ജി.പി.എസ്​

വഴി തെറ്റിയാലും ഗൂഗിൾ മാപ്പിന് പരിഭവമില്ല!

‘നാടോടിക്കാറ്റി’ൽ ഗൾഫിലേക്ക് പോകാൻ ഇറങ്ങിയ ദാസനും വിജയനും ചെന്നൈയിൽ എത്തിപ്പെട്ട കഥ മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്നതായിരുന്നു. യാത്ര തുടങ്ങുമ്പോൾ മനസിലുള്ള ലക്ഷ്യവും വഴിയിൽ എത്തിപ്പെടുന്ന സ്ഥലവും തമ്മിൽ ചിലപ്പോൾ വലിയ വ്യത്യാസമുണ്ടാകാം! അന്ന് ദാസനും വിജയനും നേരിടേണ്ടിവന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വഴിയറിയാത്തതും വഴി പറഞ്ഞുതരാൻ കൃത്യമായ സംവിധാനമില്ലാത്തതുമായിരുന്നു. അപരിചിതമായ വഴികളിലൂടെ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ ചെന്നൈയിൽ എത്തിപ്പെട്ട ആ യാത്ര ഇന്നായിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയും സാഹസികമാകുമായിരുന്നില്ല! സിനിമയും കഥയും റിയാലിറ്റിയും വേറെവേറെയാണ്​. അതുകൊണ്ടുതന്നെ കഥയിൽ ചോദ്യമില്ല, സങ്കൽപ്പങ്ങളില്ല. നമുക്ക്​ റിയാലിറ്റിയിലേക്ക്​ വരാം.

കാറിൽ യാത്ര ചെയ്യുമ്പോൾ ഗൂഗിൾ മാപ്പ് ഓൺ ചെയ്ത് പോകുന്നവരാണോ നിങ്ങൾ? പരിചയമില്ലാത്ത സ്ഥലമാണെങ്കിൽ മാപ്പ് പറയുന്ന വഴിയിലൂടെ കണ്ണുംപൂട്ടി പോകും. എന്നാൽ ചിലപ്പോൾ ഒരു തിരിവ് ശ്രദ്ധിക്കാതെ മുന്നോട്ടുപോകും. അല്ലെങ്കിൽ തിരക്കുള്ള റോഡ് ഒഴിവാക്കാൻ മറ്റൊരു വഴിയിലേക്ക് കയറും. അപ്പോഴാണ് രസകരമായ ഒരു കാര്യം സംഭവിക്കുന്നത്. നമ്മൾ വഴി തെറ്റിയെന്ന് തിരിച്ചറിയുന്നതിന് പിന്നാലെ മാപ്പ് പുതിയൊരു വഴി കാണിച്ചുതുടങ്ങും!

നമ്മൾ പോയ വഴിയെക്കുറിച്ച് മാപ്പ് പരാതിപ്പെടില്ല. പഴയ വഴിയിലേക്ക് തിരിച്ചുപോകാൻ നിർബന്ധിക്കുകയുമില്ല. പകരം, നമ്മൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള മറ്റൊരു വഴി കണ്ടെത്തും. സെക്കൻഡുകൾക്കുള്ളിൽ നടക്കുന്ന ഈ മാറ്റത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ചീത്ത വിളിക്കാത്ത കൂട്ടുകാരനായി, നമ്മളെത്ര തെറ്റിച്ചാലും റീറൂട്ട്​ അടിച്ച്​ സഹായിച്ചുകൊണ്ടേയിരിക്കും.ഇത് വെറുമൊരു ജി.പി.എസ് സംവിധാനത്തിന്റെ മാജിക്കല്ല. ഉപഗ്രഹങ്ങൾ, ഡിജിറ്റൽ മാപ്പുകൾ, ലൊക്കേഷൻ വിവരങ്ങൾ, സങ്കീർണമായ കംപ്യൂട്ടർ കണക്കുകൂട്ടലുകൾ എന്നിവ ഒരുമിച്ച് പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയാണിത്.

ജി.പി.എസ് എങ്ങനെയാണ് നമ്മുടെ സ്ഥാനം കണ്ടെത്തുന്നത്?

