തൊഴിലിടത്തിലെ ഇഷ്ടപ്പെടാത്ത ഏതു പെരുമാറ്റവും ലൈംഗികാതിക്രമമെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: ജോലിസ്ഥലത്തെ ലൈംഗികാതിക്രമത്തിന്റെ നിർവചനത്തിന് കൂടുതൽ ‘പല്ല്’ നൽകിക്കൊണ്ട് മദ്രാസ് ഹൈകോടതി. ഇതിനു പിന്നിലെ ‘ഉദ്ദേശ്യ’ത്തെക്കാൾ പ്രധാനം ആ ‘പ്രവൃത്തി’ ആണെന്ന് ഊന്നിക്കൊണ്ടാണ് കോടതി വിധി.

ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തടയാനുള്ള (PoSH) നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന ഏതൊരു പെരുമാറ്റവും അത്തരം പ്രവൃത്തികളുടെ പിന്നിലെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.

എച്ച്.സി.എൽ ടെക്‌നോളജീസിന്റെ സർവിസ് ഡെലിവറി മാനേജരായി സേവനമനുഷ്ഠിച്ച പാർത്ഥസാരഥി എന്ന ജീവനക്കാരനെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ ജീവനക്കാർ നൽകിയ പരാതിയിന്മേൽ ആരംഭിച്ച നടപടി പ്രിൻസിപ്പൽ ലേബർ കോടതി അസാധുവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കുന്നതിനിടെയാണ് ഹൈകോടതിയുടെ നിരീക്ഷണങ്ങൾ.

പാർത്ഥസാരഥി തന്റെ ശരീരത്തിൽ സ്പർശിച്ചെന്ന് ഒരു ജീവനക്കാരി പറഞ്ഞു. അതേസമയം പാർത്ഥസാരഥി ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചതായി മ​റ്റൊരു ജീവനക്കാരി പരാതിപ്പെട്ടു. മൂന്നാമത്തെ ജീവനക്കാരിയോട് ഇയാൾ അവരുടെ ആർത്തവചക്രത്തെക്കുറിച്ചും ചോദിച്ചു.

തന്റെ ജോലിയുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങൾ ചോദിച്ചതെന്ന് പാർത്ഥസാരഥി വാദിച്ചെങ്കിലും പരാതികൾ പരിശോധിച്ച ശേഷം ഇയാൾക്കെതിരെ കമ്പനി നടപടിയെടുത്തു. രണ്ട് വർഷത്തേക്ക് ശമ്പള വർധനയും അനുബന്ധ ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനും മേൽനോട്ടമില്ലാത്ത റോളിൽ അദ്ദേഹത്തെ നിയമിക്കാനും ഐ.സി.സി ശുപാർശ ചെയ്തു. എന്നാൽ ചെന്നൈയിലെ പ്രിൻസിപ്പൽ ലേബർ കോടതി ഈ ശിപാർശകൾ റദ്ദാക്കുകയായിരുന്നു.

തുടർന്നാണ് വിഷയം ഹൈകോടതിയിൽ എത്തിയത്. ഹൈകോടതി ലേബർ കോടതിയുടെ ഉത്തരവ് റദ്ദാക്കി.

‘തൊഴിൽസ്ഥലത്ത് ഇഷ്ടപ്പെടാത്ത പെരുമാറ്റം ശല്യപ്പെടുത്തുന്നയാളുടെ ഉദ്ദേശ്യം പരിഗണിക്കാതെ തന്നെ ലൈംഗിക പീഡനമാണെ’ന്ന് ജസ്റ്റിസ് ആർ.എൻ മഞ്ജുള പറഞ്ഞു. ‘നല്ല രീതിയിൽ അല്ലാത്തപക്ഷം, അതായത് സ്ത്രീകളെ ബാധിക്കുന്ന അനഭിലഷണീയമായ പെരുമാറ്റമായി തോന്നുന്നുവെങ്കിൽ അത് ലൈംഗിക പീഡനത്തിന്റെ നിർവചനത്തിന് കീഴിലായിരിക്കുമെന്നതിൽ സംശയമില്ലെന്ന’ യു.എസ് കോടതി വിധിയും ഹൈകോടതി ഉദ്ധരിച്ചു.

വ്യത്യസ്ത ലിംഗത്തിലുള്ള ജീവനക്കാർ പരസ്പരം ഇടപഴകാൻ​ അടിസ്ഥാനപരമായി വേണ്ടത് അച്ചടക്കവും ധാരണയുമാണ്. അവിടെ മാന്യതയാണ് മാനദണ്ഡം. മാന്യതയെക്കുറിച്ച് പറയുമ്പോൾ, ഒരാൾ ഉള്ളിൽ ചിന്തിക്കുന്നതല്ല മറിച്ച് അയാൾ എങ്ങനെ പെരുമാറുന്നു എന്നതാണ് -ജസ്റ്റിസ് മഞ്ജുള പറഞ്ഞു.

Tags:    
News Summary - Any inappropriate act with woman is sexual harassment, says Madras HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.