‘സ്റ്റാര്‍ട്ട് അപ്’ എല്ലാ മേഖലയിലും –പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അടുത്ത രണ്ടു വര്‍ഷത്തിനകം രാജ്യത്തെ പകുതി കര്‍ഷകരെയും കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ആരംഭിച്ച സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി വിവര സാങ്കേതിക വിദ്യ (ഐ.ടി) മേഖലയിലുള്ളവര്‍ക്ക് മാത്രമല്ളെന്നും എല്ലാ മേഖലക്കുംകൂടിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 ആകാശവാണിയില്‍ തന്‍െറ 16ാമത്തെ ‘മന്‍ കീ ബാത്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന എന്ന കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി കര്‍ഷകര്‍ക്കുള്ള തന്‍െറ സര്‍ക്കാറിന്‍െറ ഏറ്റവും വലിയ സമ്മാനമാണെന്ന് മോദി അവകാശപ്പെട്ടു.

കുറെ കാലമായി രാജ്യത്ത് വിള ഇന്‍ഷുറന്‍സ് സംബന്ധിച്ച് സംസാരമുണ്ട്. എന്നാല്‍, ഒരിക്കലും 25 ശതമാനത്തിനപ്പുറം കര്‍ഷകര്‍ക്ക് അതിന്‍െറ ഗുണം ലഭിച്ചിട്ടില്ല. എന്നാല്‍, ഇത്തവണ പ്രീമിയം തുക കുറച്ചും സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചും നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. ഖാരിഫ് വിളകളുടെ പ്രീമിയം രണ്ടു ശതമാനവും റാബി വിളകളുടേത് ഒന്നര ശതമാനവുമാണ്. അടുത്തു തുടങ്ങിയ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി യുവജനങ്ങള്‍ക്ക് വലിയ അവസരമാണ്. ഐ.ടി മേഖലയിലുള്ള സംരംഭങ്ങള്‍ക്ക് മാത്രമായി അതിനെ പരിമിതപ്പെടുത്തിയിട്ടില്ല. സിക്കിമില്‍ ഐ.ഐ.എം ബിരുദധാരികള്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭം ഇതിന്‍െറ ഉദാഹരണമാണ്.

ഇന്ത്യയുടെ സംസ്കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഖാദിയെ പുല്‍കാന്‍ ജനങ്ങളോട് മോദി അഭ്യര്‍ഥിച്ചു. മഹാത്മാ ഗാന്ധിയുടെ പിന്തുടര്‍ച്ചയായി പോരുന്ന ഖാദിക്ക് കോടിക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധ്യമാകും. എല്ലാ വര്‍ഷവും ജനുവരി 30ന്, രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ അനുസ്മരിച്ച്  രാവിലെ 11ന് രണ്ട് മിനിറ്റ് നേരം മൗനമാചരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനംചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.