ഉറക്കമില്ലായ്മ അമിതഭാരത്തിന് കാരണമാകുമെന്ന് പഠനം

ഉറക്കമില്ലായ്മ കൗമാരക്കാരിൽ അമിതഭാരത്തിന് കാരണമാകുമെന്ന് പഠന റിപ്പോർട്ട്. എട്ടുമണിക്കൂർ ഉറങ്ങുന്ന സമപ്രയക്കാരെക്കാളും ഉറക്കക്കുറവുള്ള കൗമാരക്കാർക്ക് അമിതവണ്ണം ഉണ്ടാവനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. അമിത ഭാരത്തിന് പുറമെ ഉയർന്ന രക്തസമ്മർദം, രക്തത്തിലെ കൊളസ്ട്രോൾ, ഷുഗർ നിലകളിലെ അസന്തുലിതാവസ്ഥ എന്നിവക്കും ഉറക്കക്കുറവ് കാരണമാകുന്നു. സ്പാനിഷ് നാഷണൽ സെന്റർ ഫോർ കാർഡിയോവാസ്കുലർ റിസർച്ചിലെ ഗവേഷകനായ ജീസസ് മാർട്ടിനെസ് ഗോമസ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 12മുതൽ 16വരെയുള്ള കൗമാരക്കാരുടെ ഉറക്കത്തിന്‍റെ ദൈർഘ്യം വിശകലനം ചെയ്താണ് പഠന റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

പഠനം അനുസരിച്ച് മിക്ക കൗമാരപ്രായക്കാർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല , ഇത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകുന്നു. ഉറക്കക്കുറവ് ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ഗവേഷകൻ ജീസസ് മാർട്ടിനെസ് ഗോമസ് പറയുന്നു. ഉറക്കമില്ലായ്മയും കൗമാരക്കാരിൽ വർധിച്ചു വരുന്ന സ്ക്രീൻ ടൈമും തമ്മിൽ ബന്ധമുണ്ടോ എന്നും പഠനം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നന്നായി ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നും കൗമാരക്കാരിൽ നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല ഉറക്കത്തിനായി കൗമാരക്കാരെ ബോധവാൻമാരാക്കാൻ രക്ഷിതാക്കൾ മുന്നിട്ടിറങ്ങണമെന്നും സ്‌ക്രീൻ സമയം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിന്‍റെ നിർദേശമനുസരിച്ച് 6 മുതൽ 12 വയസ്സുവരെയുള്ളവർക്ക് രാത്രി 9 മുതൽ 12 മണിക്കൂറും 13 മുതൽ 18 വയസ്സുവരെയുള്ളവർക്ക് 8 മുതൽ 10 മണിക്കൂറും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ബോഡി മാസ്സ് ഇൻഡക്സ് അനുസരിച്ചാണ് അമിതഭാരം കണക്കാക്കുന്നത്. ഗവേഷണത്തിൽ പങ്കെടുത്ത 12വയസുള്ള കുട്ടികളിൽ 34ശതമാനം പേരും എട്ട് മണിക്കൂറിന് താഴെയാണ് ഉറങ്ങുന്നത്. എന്നാൽ 14, 16 വയസുള്ളവരിൽ ഇത് യഥാക്രമം 23 ശതമാനം, 19 ശതമാനം ആയി കുറയുന്നുണ്ട്. കൂടുതൽ സമയം ഉറങ്ങുന്ന കൗമാരക്കാരിൽ ഭൂരിഭാഗം ആളുകൾക്കും നല്ല ഉറക്കമാണ് ലഭിക്കുന്നതെന്നും ഉറക്കത്തിനിടയിൽ ഉണരുന്നത് കുറവാണെന്നും പഠനത്തിൽ പറയുന്നു. 

Tags:    
News Summary - Lack of sleep might lead to overweight, obesity: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.