നമ്മുടെ ഫോണിലെ ജി.പി.എസ് സംവിധാനം ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഫോണിന് ലഭിക്കുന്ന ഈ സിഗ്നലുകളുടെ അടിസ്ഥാനത്തിൽ നമ്മൾ എവിടെയാണെന്ന് കണക്കാക്കുന്നു.അതായത്, കാർ ഏത് റോഡിലാണ്, ഏകദേശം എത്ര വേഗത്തിലാണ് നീങ്ങുന്നത്, ഏത് ദിശയിലേക്കാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ ഫോണിന് കഴിയും. എന്നാൽ ജി.പി.എസ് നൽകുന്ന സ്ഥാനം മാത്രം നോക്കിയല്ല മാപ്പ് പ്രവർത്തിക്കുന്നത്. ആ സ്ഥാനം ഡിജിറ്റൽ റോഡ് മാപ്പിലെ വഴികളുമായി താരതമ്യം ചെയ്താണ് വാഹനം സഞ്ചരിക്കുന്ന റോഡ് ഏതെന്ന് കണ്ടെത്തുന്നത്.ഈ പ്രക്രിയയ്ക്ക് സാങ്കേതികമായി പറയുന്ന പേരാണ് 'മാപ്പ് മാച്ചിങ്'. ലളിതമായി പറഞ്ഞാൽ, ഫോണിന് ലഭിക്കുന്ന ലൊക്കേഷൻ വിവരങ്ങളെ മാപ്പിലെ യഥാർഥ റോഡുമായി ഒത്തുനോക്കുകയാണ് ഇവിടെ ചെയ്യുന്നത്. പുതിയ വാഹനങ്ങളിൽ ഫോണിന്​ പകരം കാറിന്‍റെ സ്ക്രീനിൽ തന്നെയാണ്​ ജി.പി.എസ്​ പ്രവർത്തിക്കുന്നത്​.

വഴി തെറ്റിയെന്ന് മാപ്പ് എങ്ങനെ തിരിച്ചറിയുന്നു?

നമ്മൾ യാത്ര തുടങ്ങുമ്പോൾ തന്നെ മാപ്പ് ലക്ഷ്യസ്ഥാനത്തേക്കുള്ള ഒരു റൂട്ട് തയ്യാറാക്കും. യാത്രയ്ക്കിടെ ലഭിക്കുന്ന പുതിയ ലൊക്കേഷൻ വിവരങ്ങൾ ഈ റൂട്ടുമായി തുടർച്ചയായി താരതമ്യം ചെയ്തുകൊണ്ടിരിക്കും. ഉദാഹരണത്തിന്, ഇടത്തോട്ട് തിരിയാനാണ് മാപ്പ് നിർദേശിച്ചത് എന്ന് കരുതുക. എന്നാൽ നമ്മൾ ആ തിരിവ് ശ്രദ്ധിക്കാതെ നേരെ പോയി. അപ്പോൾ പുതിയ ലൊക്കേഷൻ പഴയ റൂട്ടുമായി പൊരുത്തപ്പെടുന്നില്ലെന്ന് സിസ്റ്റം തിരിച്ചറിയും.

ഇതോടെ നമ്മൾ പഴയ വഴിയിൽനിന്ന് മാറിയെന്ന് മനസ്സിലാക്കി പുതിയ റൂട്ട് കണക്കാക്കും. ഇപ്പോഴുള്ള സ്ഥാനത്തുനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ കഴിയുന്ന മറ്റൊരു വഴി കണ്ടെത്തി സ്ക്രീനിൽ കാണിക്കും. ഇതാണ് 'ഓട്ടോമാറ്റിക് റീറൂട്ടിങ്'.രസകരമായ കാര്യം, നമ്മൾ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെങ്കിൽ പഴയ വഴിയിലേക്ക് തന്നെ മടങ്ങണമെന്ന് മാപ്പിന് നിർബന്ധമില്ല എന്നതാണ്. പുതിയ വഴി കൂടുതൽ പ്രായോഗികമാണെങ്കിൽ അതും നിർദേശിക്കാം.നമ്മൾ വഴി മാറിയെന്ന് തിരിച്ചറിഞ്ഞാൽ മാപ്പ് അടുത്തുള്ള ഏതെങ്കിലും റോഡ് തിരഞ്ഞെടുത്ത് കാണിക്കുകയല്ല ചെയ്യുന്നത്. ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സാധിക്കുന്ന നിരവധി സാധ്യതകൾ പരിശോധിച്ചാണ് പുതിയ വഴി കണ്ടെത്തുന്നത്.

