പഹാടി വിഭാഗത്തിന് പട്ടികവർഗ സംവരണം നടപ്പാക്കും; കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അമിത് ഷാ

ശ്രീനഗര്‍: കശ്മീരിലെ പഹാടി വിഭാഗത്തിന് പട്ടികവര്‍ഗ സംവരണം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് പട്ടികവര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് രാജൗരിയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണം നടപ്പായാൽ രാജ്യത്ത് ഭാഷയുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന് ലഭിക്കുന്ന ആദ്യ സംവരണമാകും. തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് പാർട്ടി സ്വാധീനം ശക്തിപ്പെടുത്താനാണ് ബി.ജെ.പിയുടെ നീക്കം. സംവരണം നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വേഷന്‍ നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്തും. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ചുമതലപ്പെടുത്തിയ കമീഷന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.

കേന്ദ്രം നിയോഗിച്ച ജി.ഡി. ശർമ കമീഷൻ റിപ്പോർട്ടിൽ ഗുജ്ജർ, ബകർവാൾ, പഹാടി വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും ഉടൻ നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് ഇവിടെ ഇത്തരം സംവരണം സാധ്യമാക്കിയത്. ദലിത്, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, പഹാടി എന്നിവര്‍ക്കെല്ലാം അവരുടെ അവകാശങ്ങള്‍ ലഭിക്കുമെന്നും ഷാ പറഞ്ഞു.

ഇവിടെ ഭരിച്ചിരുന്ന മൂന്ന് കുടുംബങ്ങളുടെ പിടിയിൽനിന്ന് ജമ്മു കശ്മീരിനെ മോചിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. സംവരണം നൽകുകയും പഹാടികളെയും ഗുജ്ജർമാരെയും ശാക്തീകരിക്കുകയും ചെയ്ത നരേന്ദ്ര മോദിയെ ശക്തിപ്പെടുത്തണമെന്നും ഷാ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Amit Shah Announces A Quota In Kashmir Which Is A First For India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.