ഡാർട്ട്മത്ത് സർവകലാശാലയിലെ ഗവേഷകനും രോഗിയും ചേർന്ന് AI സഹായത്തോടെ തയ്യാറാക്കിയ ചിത്രം

മനുഷ്യരുടെ മുഖത്ത് പൂച്ചയുടെ കണ്ണുകൾ! ശസ്‌ത്രക്രിയക്കുശേഷം യുവാവിന്റെ കാഴ്ചയിൽ വിചിത്ര മാറ്റം

വാഷിങ്ടൺ: അമേരിക്കയിൽ മസ്തിഷ്ക ശസ്ത്രക്രിയക്കുശേഷം 28കാരന് അപൂർവമായ നാഡീസംബന്ധ രോഗാവസ്ഥ. മുന്നിൽ കാണുന്ന മനുഷ്യരുടെയെല്ലാം കണ്ണുകൾ പൂച്ചയുടേത് പോലെ കാണുന്ന അപൂർവ രോഗമാണ് 28 കാരനായ കാൾ എന്ന യുവാവിന് പിടിപെട്ടത്. ലോകത്ത് വളരെ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ അവസ്ഥ മെഡിക്കൽ രംഗത്ത് വലിയ ശ്രദ്ധ നേടുകയാണ്.

രാവിലെ ആദ്യം കാഴ്ചയിൽപ്പെടുന്നത് യുവാവിന്റെ വളർത്തുപൂച്ചയായ ലൂണയാണെങ്കിൽ അന്ന് കാണുന്ന മനുഷ്യരുടെ മുഖങ്ങളിൽ പൂച്ചയുടെ സവിശേഷതകൾ തെളിയും. രാവിലെ ആദ്യം കാണുന്നത് മനുഷ്യരെയാണെങ്കിൽ പൂച്ചയുടെ മുഖത്ത് മനുഷ്യരുടെ കണ്ണുകളും മറ്റു സവിഷേതകളും പ്രത്യക്ഷപ്പെടുന്നതായി തോന്നും. ചിലപ്പോൾ ഈ കാഴ്ച മണിക്കൂറുകളോളമോ അല്ലെങ്കിൽ ദിവസം മുഴുവനോ നിലനിൽക്കും.

മുഖങ്ങൾ തിരിച്ചറിയാനുള്ള കഴിവിനെ ബാധിക്കുന്ന അപൂർവ നാഡീസംബന്ധമായ രോഗാവസ്ഥയാണ് ഇയാൾക്കുള്ളതെന്ന് ഗവേഷകർ കണ്ടെത്തി. മസ്തിഷ്കത്തിലെ അസാധാരണമായ രക്തക്കുഴൽക്കൂട്ടം നീക്കം ചെയ്യുന്നതിനായി വലതുഭാഗത്തെ ടെംപറൽ ലോബിൽ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെയാണ് കാളിന്റെ കാഴ്ചയിൽ മാറ്റങ്ങളുണ്ടായത്. മുഖങ്ങൾ തിരിച്ചറിയുന്നതിൽ നിർണായക പങ്കുവഹിക്കുന്ന തലച്ചോറിന്റെ ഭാഗമാണിത്. ഏകദേശം രണ്ടുവർഷമായി ഇയാൾക്ക് ഈ അനുഭവം തുടരുന്നു.

'പ്രോസോപോമെറ്റാമോർഫോപ്സിയ' എന്നാണ് ഈ കാഴ്ചാവൈകല്യത്തിന്റെ പേര്. മനുഷ്യരുടെ മുഖങ്ങൾ വികൃതമായോ രൂപമാറ്റം സംഭവിച്ചോ കാണപ്പെടുന്ന അവസ്ഥയാണിത്. കണ്ണുകൾക്ക് വലുപ്പവ്യത്യാസം തോന്നുക, മുഖത്തിന്റെ ആകൃതി മാറുക, ചർമത്തിന്റെ നിറത്തിലും ഘടനയിലും വ്യത്യാസം അനുഭവപ്പെടുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. കാളിന്റെ കാര്യത്തിൽ 'പാലിനോപ്സിയ' എന്ന പ്രതിഭാസവും ഇതിന് കാരണമാകുന്നുണ്ട്. നേരത്തേ കണ്ട ഒരു ദൃശ്യത്തിന്റെ സവിശേഷതകൾ പിന്നീട് കാണുന്ന ദൃശ്യങ്ങളിലും വീണ്ടും പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. തലച്ചോറിൽ മുന്നേ ഫീഡ് ചെയ്യപ്പെട്ട പരിചിത മുഖങ്ങളുടെ ഓർമകൾ വീണ്ടും സജീവമാകുകയും ഇപ്പോൾ കാണുന്ന മുഖങ്ങളുമായി കൂടിക്കലരുകയും ചെയ്യുന്നതാകാം ഇതിന് പിന്നിലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ഡാർട്ട്മൗത്ത് കോളജിലെ ഗവേഷകർ കാളിന്റെ കാഴ്ചകൾ മറ്റുള്ളവർക്ക് കൂടി അനുഭവിക്കുന്നതിന് വേണ്ടി എ ഐയുടെ സഹായത്തോടെ കാഴ്ചകളുടെ ചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. സമാനമായ മുഖവൈകല്യങ്ങൾ അനുഭവിക്കുന്ന 250ലേറെ പേരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഗവേഷണ സംഘം വ്യക്തമാക്കി.

Tags:    
News Summary - Rare Brain Surgery Side Effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.