  • ഇപ്പോൾ വാഹനം നിൽക്കുന്നതോ സഞ്ചരിക്കുന്നതോ ആയ സ്ഥലം.
  • ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം.
  • റോഡുകളുടെ ബന്ധവും ദിശയും.
  • വൺവേ നിയന്ത്രണങ്ങളും റോഡിലെ മറ്റ് നിയന്ത്രണങ്ങളും.
  • ലഭ്യമാണെങ്കിൽ തത്സമയ ഗതാഗത വിവരങ്ങൾ.
  • യാത്രയ്ക്ക് പ്രതീക്ഷിക്കുന്ന സമയം.

ഇതിൽ ഏറ്റവും രസകരമായത് ട്രാഫിക് വിവരങ്ങളുടെ ഉപയോഗമാണ്. ഒരു റോഡിൽ വലിയ ഗതാഗതക്കുരുക്കുണ്ടെങ്കിൽ മറ്റൊരു വഴിയിലൂടെ വേഗത്തിൽ എത്താൻ കഴിയുമോ എന്നും മാപ്പ് പരിശോധിക്കും. അതായത്, നമ്മൾ വഴി തെറ്റുമ്പോൾ മാത്രമല്ല, യാത്ര ചെയ്യുന്ന വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായാലും മറ്റൊരു റൂട്ട് നിർദേശിക്കാൻ സംവിധാനത്തിന് കഴിയും.

നമ്മൾ റോഡ് മാറിയിട്ടും മാപ്പ് തിരിച്ചറിയാതെ പോകുമോ?

എല്ലാ സമയത്തും ജി.പി.എസ് കൃത്യമായ സ്ഥാനം നൽകണമെന്നില്ല. ഉയരം കൂടിയ കെട്ടിടങ്ങൾക്കിടയിലൂടെ പോകുമ്പോഴും മേൽപ്പാലങ്ങൾക്കും അടിപ്പാതകൾക്കും സമീപത്തും സിഗ്നലുകൾക്ക് തടസ്സമുണ്ടാകാം. സമാന്തരമായി പോകുന്ന രണ്ട് റോഡുകളുണ്ടെങ്കിൽ വാഹനം ഏത് റോഡിലാണെന്ന് തിരിച്ചറിയുന്നതിലും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാകാം.ഇത്തരം സാഹചര്യങ്ങളിൽ മാപ്പിലെ നീല ലൊക്കേഷൻ അടയാളം തെറ്റായ റോഡിൽ കാണപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ജി.പി.എസ് വിവരങ്ങൾക്കൊപ്പം റോഡിന്റെ ദിശ, വാഹനത്തിന്റെ ചലനം, ലഭ്യമായ മറ്റ് സെൻസർ വിവരങ്ങൾ എന്നിവയും സംവിധാനങ്ങൾ പരിഗണിക്കുന്നത്.

ഇന്റർനെറ്റ് ഇല്ലെങ്കിൽ ഈ മാജിക് നടക്കുമോ?

ഇവിടെയും ചെറിയൊരു വ്യത്യാസമുണ്ട്. ജി.പി.എസിലൂടെ സ്ഥാനം കണ്ടെത്തുന്നതിന് മൊബൈൽ ഇന്റർനെറ്റ് നിർബന്ധമല്ല. എന്നാൽ ഗൂഗിൾ മാപ്പിലെ തത്സമയ ട്രാഫിക് വിവരങ്ങൾ, റോഡ് തടസ്സങ്ങൾ, പുതിയ റൂട്ട് വിവരങ്ങൾ തുടങ്ങിയവ ലഭിക്കാൻ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമായി വരാം.യാത്ര ചെയ്യേണ്ട പ്രദേശത്തിന്റെ മാപ്പ് നേരത്തെ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും ആ പ്രദേശത്ത് ഡ്രൈവിങ് ദിശകൾ ലഭിച്ചേക്കാം. എന്നാൽ തത്സമയ ട്രാഫിക് വിവരങ്ങളും ഓൺലൈൻ റൂട്ട് അപ്‌ഡേറ്റുകളും ലഭിക്കില്ല.

