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട കുറ്റവാളി സഫറിനെ പിടികൂടാൻ മൊറാദാബാദിൽ നിന്നും പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തിയത്. പ്രതിയെ പിന്തുടരുന്ന് പിടിക്കാൻ നടത്തിയ ശ്രമിത്തിനിടെയാണ് ബി.ജെ.പി പ്രാദേശിക നേതാവ് ഗുർതജ് ഭുള്ളറിന്‍റെ ഭാര്യയും 28കാരിയുമായ ഗുർപ്രീത് കൗറിന് വെടിയേറ്റത്.
യുവതിയുടെ മരണത്തിൽ കൊലപാതകകുറ്റത്തിന് യു.പി പൊലീസിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടാണ് ഉത്തരാഖണ്ഡിലെ ജസ്പുർ ഗ്രാമത്തിൽ ഏറ്റുമുട്ടൽ നടന്നത്. ബി.ജെ.പി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രകോപിതരായ നാട്ടുകാർ യു.പി പൊലീസുകാരെ ബന്ദികളാക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം, കുറ്റവാളിയെ ഒളിപ്പിക്കാൻ ബി.ജെ.പി നേതാവ് ശ്രമിച്ചെന്നാണ് മൊറാദാബാദ് പൊലീസ് ഓഫീസർ ഹേമന്ത് കുറ്റിയാലിന്‍റെ ആരോപണം. എന്നാൽ, ആരോപണം നേതാവ് നിഷേധിച്ചു. അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതല്ലാതെ പ്രതിയെ പിടികൂടാൻ യു.പി. പൊലീസിന് കഴിഞ്ഞില്ല.
മൊറാദാബാദിന് സമീപത്ത് വെച്ചാണ് ക്രിമിനൽ കേസ് പ്രതിയെ പിടികൂടാനുള്ള യു.പി പൊലീസിന്‍റെ റെയ്ഡ് ആരംഭിച്ചത്. പിന്തുടരുന്നതിനിടെ പ്രതി ഉത്തരാഖണ്ഡ് അതിർത്തി കടന്ന് ബി.ജെ.പി നേതാവിന്‍റെ ഫാംഹൗസിൽ അഭയം തേടി. യു.പി പൊലീസ് സ്ഥലത്തെത്തിയതോടെ സംഘർഷവും വെടിവെപ്പും ആരംഭിച്ചു. ഇതിനിടെയാണ് ഗുർപ്രീത് കൗർ കൊല്ലപ്പെടുന്നത്. രണ്ട് യു.പി പൊലീസ് ഉദ്യോഗസ്ഥർക്കും വെടിയേറ്റിരുന്നു.
"ഉത്തരാഖണ്ഡിൽ റെയ്ഡിനെത്തിയ വിവരം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെയോ ലോക്കൽ പൊലീസ് സ്റ്റേഷനിലോ യു.പി പൊലീസ് അറിയിച്ചിരുന്നില്ല. സിവിലിയൻ വേഷത്തിലെത്തിയ അവരുടെ കൈവശം വാറണ്ട് ഇല്ലായിരുന്നു. ഇങ്ങനെയാണോ റെയ്ഡ് നടത്തുന്നത്? ഫാം ഹൗസിനുള്ളിലേക്ക് വെടിയുതിർത്ത പൊലീസുകാർ ഒരു നിരപരാധിയായ സ്ത്രീയെ കൊന്നതായും" ഉത്തരാഖണ്ഡിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നീലേഷ് ആനന്ദ് വ്യക്തമാക്കി.
പരിക്കേറ്റ യു.പി പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.