‘സോഷ്യൽ സ്‌മോക്കിങ്’ സുരക്ഷിതമല്ല; ഒരു സിഗരറ്റായാലും ഹൃദയത്തിന് കടുത്ത ഭീഷണി

ലഖ്‌നോ: സുഹൃത്തുക്കളോടൊപ്പമുള്ള ഒത്തുചേരലുകളിലും ആഘോഷവേളകളിലും മാത്രം പുകവലിക്കുന്ന 'സോഷ്യൽ സ്‌മോക്കിങ്' (Social Smoking) ശീലം വലിയ ആരോഗ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. ദിവസവും പുകവലിക്കാത്തതിനാൽ തങ്ങൾ സുരക്ഷിതരാണെന്നും പുകവലിക്ക് അടിമകളല്ലെന്നുമുള്ള യുവാക്കളുടെ പൊതുവായ ധാരണ തികച്ചും തെറ്റാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുകവലിയുടെ അളവ് കുറവാണെങ്കിൽ അപകടസാധ്യതയും കുറവായിരിക്കുമെന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്ന് ലഖ്‌നോ റീജൻസി ഹെൽത്തിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. ഡി.പി. സിങ് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (BMJ) പ്രസിദ്ധീകരിച്ച പഠനത്തെ ഉദ്ധരിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: "ദിവസം 20 സിഗരറ്റ് വലിക്കുന്ന ഒരാളെ അപേക്ഷിച്ച് ഒരു സിഗരറ്റ് മാത്രം വലിക്കുന്നയാൾക്ക് 5% റിസ്ക് മാത്രമേയുള്ളൂ എന്നത് തെറ്റാണ്. പുകവലിക്കാത്തവരെ അപേക്ഷിച്ച് ദിവസം ഒരു സിഗരറ്റ് മാത്രം വലിക്കുന്നവർക്ക് പോലും ഹൃദ്രോഗം വരാൻ 50 ശതമാനവും സ്ട്രോക്ക് വരാൻ 30 ശതമാനവും അധിക സാധ്യതയുണ്ട്."

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ചെറിയ അളവിലുള്ള പുകയില ഉപയോഗം പോലും ധമനികളിൽ ഗുരുതരമായ വീക്കം (Inflammation) ഉണ്ടാക്കാൻ കാരണമാകും. പുകവലിക്കുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ ശരീരത്തിലെത്തുന്ന നിക്കോട്ടിൻ രക്തസമ്മർദം വർധിപ്പിക്കുകയും ഹൃദയമിടിപ്പ് അസ്വാഭാവികമാക്കുകയും ചെയ്യുന്നു. പുകയിലയിലെ രാസവസ്തുക്കൾ രക്തത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു. ഇത് ഹൃദയത്തിനും ശ്വാസകോശത്തിനും അമിത ജോലിഭാരമുണ്ടാക്കുന്നു.

മലിനീകരണം രൂക്ഷമായ ഇന്ത്യൻ നഗരങ്ങളിൽ കഴിയുന്നവർ പുകവലിക്കുക കൂടി ചെയ്യുമ്പോൾ ശ്വാസകോശത്തിന് ഇരട്ടി ആഘാതമാണ് നേരിടേണ്ടി വരുന്നത്. അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളും പുകയിലെ വിഷാംശങ്ങളും ചേരുമ്പോൾ ശ്വാസകോശത്തിന്റെ പ്രതിരോധശേഷി തകരുന്നു. ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, മറ്റ് ശ്വാസകോശ അണുബാധകൾ എന്നിവ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം കാൻസർ രോഗികളിൽ 27 ശതമാനവും പുകയില ഉപയോഗം മൂലം രോഗബാധിതരായവരാണ്. സിഗരറ്റ്, ബിഡി, ഹുക്ക അല്ലെങ്കിൽ പുകയില ഉൽപ്പന്നങ്ങൾ ഏത് രൂപത്തിൽ ഉപയോഗിച്ചാലും അത് സുരക്ഷിതമല്ല. പുകയിലയിൽ അടങ്ങിയിരിക്കുന്ന 7000ലധികം രാസവസ്തുക്കളിൽ നൂറോളം എണ്ണം കാൻസറിന് കാരണമാകുന്നവയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പുകവലി കുറക്കുന്നത് കൊണ്ട് മാത്രം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാകില്ല. പുകവലി പൂർണ്ണമായും നിർത്തിയാൽ മാത്രമേ ശരീരം സ്വാഭാവികമായ വീണ്ടെടുപ്പ് ആരംഭിക്കുകയുള്ളൂ. പുകവലി നിർത്തി 24 മണിക്കൂറിനുള്ളിൽ തന്നെ ഹൃദയാഘാത സാധ്യത കുറഞ്ഞുതുടങ്ങും. ദീർഘകാല ആരോഗ്യ സംരക്ഷണത്തിനായി ഒരാൾക്ക് എടുക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക എന്നതാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു.

Tags:    
News Summary - Why That Habit May Be More Dangerous Than You Think

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.