വഴി തെറ്റിയാലും ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള മിടുക്ക്!

നമ്മൾ ശ്രദ്ധിക്കാതെ ഒരു തിരിവ് വിട്ടുപോയാൽ മാപ്പ് വീണ്ടും കണക്കുകൂട്ടും. പരിചയമില്ലാത്ത നഗരത്തിൽ തെറ്റായ റോഡിലേക്ക് കയറിയാലും ലക്ഷ്യസ്ഥാനത്തേക്കുള്ള പുതിയ വഴി കണ്ടെത്താൻ ശ്രമിക്കും. ഇതെല്ലാം നടക്കുന്നത് വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്.യഥാർഥത്തിൽ ഗൂഗിൾ മാപ്പിന്റെ ഈ കഴിവിന് പിന്നിൽ ഉപഗ്രഹങ്ങളിൽ നിന്നുള്ള ലൊക്കേഷൻ വിവരങ്ങൾ, ഡിജിറ്റൽ റോഡ് മാപ്പ്, മാപ്പ് മാച്ചിങ്, റൂട്ട് കണക്കുകൂട്ടൽ, തത്സമയ ട്രാഫിക് വിവരങ്ങൾ എന്നിവയെല്ലാം ചേർന്നുള്ള സങ്കീർണമായ സാങ്കേതിക സംവിധാനമാണുള്ളത്​.'അയാൾ കഥയെഴുതുകയാണ്' സിനിമയിലെ സാഗർ കോട്ടപ്പുറത്തെ ഓർമയില്ലേ? വഴി അറിയില്ലെങ്കിലും ഒരു കൂസലുമില്ലാതെ, "നമുക്ക് ചോദിച്ചു ചോദിച്ചു പോകാം... നമുക്ക് ചോദിച്ചു ചോദിച്ചു ചോദിച്ചു പോകാം" എന്ന് പറയുന്ന ആ കഥാപാത്രം ഇന്നായിരുന്നെങ്കിൽ ഒരുപക്ഷേ ഗൂഗിൾ മാപ്പിനെയാകും ആദ്യം കൂട്ടുപിടിക്കുക! എത്ര തവണ വഴിമാറിയാലും പരിഭവമില്ല, വഴക്കുമില്ല. വീണ്ടും പുതിയ റൂട്ട് കാണിച്ചുതരും. സാഗർ കോട്ടപ്പുറത്തിന്റെ ആ ഡയലോഗ് കടമെടുത്താൽ, ഇന്നത്തെ യാത്രകളിൽ നമുക്ക് ചോദിച്ചു ചോദിച്ചു പോകേണ്ട... ഗൂഗിൾ മാപ്പ് പറഞ്ഞുപറഞ്ഞ് പൊയ്ക്കോളും! എന്നിട്ടും ചില അവസരങ്ങളിൽ പുഴയുടെ കരയിലും തോട്ടിലും കുളത്തിലും വഴിയില്ലാത്തയിടത്തുമൊക്കെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും, പക്ഷേ അതിനുപിന്നിൽ മനുഷ്യന്‍റെ കയ്യിലിരിപ്പു​ണ്ടെന്ന്​ ആരും സമ്മതിക്കില്ല എന്നതാണ്​ രസകരമായ വസ്തുത! മാപ്പ് കാണിക്കുന്ന വഴിയിലൂടെ കണ്ണുംപൂട്ടി പോയിട്ട് വഴിതെറ്റിയാൽ മുഴുവൻ ഉത്തരവാദിത്തവും മാപ്പിന് നൽകാനാകില്ല. ചിലപ്പോഴൊക്കെ നമ്മുടെ തീരുമാനങ്ങളും അതിന് കാരണമാകാറുണ്ട്, മാപ്പ്​ ചീത്ത വിളിക്കുകയോ പരിഭവിക്കുകയോ ചെയ്യില്ലാത്തതുകൊണ്ട്​ എന്തുമാകാമ​ല്ലോ!

Tags:    
News Summary - How Google Maps Finds a New Route When You Miss a Turn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.