അമിതവണ്ണത്തിനുള്ള മരുന്നുകളിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ; കുറിപ്പടിയില്ലാതെ വിൽക്കുന്നവർക്കെതിരെ കർശന നടപടി

ന്യൂഡൽഹി: അമിതവണ്ണവും പ്രമേഹവും കുറക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന 'ജി.എൽ.പി-1' (GLP-1) വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ ദുരുപയോഗം തടയാൻ കർശന മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്ന ഫാർമസികൾക്കും ക്ലിനിക്കുകൾക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമെതിരെ നടപടി സ്വീകരിക്കാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ഉത്തരവിട്ടു.

എൻഡോക്രൈനോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് എന്നിവർക്ക് മാത്രമേ ഈ മരുന്നുകൾ നിർദേശിക്കാൻ അനുവാദമുള്ളൂ. അനുമതിയില്ലാതെ മരുന്നുകൾ വിൽക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. പിഴയും നിയമനടപടികളും നേരിടേണ്ടി വരും. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ നൽകാൻ പാടില്ല. ഫാർമസികളിലും വെയർഹൗസുകളിലും സംസ്ഥാന ഡ്രഗ് കൺട്രോളർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തും.

ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറക്കാനും ഉപയോഗിക്കുന്ന മരുന്നുകളാണ് ജി.എൽ.പി-1 മരുന്നുകൾ.  ശരീരത്തിൽ ആഹാരം കഴിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഹോർമോണാണ് Glucagon-Like Peptide-1. ഈ ഹോർമോണിനെ അനുകരിച്ചാണ് ഈ മരുന്നുകൾ പ്രവർത്തിക്കുന്നത്. വിശപ്പ് കുറക്കാനും വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കാനും സഹായിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. സെമാഗ്ലൂറ്റൈഡ് (Semaglutide), ലിറാഗ്ലൂറ്റൈഡ് (Liraglutide), ടിർസെപാറ്റൈഡ് (Tirzepatide) തുടങ്ങിയ പേരുകളിലാണ് ഇവ വിപണിയിലുള്ളത്. ശരീരത്തിലെ ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കാനും വിശപ്പ് കുറക്കാനും ഈ മരുന്നുകൾ സഹായിക്കുന്നു.

ഡോക്ടറുടെ മേൽനോട്ടമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഛർദ്ദി, വയറിളക്കം, തലകറക്കം, വിശപ്പില്ലായ്മ എന്നിവ സാധാരണ ലക്ഷ്ണങ്ങളാണ്. പാൻക്രിയാറ്റിസ് (പാൻക്രിയാസിലെ വീക്കം), വൃക്കരോഗങ്ങൾ, തൈറോയ്ഡ് കാൻസർ, പിത്തസഞ്ചിയിലെ രോഗങ്ങൾ എന്നീ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവാം. മിക്കവരിലും കഠിനമായ ഓക്കാനം, ഛർദ്ദി, മലബന്ധം എന്നിവ കാണപ്പെടുന്നു. ചിലരിൽ ആമാശയത്തിന്റെ ചലനം പൂർണ്ണമായും നിലച്ചുപോകുന്ന (Gastroparesis) അവസ്ഥയുണ്ടാകാം. പെട്ടെന്ന് തടി കുറയുന്നത് മൂലം മുഖത്തെ കൊഴുപ്പ് നഷ്ടപ്പെട്ട് ചർമം തൂങ്ങുന്ന അവസ്ഥക്കും ഇത് കാരണമാകാം. ഗർഭിണികൾ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ ശരീരഭാരം കുറക്കാനായി ഇത്തരം മരുന്നുകൾ (പ്രത്യേകിച്ച് Ozempic, Wegovy തുടങ്ങിയ ബ്രാൻഡുകൾ) ഉപയോഗിക്കുന്നു എന്ന വാർത്തകൾ വന്നതോടെയാണ് ഇവക്ക് ആഗോളതലത്തിൽ വൻ പ്രചാരം ലഭിച്ചത്. ഇന്ത്യയിലും സമാനമായ രീതിയിൽ കുറുക്കുവഴിയിലൂടെ തടി കുറക്കാൻ പലരും ഡോക്ടറുടെ നിർദേശമില്ലാതെ ഈ മരുന്നുകൾ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയതാണ് ഇപ്പോൾ കർശന നിയന്ത്രണത്തിന് കാരണമായത്.

Tags:    
News Summary - Govt cracks down on GLP-1 drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.