വിനോദയാത്രയ്ക്കിടെ കൂടെക്കൂടിയത്​ രാജവെമ്പാല; 200 കിലോമീറ്റർ നാടുചുറ്റിയശേഷം ഒടുവിൽ പിടിയിൽ

കൊല്ലം: വിനോദയാത്രയ്ക്കിടെ കാറിന്റെ ബോണറ്റിലേക്ക് കയറിയ രാജവെമ്പാലയെ 36 മണിക്കൂറിനുശേഷം പിടികൂടി. കാറിനുള്ളിലിരുന്ന് 200 കിലോമീറ്റർ നാടുചുറ്റിയശേഷമാണ് രാജവെമ്പാലയെ കണ്ടെത്താനായത്​. കൊല്ലം ശാസ്താംകോട്ട ആനയടി തീർത്ഥത്തിൽ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് പാമ്പ്​ കയറിക്കൂടിയത്​. ഗവി യാത്രയ്ക്കിടെ ആറടി വലിപ്പമുള്ള രാജവെമ്പാലയാണ്​ കാറിൽ കടന്നത്. ഒന്നര ദിവസങ്ങൾക്കുശേഷം ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെയാണ് വാവ സുരേഷിന്റെ നേതൃത്വത്തിൽ പാമ്പിനെ പുറത്തെടുത്തത്.

ഞായറാഴ്ചയായിരുന്നു മനുരാജിന്‍റേയും കുടുംബത്തിന്‍റേയും ഗവി യാത്ര. ആങ്ങാമൂഴി ചെക്പോസ്റ്റ് കഴിഞ്ഞ് നാല്​ കിലോമീറ്റർ പിന്നിട്ടപ്പോഴാണ് റോഡരികിൽ പാമ്പിനെ കണ്ടത്. മൊബൈലിൽ ചിത്രം പകർത്തി സാവധാനം വാഹനമോടിക്കുന്നതിനിടയിൽ വെട്ടിത്തിരിഞ്ഞ പാമ്പ് വാഹനത്തിനടിയിലേക്ക് കയറുന്നതാണ് കണ്ടത്. നിർത്തിയെങ്കിലും പിന്നെ പാമ്പിനെ കാണാതെവന്നത് ആശങ്കയായി. പാമ്പ് പോയിരിക്കാമെന്ന പ്രതീക്ഷയിൽ യാത്ര തുടർന്നു.

ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോൾ ഒരു നായ കാറിന്റെ ബോണറ്റിനുമുന്നിൽ മണംപിടിച്ചു നിൽക്കുന്നതും ഭയന്നതുപോലെ പെരുമാറുന്നതും ശ്രദ്ധയിൽപെട്ടു. ഇതോടെ പാമ്പ് ഉള്ളിലുണ്ടാകുമെന്ന സംശയം ബലപ്പെട്ടു. യാത്രയ്ക്കിടെ പെരിയാർ കടുവാ സങ്കേതത്തിലെ ചെക്പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് സംശയം പങ്കിട്ടു. അവർ വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. പാമ്പ് ഉള്ളിലുണ്ടാകാൻ സാധ്യതയില്ലെന്നും കയറിയിരുന്നെങ്കിൽത്തന്നെ വാഹനം നിർത്തിയപ്പോൾ ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നും അവർ പറഞ്ഞു.

യാത്രകഴിഞ്ഞ് വീട്ടിലെത്തി വാഹനം മുറ്റത്തുതന്നെയിട്ടു. രാത്രി സി.സി.ടി.വിയിൽ കാർ നിരീക്ഷിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. രാവിലെ വളർത്തുനായ ബാബർ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്ന് കുരയ്ക്കാൻ തുടങ്ങി. ഈ അനുഭവം മനുരാജ് ‘കേരളത്തിലെ പാമ്പുകൾ’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പങ്കുവെച്ചു. പാമ്പ് കാറിനുള്ളിൽത്തന്നെയുണ്ടാകുമെന്ന അഭിപ്രായക്കാരായിരുന്നു പ്രതികരിച്ചവരിൽ ഭൂരിപക്ഷവും. പിന്നീട് വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു.

പാമ്പ് വാഹനത്തിനുള്ളിലുണ്ടെന്നറിഞ്ഞതോടെ മെക്കാനിക്കുകൾ വാഹനം തുറക്കാൻ മടിച്ചു. ഒടുവിൽ രണ്ടുപേരെത്തി. തിങ്കളാഴ്ച രാത്രി 9.30ഓടെ വാവസുരേഷും സ്ഥലത്ത്​ എത്തി. ബോണറ്റ് തുറന്ന് ഏറെനേരം പരതിയിട്ടും പാമ്പിനെ കാണാതെവന്നതോടെ നായയെ കൊണ്ടുവന്നു. നായ മണത്തിടത്ത് പരിശോധിച്ചപ്പോൾ പാമ്പ് അവിടെയുണ്ട്. പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളോളം നീണ്ടു.

വാഹനഭാഗങ്ങൾ ശരിയായി ഇളക്കാൻ ആളില്ലാതെവന്നതും രക്ഷാപ്രവർത്തനം വൈകിച്ചു. ഒടുവിൽ ചൊവ്വാഴ്ച പുലർച്ചെ 3.20ഓടെയാണ് പാമ്പിനെ പിടികൂടിയത്. ടയറിന്റെ മുകളിലുള്ള പ്ലാസ്റ്റികിന്റെയും ബോഡിയുടെയും ഗ്യാപ്പിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്​. അല്പം ഗ്രീസ് പറ്റിയെന്നല്ലാതെ പാമ്പിന്​ കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. ഉള്ളിൽ കടന്ന ശേഷം പാമ്പ്​ പലതവണ സ്ഥലം മാറി ഇരുന്നിട്ടുണ്ടാകുമെന്നാണ്​ വനംവകുപ്പ്​ ഉദ്യോഗസ്ഥർ പറയുന്നത്​. പാമ്പിനെ വനംവകുപ്പിന് കൈമാറി.

Tags:    
News Summary - king cobra hidden inside the car of a gavi tourist from kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.