ന്യൂയോര്‍ക്: സമാധാനത്തിന് മുഖ്യഭീഷണി ഭീകരതയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. പാവങ്ങളാണ് ഭീകരതയുടെ ഇരകളെന്നും സമാധാനം കൂടാതെ അഭിവൃദ്ധി കൈവരിക്കുക ലോകത്തിന് അസാധ്യമാണെന്നും ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ പറഞ്ഞു.

സമ്മേളനത്തിന്‍െറ ഭാഗമായി ‘വികസനത്തിനുള്ള അവകാശം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനുള്ള അവകാശം എന്നത് ഉന്നതവും അനിവാര്യവുമായ ലക്ഷ്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, അത് ഉറപ്പുവരുത്താന്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

ആഗോളീകരണം സജീവമായ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചവ്യാധി, അഭയാര്‍ഥിപ്രവാഹം, സാമ്പത്തിക ഞെരുക്കം, അവശ്യവസ്തുക്കളുടെ വിലവര്‍ധന എന്നീ വെല്ലുവിളികളും ഉയര്‍ത്തിയിട്ടുണ്ട്. ഭക്ഷണം, പാര്‍പ്പിടം, സാമ്പത്തിക സുരക്ഷിതത്വം എന്നിവ മൗലികാവകാശങ്ങളാണ്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവക്കായി രാജ്യങ്ങള്‍ അവരുടെ കഴിവിന്‍െറ പരമാവധി ചെയ്യുന്നുണ്ട്. ലോകത്ത് ജനാധിപത്യവും സന്തുലിതത്വവും ഉറപ്പുവരുത്തുന്നതില്‍ വികസിതരാജ്യങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും എം.ജെ. അക്ബര്‍ പറഞ്ഞു.

ബലൂചികള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍െറ ഐക്യദാര്‍ഢ്യം

 പാകിസ്താനിലെ ബലൂച് ജനവിഭാഗങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്‍റിന്‍െറ ഐക്യദാര്‍ഢ്യം. ബലൂചിസ്താന്‍ മേഖലയിലെ സൈനികാക്രമണങ്ങളും മറ്റും അവസാനിപ്പിക്കണമെന്നും ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും പാര്‍ലമെന്‍റ് വൈസ് പ്രസിഡന്‍റ് റിസാര്‍ഡ് സാര്‍നെക്കി മുന്നറിയിപ്പ് നല്‍കി. പാക് ഭരണകൂടത്തെ നിയന്ത്രിക്കുന്നത് സൈന്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.