തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ‘ഫാഷിസ്റ്റ്’ ആണോ അല്ലയോ എന്ന സന്ദേഹം സി.പി.എമ്മിന് പുതിയതല്ല. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് 2016ൽ ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ഈ അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്. അന്ന് ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഈ നിലക്കുള്ള ചർച്ചക്ക് പാർട്ടിയിൽ അവസരം നൽകിയില്ല. യെച്ചൂരിയുടെ വേർപാടിനുശേഷം കോഓഡിനേറ്റർ എന്ന നിലയിൽ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയുടെ ചുമതലയിലിരിക്കെയാണ് മോദി സർക്കാറിന്റെ ഫാഷിസ്റ്റ് സ്വഭാവം വീണ്ടും ചർച്ചയാകുന്നത്.
നവ ഫാഷിസത്തില്‍ ഒരു വ്യക്തത വരുത്തണമെന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിന്റെ ഭാഗമായി പുതിയ രേഖ വന്നതാണെന്നാണ് കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ വിശദീകരിക്കുന്നത്. മോദി സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാറാണെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അത് ഫാഷിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറും. വസ്തുത വസ്തുതയായിരിക്കണം - എ.കെ. ബാലന് പറഞ്ഞു. മോദി സർക്കാറിന്റെ ഫാഷിസ്റ്റ് സ്വഭാവം സി.പി.എം സ്വമേധയാ ചർച്ചയാക്കുന്നത് ന്യൂനപക്ഷ മുസ്ലിം വോട്ടുകൾ കൈവിട്ടെന്ന് ഉറപ്പായ സാഹചര്യത്തിലെ പുതിയ അടവുനയമായാണ് എതിരാളികൾ വിലയിരുത്തുന്നത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് കേരളത്തിൽ സംഘ്പരിവാർ സ്വാധീനമുള്ള ഭൂരിപക്ഷ വോട്ടുബാങ്കിൽ കണ്ണുവെച്ചുള്ള നീക്കമാണിതെന്നാണ് അവരുടെ ആക്ഷേപം. എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ചയടക്കം സി.പി.എം - സംഘ്പരിവാർ അന്താർധാര സംബന്ധിച്ച വിവാദങ്ങളുടെ തുടർച്ചയായും അവർ ഈ ചർച്ചയെ ചൂണ്ടിക്കാട്ടുന്നു. പാർട്ടി കമ്മിറ്റികളുടെ അഭിപ്രായം അറിയാനായി നൽകിയ രേഖ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത് അംഗീകരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.