ചെന്നൈ:  സംഗീതപ്രേമികളുടെ അശ്രുപുഷ്പങ്ങള്‍ ഏറ്റുവാങ്ങി കര്‍ണാടക സംഗീതത്തിന്‍െറ കുലപതി ഡോ. എം. ബാലമുരളീകൃഷ്ണ (86) ഓര്‍മയായി. ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ ആരാധകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരം.
ചെന്നൈ രാധാകൃഷ്ണ ശാലയിലെ അദ്ദേഹത്തിന്‍െറ വീട്ടില്‍നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. 3.30ഓടെ സംസ്കാരം നടത്തി. നേരത്തെ നിശ്ചയിച്ചതില്‍നിന്ന്  അരമണിക്കൂര്‍ മുമ്പ് സംസ്കാരം നടത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ചടങ്ങുകള്‍ക്ക് മക്കളായ  അഭിരാം, ഡോ. സുധാകര്‍, ഡോ. വംശി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സംഗീതത്തിലെ ബഹുമുഖ പ്രതിഭയായ ഡോ. ബാലമുരളീകൃഷ്ണയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയില്‍ സംഗീതം മാറ്റിനിര്‍ത്തപ്പെട്ടു.  തമിഴ്നാട്ടില്‍ വിലാപ യാത്രകള്‍ പൊതുവെ സംഗീതത്തിന്‍െറ അകമ്പടി കാണാറുണ്ട്. ആയിരങ്ങളുടെ കണ്ണിനും കാതിനും സംഗീതത്തിന്‍െറ കുളിര്‍മഴ പകര്‍ന്ന അദ്ദേഹത്തിന്‍െറ അന്ത്യയാത്ര നിശ്ശബ്ദമായ അന്തരീക്ഷത്തിലായിരിക്കണമെന്ന് കുടുംബാംഗങ്ങളുടെ ആഗ്രഹമായിരുന്നു. മൃതദേഹം ചിതയിലേക്ക് എടുത്തുവെക്കുമ്പോള്‍ സഹപ്രവര്‍ത്തകരിലൊരാളുടെ മൊബൈലില്‍നിന്ന് അദ്ദേഹം പാടി ഹിറ്റാക്കിയ ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനം എന്തരോ..മഹാനുഭാവുലു... ഒഴുകിയത്തെി.  
വിലാപയാത്ര കടന്നുപോയ വഴികളില്‍ ഒട്ടേറെ പേരാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണാന്‍ കാത്തുനിന്നത്. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് സ്വവസതിയില്‍ ഉറക്കത്തില്‍ നിര്യാതനായ അദ്ദേഹത്തിന് സമൂഹത്തിന്‍െറ വിവിധ തുറകളിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. നടന്‍ കമല്‍ ഹാസന്‍, ഗായകന്‍ യേശുദാസ്, സംഗീത സംവിധായകരായ ഇളയരാജ, എ.ആര്‍. റഹ്മാന്‍, വിദ്യാസാഗര്‍, ജയന്‍, വൈ.ജി. മഹേന്ദ്ര, എസ്.വി. ശേഖര്‍, ബാലമുരളികൃഷ്ണയുടെ ശിഷ്യനായ ശരത്, സുധ രഘുനാഥന്‍, ഗായികമാരായ വാണി ജയറാം, സുജാത, നടി വൈജയന്തി മാല, സംസ്ഥാന മന്ത്രിമാരായ ദിണ്ഡിഗല്‍ ശ്രീനിവാസന്‍, പി. തങ്കമണി, എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ, മുന്‍ കേന്ദ്രമന്ത്രിയും ടി.എം.സി അധ്യക്ഷനുമായ ജി.കെ. വാസന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ബാലമുരളീകൃഷ്ണക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. തനിക്ക് ഗുരുനാഥനെ നഷ്ടപ്പെട്ടതായി നടന്‍ കമല്‍ ഹാസന്‍ പ്രതികരിച്ചു.  
കര്‍ണാടക സംഗീതം പഠിക്കാന്‍ അദ്ദേഹത്തിന്‍െറ വീട്ടിലത്തെിയിരുന്നത് കമല്‍ ഹാസന്‍ ഓര്‍ത്തെടുത്തു. സംഗീതലോകത്തിന് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നതായി ഗായകന്‍ യേശുദാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Tags:    
News Summary - balamuralikrishna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.