2025ഓടെ അഞ്ചിലൊന്നു യുവാക്കളും പൊണ്ണത്തടിയന്മാരാകുമെന്ന് പഠനം


ലണ്ടന്‍: 2025 ഓടെ ലോകത്ത് അഞ്ചിലൊന്നു യുവാക്കള്‍ പൊണ്ണത്തടിയന്മാരാകുമെന്ന് പഠനം. ആരോഗ്യ മേഖലയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ട് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്ത് ഇപ്പോള്‍ തൂക്കം കുറഞ്ഞവരെക്കാള്‍ കൂടുതലുള്ളത് പൊണ്ണത്തടിയന്മാരാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകരാണ് പഠനം നടത്തിയത്. രണ്ട് കോടി സ്ത്രീപുരുഷന്മാരുടെ ശരീരഭാരസൂചിക (ബോഡി മാസ് ഇന്‍ഡക്സ്) താരതമ്യം ചെയ്ത് നടത്തിയ ഗവേഷണത്തിലാണ്  കണ്ടത്തെല്‍. 2025ഓടെ ലോകത്താകമാനം 18 ശതമാനം പുരുഷന്മാരും 21 ശതമാനം സ്ത്രീകളും പൊണ്ണത്തടിക്കാരാവുമെന്നാണ് പറയുന്നത്.
 പുരുഷന്മാരില്‍ മൂന്നിരട്ടിയും   സ്ത്രീകളില്‍  രണ്ടിരട്ടിയുമായാണ് പൊണ്ണത്തടി വര്‍ധിച്ചത്.  പത്തിലൊന്ന് പുരുഷന്മാരും ഏഴിലൊന്ന് സ്ത്രീകളും അമിതഭാരത്താല്‍ വീര്‍പ്പുമുട്ടുകയാണ്.
1975 മുതല്‍ 2014 വരെയുള്ള കാലത്ത് 200ഓളം രാജ്യങ്ങളിലെ  ആളുകളിലാണ് പഠനം നടത്തിയത്. ആളുകളുടെ ജീവനുതന്നെ ഭീഷണിയാവുന്ന തരത്തില്‍ ഭാരം അമിതമായി വര്‍ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഇംപീരിയല്‍ കോളജിലെ പ്രഫ. മജീദ് എസാത്തി പറഞ്ഞു.
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടക്ക് പുരുഷന്മാരുടെ ശരാശരി ശരീരഭാരസൂചിക 21.7ല്‍നിന്ന് 24.2 ആയി മാറിയെന്നും, സ്ത്രീകളുടേത് 22.1ല്‍നിന്ന് 24.4 ആയി മാറിയെന്നും പഠനത്തിലുണ്ട്. ആസ്ട്രേലിയ, കാനഡ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, യു.എസ് തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് പൊണ്ണത്തടിയന്മാരുടെ എണ്ണം കൂടുതലുള്ളത്. പോളിനേഷ്യ, മൈക്രോനേഷ്യ എന്നീ ദ്വീപ് രാഷ്ട്രങ്ങളിലാണ് ശരീരഭാരം കൂടിയവരുള്ളത്. ഇന്ത്യയിലും ബംഗ്ളാദേശിലും പകുതിയിലേറെ സ്ത്രീകളും  ഭാരക്കുറവുള്ളവരാണ്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.