പെല്ലറ്റ് തറച്ച് കശ്മീരില്‍ വീണ്ടും മരണം

ശ്രീനഗര്‍: പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെട്ടു. പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റ 18കാരന്‍ ശക്കീല്‍ അഹ്മദ് ഗനായ് ആണ് മരിച്ചത്. നെഞ്ചില്‍ പെല്ലറ്റുകളേറ്റ നിലയില്‍ യുവാവിനെ പുല്‍വാമ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. രജ്പൊര ഭാഗത്തെ നികാസ് അറബലിലാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഇതോടെ കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി ഉയര്‍ന്നു.
അതിനിടെ  കര്‍ഫ്യൂ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനക്കുശേഷം ഓള്‍ഡ് സിറ്റിയിലെ ഈദ്ഗാഹ് മൈതാനിയിലേക്ക് വിഘടനവാദികള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനാലാണ് കര്‍ഫ്യു വ്യാപിപ്പിച്ചത്.  

ശ്രീനഗര്‍, പുല്‍വാമ ജില്ലകളിലും തെക്കന്‍ കശ്മീരിലെ ഷോപിയാന്‍, അനന്ത്നാഗ് ടൗണ്‍ എന്നിവിടങ്ങളിലുമാണ് നിയന്ത്രണം കര്‍ശനമാക്കിയത്.   വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനിയെയും മിര്‍വാഈസ് ഉമര്‍ ഫാറൂഖിനെയും കസ്റ്റഡിയിലെടുത്ത് മാര്‍ച്ച് നടത്താനുള്ള ഇവരുടെ നീക്കം സുരക്ഷാസേന തടഞ്ഞു.

വടക്കന്‍ കശ്മീരിലെ ബാരാമുല്ല, പട്ടാന്‍, ഹന്ദ്വാര പട്ടണങ്ങളും കര്‍ഫ്യുവിലാണ്്. താഴ്വരയിലാകെ ജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ്  ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതു മുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കശ്മീരില്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. ജൂലൈ എട്ടിനാണ് വാനി കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 67 പേര്‍ കൊല്ലപ്പെട്ടതുകൂടാതെ  നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ, വിഘടനവാദികള്‍ സമരാഹ്വാനം സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.