കോംഗോയെ വിറപ്പിച്ച് എബോള; ഒരാഴ്ചക്കിടെ രോഗബാധിതർ 750ലേക്ക്, മരണം 177 ആയി ഉയർന്നു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന എബോള രോഗബാധ രാജ്യത്തിന് വളരെ ഉയർന്ന ഭീഷണിയുയർത്തുന്നതായി ലോകാരോഗ്യ സംഘടന. ഇപ്പോൾ രോഗബാധിതരുടേതെന്ന് സംശയിക്കുന്നവരുടെ എണ്ണം 750നോട് അടുക്കുകയും മരണസംഖ്യ 177 ആകുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം അതിവേഗത്തിലാണെന്നും നിലവിലെ സാഹചര്യം തീർത്തും ആശങ്കാജനകമാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

ഇതുവരെ വാക്സിനുകളോ ഫലപ്രദമായ ചികിത്സകളോ കണ്ടെത്തിയിട്ടില്ലാത്ത ബുണ്ടിബുഗ്യോ എന്ന എബോള വകഭേദമാണ് ഇപ്പോൾ കോംഗോയിൽ പടരുന്നത്. രോഗബാധിതരില്‍ ഭൂരിഭാഗവും കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ്. രോഗവ്യാപനം തടയാൻ കർശനമായ നിയന്ത്രണങ്ങളോടെ വേണം മൃതദേഹങ്ങൾ സംസ്കരിക്കാൻ. എന്നാൽ, ഇതിനെച്ചൊല്ലിയുള്ള പ്രാദേശിക തർക്കങ്ങളെ തുടർന്ന് ഇട്ടൂരി പ്രവിശ്യയിലെ റാംപാരയിലുള്ള ആശുപത്രിക്ക് പുറത്ത് മെഡിക്കൽ സംഘം സജ്ജീകരിച്ചിരുന്ന തമ്പുകൾക്കും മെഡിക്കൽ സാമഗ്രികൾക്കും ഒരു കൂട്ടം ആളുകൾ തീയിട്ടു. ആശുപത്രിയിൽ മരിച്ച നാട്ടുകാരന്റെ മൃതദേഹം വിട്ടുനൽകാത്തതിലുള്ള ജനക്കൂട്ടത്തിന്റെ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്.

പുറത്തുനിന്നുള്ള അധികാരികളോട് പ്രാദേശിക ജനങ്ങൾക്കുള്ള കടുത്ത അവിശ്വാസമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതെന്ന് ഡോ. ടെഡ്രോസ് ചൂണ്ടിക്കാട്ടി. ബാധിത പ്രദേശങ്ങളിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകരുടെ കുറവും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതുമാണ് കോംഗോയിലെ പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

മുൻവർഷങ്ങളിൽ ഉണ്ടായ ഫണ്ട് വെട്ടിക്കുറക്കൽ കാരണം കോൺടാക്റ്റ് ട്രേസിങ് ഉൾപ്പെടെയുള്ള ജോലികൾക്ക് ആളില്ലാത്ത അവസ്ഥയാണെന്ന് കെയർ ഇന്റർനാഷണൽ, ആക്ഷൻ എഗെയ്ൻസ്റ്റ് ഹംഗർ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ വ്യക്തമാക്കുന്നു.

അതേസമയം, കേസുകളുടെ എണ്ണം ഉയരുന്നത് രോഗം കൂടുതൽ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുന്നത് കൊണ്ടാകാമെന്നും അധികൃതർ വിലയിരുത്തുന്നുണ്ട്. കൂടാതെ ബുണ്ടിബുഗ്യോ വകഭേദം ബാധിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് രോഗം വരുന്നത് തടയാൻ 'ഒബെൽഡെസിവിർ' എന്ന ആന്‍റിവൈറൽ മരുന്നിന് സാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ബാധിത പ്രദേശങ്ങളിൽ ഇതിന്റെ പരീക്ഷണങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Suspected Ebola cases triple in a week as WHO warns of rapid spread in DRC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.